Mathew Jinto Muriankary അച്ചൻ എഴുതുന്നു.
ഒരത്ഭുതമൊക്കെ ആഗ്രഹിക്കാത്തവരായി ആരുണ്ട്?
കുറിച്ചി മൈനർ സെമിനാരിയിൽ പഠിക്കുന്ന കാലത്ത് ഡോർമിറ്ററിയിലെ ക്യൂബിക്കളിലാണ് ഉറങ്ങിയിരുന്നത്. ഓരോ ബാച്ചിനും ഓരോ ഡോർമിറ്ററി. വലിയ മരിയ ഭക്തനായ ഒരു ബാച്ച്മേറ്റായിരുന്നു എന്റെ ക്യൂബിക്കിളിന്റെ എതിർ വശത്തു താമസിച്ചിരുന്നത്. നിദ്രയ്ക്ക്മുൻപ്, ദീർഘനേരം മുട്ടുകുത്തി കണ്ണുകളടച്ച് പ്രാർത്ഥന ചൊല്ലി എനിക്ക് തന്നെ മാതൃകയായ ഒരു വ്യക്തി. എന്നാൽ, പ്രാർത്ഥനാവേളയിൽ ഓരോ അഞ്ചു മിനിട്ടും ഇടവിട്ട്, കണ്ണുകൾ തുറന്നു, മാതാവിന്റെ കൊച്ചുരൂപത്തിലേക്ക് നോക്കുന്ന ഒരു പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്ഃ “മാതാവെല്ലോം പ്രത്യക്ഷപ്പെട്ടോന്നു നോക്കുന്നതാണ്….”
ഒരു അത്ഭുതമൊക്കെ ആഗ്രഹിക്കാത്തവരായി നമ്മുടെ ഇടയിൽ ആരുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തികളെ അടുത്തു കാണാനും സംസാരിക്കാനും കിട്ടുന്നത് നല്ല കാര്യമല്ലെ? അതുകൊണ്ടായിരിക്കാം, കഴിഞ്ഞ ദിവസം ലോകം മുഴുവൻ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പ്രാർത്ഥനയിൽ ആയിരുന്ന സമയം, വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിന്റെ മുകളിൽ, നീലാകശത്ത്, മേഘങ്ങൾക്കിടയിൽ മാതാവിന്റെ രൂപം ദർശിച്ചുവെന്ന് ഒരു വ്യക്തി അവകാശപ്പെട്ടതും അത് വൈറലാക്കിയതും…പിന്നെ ഫോട്ടോഷോപ്പിൽ അവഗാഹം നേടിയവരുടെ ഊഴമായി… അതിൽ ചിലർ ഫാത്തിമാ മാതാവിനെയും, ചിലർ ഗ്വാദാലൂപയിലെ മാതാവിനെയും, മറ്റുചിലർ ലൂർദ്ദ് മാതാവിനെയും യഥേഷ്ടം വെട്ടിയൊട്ടിച്ച് സൈഡോക്കെ ബ്ലർ ചെയ്ത് നല്ല കളർഫുൾ ആക്കി. പിന്നെ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നു വേണ്ട സകലമാനം സോഷ്യൽ മീഡിയകളിലും ഈ ചിത്രങ്ങൾ പരക്കാൻ നിമിഷങ്ങളെ വേണ്ടി വന്നുളളു. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായ വി.കുർബാനയുടെ മുമ്പിൽ ഫ്രാൻസിസ് മാർപാപ്പ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
വിശ്വാസവും പ്രാർത്ഥനയും ക്രിസ്തീയജീവിതത്തിലെ അഭിവാജ്യ ഘടകങ്ങളാണ്. പ്രാർത്ഥനയെകുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് പലപ്പോഴും കടന്നുവരുന്ന ചിത്രം, മൊബൈൽ ഫോണിന്റെ വരവോടെ നമ്മുടെയൊക്കെ വീടുകളിലെ ഏതോ കോണിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ലാൻഡ് ഫോണിനെയാണ്…കാരണം പ്രാർത്ഥന ഒരു ലാൻഡ് ഫോൺ കോൾ പോലെയാണ്…അങ്ങേ തലപ്പത്തുളള വ്യക്തിയെ കാണുന്നില്ലെങ്കിലും അവിടെ ഒരു വ്യക്തിയുണ്ട്, എന്നെ ശ്രവിക്കുന്നുണ്ട്, എന്നോട് സംസാരിക്കുന്നുണ്ട് എന്നൊരു വിശ്വാസം ആ സംഭാഷണത്തിലുടെനീളമുണ്ട്. കാണപ്പെടാത്ത ദൈവവുമായുളള ഒരു സ്നേഹസംഭാഷണമാണല്ലോ പ്രാർത്ഥന.. “വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്”(ഹെബ്രായർ 11/1). ചുരുക്കത്തിൽ പറഞ്ഞാൽ, മറുവശത്ത് ദൈവവും മാതാവും വിശുദ്ധരും നമ്മുടെ സംഭാഷണം കേൾക്കുന്നുണ്ട് എന്ന വിശ്വാസം പ്രാർത്ഥനയിൽ അത്യന്താപേക്ഷികമാണ്.
എന്നാൽ, ഇപ്പോൾ പലരും പ്രാർത്ഥന സ്കൈപ്പ് വീഡിയോകോളും വാട്ട്സ്ആപ്പ്കോളും പോലെയാകണം എന്ന് നിർബന്ധം പിടിക്കുകയാണ്… മറുവശത്ത് ഉളള വ്യക്തി പ്രത്യക്ഷപ്പെടണം… ഫേസ് കാണിക്കണം, അല്ലെങ്കിൽ ദർശനം നൽകണം എന്നൊക്കെയുളള വല്ലാത്തൊരു നിർബന്ധം ഉളളതുപോലെ. ഇങ്ങനെ ശാഠ്യം പിടിച്ച തോമ്മാശ്ലീഹായോട് ഈശോ പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ…”നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു, കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” (യോഹന്നാൻ 20/29).
നമ്മുടെ വിശ്വാസത്തെ കൂടുതൽ സ്ഥിരപ്പെടുത്താനും ലോകത്തിന് ചില മുന്നറിയിപ്പുകൾ നൽകാനും ദൈവം തിരുമനസ്സായി ചില അത്ഭുതങ്ങൾ ഈ ലോകത്തിൽ നടന്നിട്ടുണ്ട്. ഫാത്തിമായിലും ലൂർദ്ദിലുമൊക്കെ നടന്ന അത്ഭുതങ്ങൾ ഇതിനുദാഹരണങ്ങളാണ്. എന്നാൽ, വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും, പ്രാർത്ഥനകൾക്കും, വിചിന്തനങ്ങൾക്കുംശേഷമാണല്ലോ ഓരോ കാലഘട്ടത്തിലെയും മാർപാപ്പമാർ അവയെല്ലാം ഔദ്യോഗികമായി അംഗീകരിച്ചത്.
സഭയുടെ വിശ്വാസത്തിനും സാമാന്യയുക്തിക്കും നിരക്കാത്ത -‘അത്ഭുതങ്ങളെ’ക്കുറിച്ചുളള വാർത്തകൾ ഒരുപക്ഷേ, സഭാവിരുദ്ധരുടെയും സാത്താൻസേവക്കാരുടെയും കുടിലതന്ത്രങ്ങളുടെ ഭാഗമായിരിക്കാം! അത്തരം വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചതിനുശേഷം, സഭയെ ആക്രമിക്കാനും വിശ്വാസത്തെ താഴ്ത്തികെട്ടാനും അവർതന്നെ പിന്നീട് അവ ഉപയോഗിച്ചേക്കാം! ഈ വസ്തുത തിരിച്ചറിഞ്ഞ്, വിശ്വാസികൾ കൂടുതൽ ജാഗരൂകരായിരിക്കേണ്ട സമയമാണിത്.
സാമൂഹ്യമാധ്യമങ്ങളിലെ ഭക്തഗ്രൂപ്പുകളിൽ അംഗമാകുന്നതിനു മുൻപേ അവയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.
കൂടാതെ, സാമൂഹ്യമാധ്യമങ്ങളിലെ ‘അത്ഭുതങ്ങളുടെ’ പിറകെ പോകാതെ തിരുസ്സഭാമാതാവ് അംഗീകരിച്ച അത്ഭുതങ്ങളെ സ്വീകരിക്കുകയും പഠനങ്ങളെ ഉൾകൊളളുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. വ്യാജവാർത്തകൾക്ക് പകരം സഭയുടെ ഔദ്യോഗികപഠനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടുതൽ പ്രചരിപ്പിക്കുവാനും ശ്രദ്ധിക്കാം.
✍Fr.Mathew (jinto) Muriankary

Leave a comment