വിലക്കയറ്റത്തെക്കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കൊറോണാക്കാലത്തെ ഒരു ദിനചര്യയായി മാറിയിരിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ അമിതവിലയ്ക്കു വില്ക്കരുതെന്നു മുഖ്യമന്ത്രി ആവർത്തിച്ചു ആവശ്യപ്പെട്ടിരിക്കുന്നു. അതിനു തുനിഞ്ഞാൽ നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഒത്തിരി നന്മകളുള്ള മലയാളിയുടെ മനസ്സിന്റെ ഏതോ ചില കോണുകളിലേക്ക് ഇനിയും ഒത്തിരി വെട്ടം കടക്കേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലാണിത്.
പെട്ടെന്നു മനസ്സിലേക്ക് ഓടി വന്നത് മറ്റൊരു സംഭവമാണ്. കുമരകം ബോട്ടപകടമാണത്. കോട്ടയം മെഡിക്കൽ കോളേജിൽ അന്നു പോയ ഓർമ്മയാണ്. അവിടെയെങ്ങും ഹൃദയഭേദകമായ കാഴ്ചയാരിരുന്നു. മരണത്തിന്റെ കനത്ത കരിമ്പടത്തിനുള്ളിൽ മരവിച്ചു നില്ക്കുന്ന മനുഷ്യർ…താമരപ്പൂവുപോലെ വാടിത്തളർന്ന മൃതശരീരങ്ങൾ പോസ്റ്റുമോർട്ടം നടത്തുന്നതിനായി നിരത്തി കിടത്തിയിരിക്കുന്നു,… ഇടയ്ക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകുമ്പോൾ അത് ഏറ്റു വാങ്ങുന്നവരുടെ ഹൃദയം പൊട്ടിയുള്ള വിലാപങ്ങൾ… ഒരു പറ്റം ആളുകൾ ഒരോ ആംബുലൻസിനൊപ്പവും പുറത്തേക്ക് ഒഴുകി നീങ്ങുന്നു…
ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്നാണ് ഒരു ബഹളം കേട്ടത്. നോക്കുമ്പോൾ ഒരു മനുഷ്യനെ കുറച്ചുപേർകൂടി ബലമായി പിടിച്ചു നിർത്തിയിരിക്കുന്നു. അയാൾ ആരുടെയോ പോക്കറ്റടിച്ചപ്പോൾ കൈയ്യോടെ പിടികൂടിയതാണ്! പോലീസെത്തി അയാളെ പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുപോയി.
മനുഷ്യമനസ്സുകൾ മുഴുവൻ വിറങ്ങലിച്ചു നില്ക്കുമ്പോഴും മറ്റൊരാളുടെ പോക്കറ്റിനെ മാത്രം കാണുന്ന പോക്കറ്റടിക്കാരന്റെ മനസ്സ് കയ്പുരസം നിറഞ്ഞ ഒരു ഓർമ്മയായി ഉള്ളിൽ തളംകെട്ടി നില്ക്കുന്നു. നമ്മിൽനിന്നും മാറേണ്ടത് ഈ പോക്കറ്റടിക്കാരന്റെ മനസ്സാണ്. വിലക്കയറ്റം കുറയ്ക്കുകയെന്നാൽ മനസ്സിലെ ആർത്തിക്കു കടിഞ്ഞാണിടുക എന്നുതന്നെയാണ്. അമിതവിലയെക്കുറിച്ചു മുഖ്യമന്ത്രിക്കു ഇനിയും ആവർത്തിച്ചു പറയേണ്ട അവസ്ഥയ്ക്കു ഇടംകൊടുക്കാതിരിക്കാൻ മലയാളിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു. മനുഷ്യരാശി മുഴുവൻ അതിജീവനത്തിനുവേണ്ടിയുള്ള അനിതരസാധാരണമായ പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ മനസ്സറിഞ്ഞു സഹായിക്കാനുള്ള കരുണയുടെ പുതുനാമ്പുകൾ പിറവിയെടുക്കണം. വിശ്വകവി ടി. എസ്. എലിയട്ട് വേയ്സ്റ്റ് ലാൻഡിൽ പാടുന്നത് വളരെ ശ്രദ്ധേയമാണ്: മനുഷ്യന്റെ കർമ്മഫലം കൊണ്ട് ഊഷരമായ ഭൂമിയിൽ ഇനി ജീവന്റെ തുടിതാളം ഉണരുന്നതും വളരുന്നതും കൊടുക്കലിലാണ്, പങ്കുവയ്ക്കലിലാണ് !
ഫാ. തോമസ് നങ്ങേലിമാലിൽ
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment