പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:സിംഹമോ സിംഹക്കുട്ടിയോ ഇരയുടെ നേരേ മുരളുമ്പോള്‍ ഒരുകൂട്ടം ഇടയന്‍മാര്‍ അതിനെതിരേ ചെന്നാലും അവര്‍ ഒച്ച വയ്ക്കുന്നതു കേട്ട് അവ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യാത്തതു പോലെ, സൈന്യങ്ങളുടെ കര്‍ത്താവ്‌യുദ്ധം ചെയ്യാന്‍ സീയോന്‍ പര്‍വതത്തിലും അതിന്റെ കുന്നുകളിലും ഇറങ്ങിവരും. പക്ഷി ചിറകിന്‍ കീഴിലെന്നപോലെ സൈന്യങ്ങളുടെ കര്‍ത്താവ് ജറുസലെമിനെ സംരക്ഷിക്കും; അവിടുന്ന് അതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയം നല്‍കി ജീവന്‍ പരിപാലിക്കുകയും ചെയ്യും. (ഏശയ്യാ 31:4-5)”
പിതാവായ ദൈവമേ, മനുഷ്യ കുലത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന അവിടുത്തെ സ്നേഹത്തിനു നന്ദി. കോവിഡ് പത്തൊൻപത് എന്ന മഹാമാരി തടയുവാൻ ആകാത്ത വിധം പടർന്നു കയറുന്ന ഈ ദിനങ്ങളിൽ അവിടുത്തെ കരുണ ഞങ്ങളുടെ മേൽ വർഷിക്കപ്പെടട്ടെ. കതകുകൾ അടച്ചു മഹാമാരി കടന്നു പോകുന്നതും കാത്തു കഴിയുന്ന അവിടുത്തെ മക്കളുടെ പ്രാർത്ഥന അങ്ങ് സ്വീകരിക്കേണമേ. എത്ര നാൾ പിതാവേ അവിടുന്ന് ഞങ്ങൾക്ക് നേരെ മുഖം തിരിക്കും. ഞങ്ങളുടെ വേദനകളെ അവിടുന്ന് കാണണമേ. ഇന്നേ ദിനത്തിൽ ഭക്ഷണം ലഭിയ്ക്കാതെ വലയുന്ന മക്കളെ ഓർക്കുന്നു. ജനിച്ച നാട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു കഴിയുന്ന ,മക്കളുടെ രോഗ ഭീതിയെ അവിടുന്ന് കാണണമേ. യാത്ര ചെയ്യുവാൻ സാധിക്കാത്തവർ, ജോലി നഷ്ടപ്പെടുമോ എന്ന് ഭയക്കുന്നവർ, ബിസിനസിൽ തകർച്ച നേരിടുന്നവർ എല്ലാവരെയും ഓർക്കുന്നു. പിതാവേ കരുണ ആയിരിക്കണമേ. സംഹാരത്തിന്റെ ഈ നാളുകൾ അധികരിക്കുവാൻ അവിടുന്ന് ഇടവരുത്തരുതേ. ദേശത്തു ക്ഷാമവും, പ്രതിസന്ധികളും കടന്നു വരുവാൻ അനുവദിക്കരുതേ. ഞങ്ങളുടെ ദേശം സമൃദ്ധിയിലേയ്ക്ക് നയിക്കപ്പെടട്ടെ. കൊറോണ വൈറസ് ബാധിതരെയും, അവരെ ശുശ്രുഷിക്കുന്നവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വലിയ സംരക്ഷണം നല്കണമേ. ദൈവമേ മഹാമാരിയുടെ ഈ നാളുകൾ ഞങ്ങൾ അവിടുത്തോടു ചേർന്ന് നിന്ന് തരണം ചെയ്യുന്നതിന് അനുഗ്രഹം നൽകണമേ. അങ്ങയിൽ ആശ്രയിച്ചവരെ അവിടുന്ന് നിരാശരാകുവാൻ അനുവദിക്കുന്നില്ലല്ലോ. വലിയ പ്രത്യാശയുടെ ഒരു ദിനമായി ഇന്നേ ദിനം മാറട്ടെ. വലിയ സന്തോഷത്തിന്റെ സദ് വാർത്ത അറിയുവാൻ ഇന്നേ ദിനത്തിൽ ഞങ്ങൾക്ക് ഇടയാകട്ടെ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment