ഞാനീ നായയെ പൂച്ചയെ പോലെയാക്കാം

ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ ഒരു നദിയിൽ തോണി യാത്ര നടത്തി. ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു…

ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടിയും ചാടിയും തന്റെ വല്ലായ്മയും അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കും സൗര്യക്കേട് സൃഷ്ടിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ടും ഇങ്ങോട്ടും ഭയന്നു മാറുന്നതിനാൽ തോണി അനിയന്ത്രിതമായി ഉലയുന്നുണ്ടായിരുന്നു. മുങ്ങൽ ഭീതിയിൽ ഒരു യാത്രികൻ പറയുന്നുണ്ടായിരുന്നു നായയും മുങ്ങും നമ്മളേം മുക്കും..!!

പക്ഷെ രാജാവിന്റെ ശാസനയെ വകവയ്ക്കാതെ ഓടിയും ചാടിയും നായ അതിന്റെ സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. തോണിയിലെ യാത്രികർക്കും സഹിക്കുന്നുണ്ടായിരുന്നില്ല. സഹികെട്ട യാത്രികരെ കണ്ട് അവരിലൊരാളായി തോണിയിൽ ഇരുന്നിരുന്ന സഞ്ചാരി രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു:

“പ്രഭോ അങ്ങ് സമ്മതിക്കുകയാണേൽ ഞാനീ നായയെ പൂച്ചയെ പോലെയാക്കാം..”

ഹും… രാജാവ് സമ്മതം മൂളി…

സഞ്ചാരി യാത്രികരിൽ നിന്നും രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ച് നദിയിലേക്കെറിഞ്ഞു. നായ പ്രാണഭയത്താൽ വെളളത്തിൽ നീന്തി തോണിയുടെ അടുക്കലെത്തി അതിലേക്ക് കയറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. കുറച്ചു സമയത്തിന് ശേഷം സഞ്ചാരി അതിനെ വലിച്ച് തോണിയിലേക്കിട്ടു…

അപ്പോൾ ആ നായ ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഒരു മൂലയിൽ പോയി കിടന്നു. യാത്രികരോടൊപ്പം രാജാവിനും ആ നായയുടെ മാറ്റത്തിൽ വല്ലാത്ത ആശ്ചര്യം തോന്നി…

രാജാവ് സഹയാത്രികരോട് പറഞ്ഞു, നോക്കൂ കുറച്ച് മുൻപ് വരെ ഈ നായ എന്തൊരസ്വസ്ഥതയോടെ നമ്മളെയൊക്കെ എത്രമാത്രം ബുദ്ധിമുട്ടിച്ചു ഇപ്പോൾ നോക്കൂ എത്ര ശാന്തനായി കിടക്കുന്നു…

“ഇതു കേട്ട സഞ്ചാരി പറഞ്ഞു: സ്വയം ബുദ്ധിമുട്ടും ദുഖവും ആപത്തും അനുഭവത്തിൽ വരാത്തിടത്തോളം മറ്റുളളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിൽ ആർക്കും വീഴ്ച പറ്റും. ഞാനീ നായയെ പിടിച്ച് വെള്ളത്തിലിട്ടപ്പോൾ മാത്രമാണ് അതിന് വെള്ളത്തിന്റെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലായത്…”

പറഞ്ഞു വരുന്നതെന്തെന്നാൽ, “കൊറോണ രോഗത്തെ കുറിച്ച് ഇത്രയും മുന്നറിയിപ്പുകളും, അതുണ്ടാക്കാൻപോകുന്ന പ്രയാസങ്ങളെക്കുറിച്ചും, ലോകത്ത് പല രാജ്യങ്ങളിലെ അവസ്ഥകളെ കുറിച്ചും, മരണത്തെ കുറിച്ചുമൊക്കെ ഗവണ്മെന്റ്കളും ആരോഗ്യപ്രവർത്തകരും മാധ്യമങ്ങളും, പറഞ്ഞും കാണിച്ചും ബോധ്യപ്പെടുത്തിയിട്ടും, അതൊന്നും കൂസാതെ താന്തോന്നിത്തരം കാണിച്ചും പറഞ്ഞും നടക്കുന്ന എല്ലാ ‘തോന്നിവാസി’കളെയും ഇറ്റലിയിലോ ചൈനയിലോ കൊണ്ടുപോയി വിടണം. ചികിത്സകിട്ടാതെയും, ഭക്ഷണം കിട്ടാതെയും, പുറത്തിറങ്ങാൻ പറ്റാതെയും അവിടെ കിടന്ന് നരകിക്കുമ്പോൾ, പിന്നെ ഇവിടെ വന്നാൽ മിണ്ടാതെ ഉരിയാടാതെ ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടിക്കോളും…”

【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം… പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment