Thursday of the 5th week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

Thursday of the 5th week of Lent
(optional commemoration of Saint Francis of Paola, hermit)

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

ഹെബ്രാ 9:15

വിളിക്കപ്പെട്ടവര്‍ നിത്യാവകാശത്തിന്റെ വാഗ്ദാനംപ്രാപിക്കുന്നതിന്,
മരണത്തിലൂടെ ക്രിസ്തു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്
സമീപസ്ഥനായിരിക്കുകയും
അങ്ങയുടെ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവരെ
ദയാപൂര്‍വം സംരക്ഷിക്കുകയും ചെയ്യണമേ.
അങ്ങനെ, അവര്‍ പാപക്കറകളില്‍നിന്നു ശുദ്ധീകൃതരായി
സുകൃതജീവിതത്തില്‍ നിലനില്ക്കാനും
അങ്ങയുടെ വാഗ്ദാനത്തിന്റെ അവകാശികളായിത്തീരാനും
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 17:3-9
ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.

അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും. രാജാക്കന്മാരും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും. ദൈവം അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:4-5, 6-7, 8-9

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുന്നു തന്റെ ഉടമ്പടിഎന്നേക്കും അനുസ്മരിക്കും;
തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി,
ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനംതന്നെ.

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 8:51-59
എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു.

യേശു യഹൂദരോടു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല. യഹൂദര്‍ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്മാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു. ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്? യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല. എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു. എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍ നിന്നു മറഞ്ഞ് ദേവാലയത്തില്‍ നിന്നു പുറത്തു പോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട യാഗദ്രവ്യങ്ങള്‍
സംപ്രീതിയോടെ കടാക്ഷിക്കണമേ.
അങ്ങനെ, അവ ഞങ്ങളുടെ മാനസാന്തരത്തിനും
സര്‍വലോകത്തിന്റെയും രക്ഷയ്ക്കും ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

റോമാ 8:32

സ്വപുത്രനെപ്പോലും ഒഴിവാക്കാതെ
നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്ന ദൈവം
അവനോടുകൂടെ സമസ്തവും നമുക്കു ദാനം നല്കി.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,
അങ്ങയുടെ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാർത്ഥന

കര്‍ത്താവേ, അങ്ങയുടെ ജനത്തോട് കരുണയായിരിക്കണമേ.
അനുദിനം അങ്ങേക്ക് പ്രീതികരമല്ലാത്തവ വര്‍ജിച്ചുകൊണ്ട്,
പൂര്‍വോപരി അങ്ങയുടെ കല്പനകളുടെ സന്തോഷത്താല്‍
ഇവര്‍ നിറയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.
🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment