ആരാണ് എഴുതിയതെന്നറിയാതെ എനിക്ക് കിട്ടിയ ഒരു മെസ്സേജ് ആണ് . വായിച്ചപ്പോൾ ഷെയർ ചെയ്യാൻ തോന്നി , മുഴുവനും വായിക്കുക .
മീനച്ചൂട് അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുകയാണ്. അത് ശരീരത്തെ തളര്‍ത്തുംമ്പോള്‍ കോവിഡ് മനസ്സിനെ ഉലക്കുന്നു. ദിവസവും തീയ്യതിയും പലപ്പോഴും ഓര്‍മ്മയില്‍ വരുന്നില്ല. എത്ര ദിവസം കടന്നുപോയി. ഇനി എത്ര ദിവസം കഴിയണം ? ഒന്നിനും ഒരു വ്യക്തമായ ഉത്തരം ഇല്ല. വേനല്‍ക്കാലത്ത് അകത്ത് കിടന്നുറങ്ങുന്നതിനേക്കാള്‍ സുഖം വീടിനു പുറത്ത് മാവിൻ ചുവട്ടിൽ വിരിവച്ച് അവിടെ കിടന്നു. നല്ല സുഖമുള്ള ഇളം കാറ്റ്’ ഉറക്കം കണ്ണിലേക്ക് പതിയെ പതിയെ വരുന്നു..
അടുത്ത് ആരോ വന്നിരുന്നത് പോലെ തോന്നി.
ഹേയ് … ആരാണ്?
ഉത്തരമില്ല, ചാടി എഴുന്നേല്‍ക്കാന്‍ എത്ര ശ്രമിച്ചിട്ടും ആവുന്നില്ല.
പേടിക്കേണ്ട. അവിടെ കിടന്നോളൂ. ഞാന്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വന്നതല്ല. അത് പതുക്കെ പറഞ്ഞു.
ആരാണ് നിങ്ങള്‍?
എന്നെ നിങ്ങള്‍ “കോവിഡ് 19” എന്ന് വിളിക്കുന്നു.
ഭയം കൊണ്ട് ശരീരം മുഴുവന്‍ വിറക്കുന്നു. അതെ “കോവിഡ് 19” എന്നെ കൊല്ലാന്‍ എത്തിയിരിക്കുന്നു. ഞാന്‍ മരിക്കാന്‍ പോകുകയാണ്. ശ്വാസം കിട്ടാതെയുള്ള പിടഞ്ഞു പിടഞ്ഞുള്ള മരണം എന്നെ തേടിയെത്തിയിരിക്കുന്നു.
കോ: നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ പേടിക്കുന്നത് ?
ഞാ: നീ കൊലയാളിയാണ്. ഒട്ടും ദയയില്ലാതെ കൊല്ലുന്ന കൊലയാളി.
കോ: അതെ ഞാന്‍ കൊലയാളി തന്നെയാണ്. പക്ഷെ മനുഷ്യരെക്കാള്‍ ക്രൂരന്‍ അല്ല.
ഞാ: നീ എന്താണ് പറയുന്നത്?
കോ: നിങ്ങള്‍ക്കറിയാമോ ഈ ഭൂമിയില്‍ ഒരു വര്ഷം ഒരു ലക്ഷം പേരില്‍ 6 മുതല്‍ 7 പേര്‍ പേര്‍ വരെ മനുഷ്യര്‍ തമ്മിലുള്ള കൊലപാതകം മൂലം മരിക്കുന്നുണ്ട് എന്ന്? അതായത് ഇന്നത്തെ മനുഷ്യ ജനസംഖ്യ എടുത്താല്‍ ദിവസം 1300 പേരെ നിങ്ങള്‍ തന്നെ കൊലപ്പെടുത്തുന്നുണ്ട്.
മനുഷ്യന്‍ കണ്ടുപിടിച്ച വാഹനം മൂലം റോഡില്‍ പിടഞ്ഞു മരിക്കുന്നവരുടെ എണ്ണം എത്രയെന്ന് അറിയാമോ? ദിവസം 3700 പേര്‍,
ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നത് – ദിവസം 1600 പേര്‍.
അതൊക്കെ ഇരിക്കട്ടെ, മനുഷ്യന്‍റെ പരിഷ്കാരങ്ങളും ആധുനികതയും കൊണ്ടുള്ള വായു മലിനീകരണം മൂലം മാത്രം മരിക്കുന്നവരുടെ എണ്ണം എത്രയാണ് എന്നറിയുമോ? ദിവസം 12600 പേര്‍.
കണക്കുകള്‍ ഇത് കൊണ്ട് ഒന്നും തീരുന്നില്ല. ഇനിയും ഒരുപാട് പറയാനുണ്ട്. ഹേ മനുഷ്യ! നീ ചെയ്യുന്ന പാതകങ്ങളുടെ കണക്കുകള്‍ തികച്ചും നോക്കിയാല്‍ ഞാന്‍ നിസ്സാരന്‍. നിങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മാസത്തേക്ക് പരിപൂര്‍ണ്ണ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയാല്‍ മാത്രം മതി എന്നെ ഇല്ലാതാക്കാന്‍. പക്ഷെ നിങ്ങള്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ആര്‍ക്ക് കഴിയും?
ഒരു രസകരമായ സത്യം ഞാന്‍ പറയാം. ഞാന്‍ മൂലം നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ കുറഞ്ഞത് നിങ്ങള്‍ മൂലം ലോകത്ത് നടക്കുന്ന മരണങ്ങള്‍ ആണ്. റോഡപകടങ്ങള്‍, കൊലപാതകങ്ങള്‍, ഭീകരാക്രമണങ്ങള്‍, വായുമലിനീകരണം എന്നിവ മൂലം ഉണ്ടാവുന്ന മരണങ്ങള്‍ കുറഞ്ഞത് താരതമ്യം ചെയ്‌താല്‍ അത് ഞാന്‍ മൂലം മരിച്ചവരുടെ എണ്ണത്തെക്കാള്‍ അധികമാണ് എന്നത് താങ്കള്‍ക്ക് അറിയാമോ?
അതെ. ഞാന്‍ മൂലം തല്‍കാലം എങ്കിലും, മലിനീകരണം കുറഞ്ഞു. എപ്പോഴും തിരക്ക് പിടിച്ച് പായുന്ന ജനങ്ങള്‍ സ്വന്തം വീടിനെയും വീട്ടുകാരെയും ഓര്‍ത്തു. അവര്‍ ഇന്ന് അത് ആഘോഷിക്കുന്നു. അനാവശ്യമായി ഭക്ഷണവും മറ്റും ധൂര്‍ത്ത് ചെയ്യുന്നവര്‍ ഇപ്പോള്‍ മിതവ്യയം ശീലിക്കുന്നു. ഉള്ളത് ഇല്ലാത്തവരുമായി പങ്ക് വയ്ക്കുന്നു. മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല, വര്‍ഗ്ഗീയതയില്ല, ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ല. എല്ലാം ഞാന്‍ മൂലം എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? എല്ലാം ഇപ്പോള്‍ താത്കാലികം മാത്രമായിരിക്കാം പക്ഷെ എന്ത് കൊണ്ട് നിങ്ങള്‍ക്ക് ഈ ശീലം തുടര്‍ന്ന് കൂട ! ഞാന്‍ കൊലപാതകിയായിരിക്കാം പക്ഷെ നിങ്ങള്‍ ശ്രദ്ധയോടെ ഇരുന്നാല്‍ എനിക്ക് നിങ്ങളെ തൊടാന്‍ പോലും പറ്റില്ല. അതായത് നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കുവാന്‍ നെട്ടോട്ടം ഓടുന്ന ഹേ മനുഷ്യ, നിന്‍റെ ഓട്ടത്തിന്റെ വേഗത കുറയ്ക്കുവാന്‍ സമയമായിരിക്കുന്നു. ഏകദേശം 70 വര്ഷം ആയുസ്സ് മാത്രം ഉള്ള നീ എന്നെ കാണുമ്പോള്‍ മാത്രം എന്തെ മരണത്തെ ഓര്‍ത്തത് ? അതെ ഞാന്‍ നിന്നെ മരണത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ വന്നതാണ്. പ്രകൃതിയെയും, സഹജീവികളെയും, സാധുക്കളെയും, പട്ടിണിക്കാരെയും, രോഗികളെയും, വൃദ്ധജനങ്ങളെയും മറന്നുപോയ ഒരു ജനതയെ കണ്ണ് തുറപ്പിക്കുവാന്‍ വന്നതാണ് ഞാന്‍. നിങ്ങള്‍ ദൈവമാകാന്‍ ശ്രമിക്കേണ്ട പക്ഷെ കുറഞ്ഞത് ഒരു മനുഷ്യന്‍ എങ്കിലും ആകാന്‍ ശ്രമിക്കൂ. ഞാന്‍ പോകുന്നു.
ഹേ … നിങ്ങള്‍ എവിടേക്ക് …
മുഖത്ത് വെള്ളത്തുള്ളികള്‍ വീണപ്പോള്‍ ചാടി എഴുന്നേറ്റു. നല്ല തണുപ്പ്. വേനല്‍ചൂടില്‍ രാത്രി ഇത്തിരി മഴത്തുള്ളികള്‍ തരുന്ന ആശ്വാസം ചില്ലറയല്ല. പെട്ടെന്ന് വിരിയും തലയിണയും എടുത്ത് ബെഡ്റൂമിലേക്ക് പോകുമ്പോള്‍ “കോവിഡ് 19” എന്ന “പാവം കൊലയാളി” യുടെ വാക്കുകള്‍ ഓര്‍ക്കുകയായിരുന്നു.🌴

Leave a comment