വചനഭാഷ്യം
അല്‍മായ വീക്ഷണത്തില്‍
Laymen Reflect on
Syro-Malabar Sunday Mass
Scripture Readings
2020 ഏപ്രില്‍ 5
ഓശാന ഞായര്‍
ഹോസാന,
നിങ്ങള്‍ക്കുമാകാം രക്ഷകന്‍!
🌼🌼🌼🌼🌼
സഖ -9:9-12
റോമ 11:13-24
മത്തായി 21:1- 17
സജീവ് പാറേക്കാട്ടില്‍
🌸🌸🌸🌸🌸🌸
“കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങളെ രക്ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങള്‍ക്കു വിജയം നല്‍കണമേ!” (സങ്കീര്‍ത്തനം 118,25)
ഹോസാന എന്ന വാക്കിന് ‘കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ’ എന്നാണര്‍ത്ഥമെങ്കില്‍ 0.12 മൈക്രോണ്‍സ് മാത്രം വ്യാസമുള്ള ഒരു ‘ജീവിയില്‍’ നിന്ന് രക്ഷിക്കണമേ എന്ന് മനുഷ്യവംശം മുഴുവനും നിലവിളിച്ച് പ്രാര്‍ ത്ഥിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ഓശാന ഞായറിലെ വചനഭാഗം ധ്യാനിക്കുന്നത്. സാധാരണയായി നാം പീഢാനുഭവവാരം ‘ആചരിക്കുകയാണ്’ പതിവെങ്കില്‍, ഇത്തവണ ലോകം മുഴുവനും മരണഭീതിയോടെ പീഢാനുഭവവാരങ്ങള്‍ അനുഭവിക്കുകയാണ്. മതപീഢനത്തിന്‍റെ നാളുകളില്‍ പോലും ഇല്ലാത്തവിധം ലോകം മുഴുവനുമുള്ള അള്‍ത്താരകള്‍ ദുഃഖസാന്ദ്രമായ വിമൂകതയെ പുല്‍കുന്നത് ക്രി സ്തുവിന്‍റെ നാളുകള്‍ക്കുശേഷം തന്നെ ഇതാദ്യമായിരിക്കും.
കര്‍ത്താവിന് ആവശ്യമുള്ള കഴുതകള്‍
ലോകം അരികുകളിലേക്കും പി ന്നാമ്പുറങ്ങളിലേക്കും മാറ്റി നിര്‍ത്തിയിരിക്കുന്ന ജീവിയാണ് കഴുത. ഭാരിച്ച ചുമടും താങ്ങി വേലിക്കെട്ടുകള്‍ക്കു പിന്നില്‍ നിന്ന് രാജവീഥികള്‍ അടക്കിവാഴുന്ന കുതിരയെ നെടുവീര്‍പ്പോടെ നോക്കാനാണ് എന്നും കഴുതയുടെ വിധി. അതുകൊണ്ടാണല്ലോ ‘ഒരു മൃഗം’ എന്ന് ഒന്നാമതായി അര്‍ത്ഥം കുറിച്ചശേഷം ‘ചുമട്ടുകാരന്‍’ എന്നും ‘മൂഢന്‍’ എന്നും രണ്ടര്‍ത്ഥങ്ങള്‍ കൂടി നിഘണ്ടു കഴുതയ്ക്കു നല്‍കുന്നത്. ‘കഴുതയറിയുമോ കര്‍പ്പൂര വാസന’ എന്നും ‘കഴുത മക്കത്തു പോയാല്‍ ഹാജിയാകുമോ?’ എന്നും നിഘണ്ടു ചോദ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. മക്കളായും വിദ്യാര്‍ഥികളായും കുട്ടികള്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുന്നതും കഴുത എന്ന പദത്തിനാലാണ്. ചുരുക്കത്തില്‍ ദേവനും രാജാവിനും മനുഷ്യനും വേണ്ടാത്ത മൃഗമാണു കഴുത. എന്നാല്‍ ഇവിടെയിതാ ഒരഭിനവരാജാവ് തന്‍റെ രാജകീയപ്രവേശനത്തിന് തെരഞ്ഞെടുക്കുന്ന ‘രഥം’ കഴുതയാണ്. സൃഷ്ടിക്കപ്പെട്ടശേഷം സ്വയംസത്തയില്‍ ആ പാവം ജീവിക്ക് അഭിമാനം തോന്നിയ ആദ്യമുഹൂര്‍ത്തം! കഴുതകള്‍ക്ക് ദൈവദര്‍ശനമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ വേദപുസ്തകത്തില്‍ വേറെയുമുണ്ട്. മൊ വാബ് രാജാവായ ബാലാക്കിനു വേണ്ടി ഇസ്രായേല്‍ ജനതയെ ശപിക്കാന്‍ ബാലാം പ്രവാചകന്‍ യാത്ര ചെയ്യവേ ഊരിയവാളുമായി കര്‍ത്താവിന്‍റെ ദൂതന്‍ വഴിയില്‍ നില്‍ക്കുന്നത് കഴുതയാണ് കാണുന്നത്. വയലിലേക്ക് ചാടിയും മതിലിനോടു ചേര്‍ന്ന് ഒതുങ്ങിയും നിലത്തുകിടന്നും ദൂതന്‍റെ ക്രോധത്തില്‍നിന്ന് ബാലാമിനെ രക്ഷിക്കാന്‍ കഴുത ശ്രമിക്കുന്നുണ്ട്. മൂന്നു തവണയും ബാലാം കഴുതയെ വടി കൊണ്ട് ശക്തിയായി പ്രഹരിച്ചു.അപ്പോൾ കര്‍ത്താവ് കഴുതയ്ക്ക് സംസാരശക്തി നല്‍കി.
” മൂന്നു പ്രാവശ്യം എന്നെ അടിക്കാൻ ഞാൻ നിന്നോട് എന്തു ദ്രോഹം ചെയ്തു ” എന്ന് അത് ബാലാമിനോടു ചോദിച്ചു (സംഖ്യ – 22/ 28). പറഞ്ഞുവരുന്നത് കഴുതകള്‍ എന്നും കര്‍ ത്താവിന്‍റെ പൊന്നോമനകള്‍ ആണെന്നാണ്. അവന്‍ നാന്ദികുറിച്ചത് അശ്വമേധങ്ങള്‍ക്കല്ലാത്തതിനാല്‍ കുതിരകളെ അവനാശ്യമില്ല. അവന്‍ ജയപത്രം ബന്ധിച്ചത് കുതിരയുടെ മസ്തകത്തിലല്ല; കുരിശിന്‍റെ വിരിമാറിലാണ്. അവന്‍റെ യാഗാശ്വം കുരിശാണ്; അവന്‍റെ ചുടുചോരയും ചൂരുമുള്ള കുരിശ്. ആർക്കും തടയാനാകാത്ത യാഗാശ്വം കണക്കെ കാലചക്രത്തിലൂടെ അവന്‍റെ കുരിശിന്‍റെ ജൈത്രയാത്ര അനന്തമായി തുടരുന്നുണ്ട്. അന്നുമിന്നും അവനാവശ്യം കഴുതകളെയാണെന്ന് പ്രദക്ഷിണങ്ങള്‍ക്ക് തിരുസ്വരൂപങ്ങള്‍ വഹിക്കാന്‍ ആനകളെ എഴുന്നള്ളിക്കുന്ന കമ്മിറ്റിക്കാരും കുതിരപ്പുറത്ത് പ്രതാപത്തോടെ എഴുന്നള്ളുന്ന ഇടയന്മാരുമൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. ‘വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ഭോഷൻ മാരെയും ശക്തമായവയെ ലജ്ജിപ്പിക്കാൻ അശക്തമായവയെയും നിലവിലുള്ളവയെ നശിപ്പിക്കുവാൻ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും തെരഞ്ഞെടുക്കുന്നത് ‘ അവിടുത്തെ രീതിയാണല്ലോ.
( 1 കോറി 1 – 27, 28 )
ഘോഷയാത്ര 1
പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ‘നീതി മാന്‍റെ രക്തം’ എന്ന നാടകത്തില്‍ പീലാത്തോസായി വേഷമിട്ടിരുന്നു. ഫൊറോനയില്‍ നിന്നും അതിരൂപതയില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ യോഗ്യത നേടി പിഒസിയില്‍ നടന്ന സംസ്ഥാന ബൈബിള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയത് ഇന്നും ഹര്‍ഷമുണര്‍ത്തുന്ന ഓര്‍മ്മയാണ്. പീലാത്തോസിനോടുള്ള കയ്യാഫാസിന്‍റെ തീപാറുന്ന ഒരു ഡയലോഗ് ഇതാണ് : “രാജാവ്, രാജാവ്, രാജാവ്! കാലിത്തൊഴുത്തില്‍ പിറന്ന രാജാവ്, ആശാരിക്കിടാത്തന്‍മാരുടെ രാജാവ്, തെരുവുതെണ്ടിയായ രാജാവ്” അതെ, യേശുക്രിസ്തു വൈരുദ്ധ്യങ്ങളുടെ രാജാവാണ്. കഴുതരഥവും പഴന്തുണികളും വൃക്ഷത്തലപ്പുകളുമൊക്കെ ന്യൂ ജെന്‍ വീക്ഷണത്തില്‍ ശോചനീയമായ സെറ്റപ്പും പ്രഹസനവുമൊക്കെ ആയേക്കാം. പക്ഷേ ഓര്‍ക്കണം, ഓശാന വിനീതരുടെ വിജയഘോഷമാണ്. ബലശാലികള്‍ രചിക്കുന്ന ലോകചരിത്രത്തിന്‍റെ ചവിട്ടടികളില്‍ ഞെരിഞ്ഞമര്‍ന്ന് പോയ എളിയവരുടെയും ദുര്‍ബലരുടെയും വിസ്മയയാത്രയാണ്. “അഹങ്കാരം കൊണ്ട് ഹാരമണിയുന്നവര്‍ക്കും അക്രമം അങ്കിയാക്കിവര്‍ക്കും” (സങ്കീര്‍ത്തനം 73,6) ഓശാനയാത്ര നിത്യപ്രഹേളികയാണ്. “എളിയവരുടെ സങ്കേതമായ കര്‍ത്താവ്, ഞെരുക്കത്തിന്‍റെ കാലത്ത് നമ്മെ ആശ്വസിപ്പിക്കുന്ന ദൈവം” , ഇതാ വിനയാന്വിതനായി നമ്മുടെ ഹൃദയവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു. വാതില്‍ തുറന്നു കൊടുക്കുമോ നാം ?
‘ ഘോഷ ‘യാത്ര 2
അഞ്ചു ദിനങ്ങള്‍ക്കുശേഷം മറ്റൊരു യാത്ര കടന്നുപോകുകയാണ്. സത്യത്തില്‍ അതൊരു വിലാപയാത്രയാണ്. ദേഹമാസകലം ‘ഉഴവുചാലുകള്‍ കീറപ്പെട്ട’ (സങ്കീര്‍ത്തനം 129,3) ഒരു മനുഷ്യന്‍ തന്നെ തറച്ചുകൊല്ലാനുള്ള കുരിശുമായി വേച്ചുനീങ്ങുകയാണ്. പക്ഷേ അവര്‍ക്ക്- പരിഹസിക്കുന്ന യൂദന്‍മാര്‍ക്കും അടിക്കുന്ന പട്ടാളക്കാര്‍ക്കും ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിനും – അതൊരു ആഘോഷയാത്രയാണ്. ശബ്ദായമാനമായ ഓറശ്ലത്തിന്‍റെ തെ രുവുകളിലേക്ക് വന്നു ചേരുന്ന സ്ത്രീ ജനങ്ങളുടെ ഒരു ഫ്ളാഷ്ബാക്ക് കുരിശിന്‍റെ വഴിയിലെ എട്ടാം സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. “ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു. സൈത്തില്‍ കൊമ്പുകളും ജയ് വിളികളും. അവര്‍ കണ്ണുനീര്‍ വാര്‍ത്തു കരഞ്ഞു. അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു.” പിണങ്ങില്ലെങ്കില്‍ ഒരു പച്ചപ്പരമാര്‍ത്ഥം പറയാം. ക്രിസ്തുവിനെ സ്നേഹിക്കുന്നെങ്കില്‍ സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ പിന്തുടര്‍ന്ന് സ്നേഹിക്കണം. കണ്ണീരൊപ്പിയും തൂവാലകൊണ്ടു മുഖം തുടച്ചും അനുയാത്ര ചെയ്യണം. ഒടുവില്‍ ഒരു പുരുഷാന്തരത്തിന്‍റെ മുഴുവന്‍ വേദനയും സഹിച്ച് അവന്‍ തന്‍റെ ആത്മാവിനെ വേര്‍പെടുത്തുമ്പോള്‍ അരുമയാര്‍ന്ന സാന്നിധ്യമായി ആശ്വാസമേകണം. ശേഷം, അവന്‍റെ ജീവനറ്റ ദേഹം മടിയില്‍ കിടത്തി അന്ത്യചുംബനമേകി യാത്രയാക്കണം. ഒരുവേള, കല്ലറയില്‍ കണ്ണുംനട്ട് കാത്തിരുന്ന്, അവനെ തിരിച്ചറിയുമ്പോള്‍ ‘റബ് ബോനി ‘എന്ന സ്നേഹവചസ്സോടെ കാലില്‍ വീണ് ആരാധിക്കണം. ആള്‍ ക്കൂട്ടത്തിലെ മുഖവും മേല്‍വിലാസവുമില്ലാത്ത ഒരാളാകുന്നത് എത്രയോ എളുപ്പമാണ്. തരം പോലെ ജയ് വിളിക്കാം, കുരിശില്‍ തറയ്ക്കാന്‍ അട്ടഹസിക്കാം. എന്നാല്‍ അനുധാവനം ചെയ്യുന്ന ശിഷ്യനാകുക എന്നതാണ് ശ്രമകരം. ജീവിതത്തിന്‍റെ നിണമണിഞ്ഞ വഴിത്താരകളില്‍ സ്വന്തം കുരിശുമെടുത്ത്, തീര്‍ത്തും ഏകാകിയായി അവ നെ അനുഗമിക്കുക എന്നതാണ് വെല്ലുവിളി. അതെ, ക്രിസ്ത്യാനിയായിരിക്കുക എന്നത് വ്യത്യസ്തരും വിശുദ്ധരും ബലവാന്മാരുമായിരിക്കാനുള്ള വെല്ലുവെളിയാണ്.
ശുദ്ധീകരിക്കപ്പെടുന്ന ദേവാലയങ്ങള്‍
ഒടുവില്‍ യാത്രകളൊക്കെ എത്തിച്ചേരുന്നത് ദേവാലയത്തിലാണ്. കഴുതപ്പുറത്തേറിവരുന്ന അഭിനവരാജാവിന്‍റെ യാത്രയും വ്യത്യസ്തമല്ല. കവര്‍ച്ചക്കാരുടെ ഗുഹയാക്കിമാറ്റിയ പ്രാര്‍ ത്ഥനാലയത്തെ അവന്‍ ശുദ്ധീകരിക്കുന്നു. ദേവാലയ ശുദ്ധീകരണത്തിന്‍റെ ദൈവശാസ്ത്രം അവിടെ നില്‍ക്കട്ടെ. തലമുടി നാരിന്‍റെ വ്യാസത്തിന്‍റെ നൂറ്റി ഇരുപത്തിയഞ്ചില്‍ ഒന്നു മാത്രമുള്ള ഒരു ജീവി ഭൂമിയില്‍ മനുഷ്യന്‍റെ ജീവിതത്തെ ഭീതിയുടെയും വിലാപങ്ങളുടെയും പുസ്തകമാക്കി മാറ്റുമ്പോള്‍ വെളിപ്പെടുന്നത് ദേവാലയ ശുദ്ധീകരണത്തിന്‍റെ വ്യത്യസ്തമാനങ്ങളല്ലേ? കോവിഡാനന്തര കാലത്തില്‍ മനുഷ്യന്‍റെ ജീവിതം എപ്രകാരമുള്ളതായിരിക്കും? സംശയമില്ല, കൂടുതല്‍ വിമലീകരിക്കപ്പെട്ട ജീവിയായ് മനുഷ്യന്‍ മാറും. അധിനിവേശങ്ങള്‍ക്ക് അറുതിവരും. കൈകള്‍ മാത്രമല്ല, കൂടെക്കൂടെ കഴുകുന്നതിനാല്‍ ഹൃദയവും ശുദ്ധമാകും.
സഹജീവനം സാധ്യമാകും. പാരസ്പര്യം പുലരും. പ്രകൃതിയോടും സഹജീവികളോടും കൂടുതല്‍ ആദരവുണ്ടാകും. സ്വാര്‍ത്ഥതയുടെ വൈറസുകള്‍ ചത്തൊ ടുങ്ങും. നിസാരതയെപ്പറ്റി അവബോധമുണരും. അവശേഷിക്കുന്നവര്‍ പുതിയ മനുഷ്യരായി ഉയിര്‍ക്കും. അഭിനി വേശങ്ങളിലും ആസക്തികളിലും നി ന്ന് മുക്തമായ ജീവിതം ആരാധനയായി മാറും. ആത്മാവിലും സത്യത്തി ലും അവിടുത്തെ ആരാധിക്കുന്ന ‘യഥാര്‍ ത്ഥ ആരാധകരെ’ ക്കൊണ്ട് ( യോഹ. 4 / 23) നിറഞ്ഞ പ്രപഞ്ചം ദൈവത്തിന്‍റെ ശ്രീകോവിലായി മാറും. ഭയജനകവും ദുഃഖപൂര്‍ണവുമാണെങ്കിലും ഇപ്പോള്‍ നടക്കുന്നതും ഒരർത്ഥത്തിൽ ‘ദേവാലയശുദ്ധീകരണം’ തന്നെയല്ലേ ?
നിങ്ങള്‍ക്കുമാകാം രക്ഷകന്‍
ഇക്കാലഘട്ടത്തിന്‍റെ വേദനാപൂര്‍ണമായ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ വെളിവാകുന്ന സാധ്യതയിതാണ്: നിങ്ങള്‍ക്കുമാകാം രക്ഷകന്‍. അതെ, നാമോരോരുത്തര്‍ക്കും രക്ഷകരാകാന്‍ കഴിയും. നാമായിരിക്കുന്ന ഇടങ്ങളില്‍ രക്ഷാകരമായ സാന്നിധ്യമാകാനല്ലേ നാം വിളിക്കപ്പെട്ടിരിക്കുന്നത്? നോക്കൂ, കൊറോണ ലോകമെങ്ങും വിതയ്ക്കുന്നത് മരണമാണെങ്കിലും അവശേഷിപ്പിക്കുന്നത് ഒട്ടേറെ രക്ഷകരുടെ അനശ്വരമായ ഓര്‍മ്മകളുമല്ലേ ? വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കുകയും പിന്നീട് അതിന് ഇരയായി മരിക്കുകയും ചെയ്ത ഡോ. ലീ വെന്‍ലിയാങ്, സര്‍വീസില്‍ നിന്ന് വിരമിച്ചുവെങ്കിലും രോഗികളെ ചികിത്സിക്കാന്‍ തിരിച്ചെത്തി രോഗം ബാധിച്ചു മരിച്ച ഡോ. ലിയങ്ങ് വുഡോങ്ങ്, മരണം അരികിലെത്തി എന്നറിഞ്ഞ് സ്വന്തം വീടിന്‍റെ ഗേറ്റില്‍ വന്നുനിന്നു ഗര്‍ഭിണിയായ പ്രിയതമയെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയും ദൂരെ നിന്ന് നോക്കി കൈവീശി അന്ത്യയാത്ര പറഞ്ഞ ഇന്തൊനേഷ്യയിലെ ഡോ. ഹാദിയോ അലി, ഇറ്റലിയില്‍ രോഗികളെ സമാശ്വസിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യവേ രോഗം ബാധിച്ചു മരിച്ച എണ്‍പതിലേറെ വൈദികര്‍ – ഇവരൊക്കെ രക്ഷകരല്ലേ? നിപ്പയോടുള്ള പോരാട്ടത്തിനിടെ
“I am almost on the way ” എന്നു കുറിച്ച കത്തിലൂടെ വിദേശത്തുള്ള പ്രിയതമന് മക്കളെ ഭരമേല്‍പ്പിച്ചശേഷം യാത്ര പറഞ്ഞ നമ്മുടെ ലിനി രക്ഷകയല്ലേ? അതെ, രക്ഷകര്‍ക്ക് ജാതി- മത- രാഷ്ട്ര – പ്രായ- ഭേദങ്ങളില്ല. മനുഷ്യത്വം, കരുണ, ആര്‍ദ്രത എന്നീ സാര്‍വ്വത്രികമൂല്യങ്ങളുടെ സമ്മോഹനസാമ്യങ്ങള്‍ മാത്രമേയുള്ളു. ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ ‘ഹൈ റിസ്ക്’ ഉള്ളവരാണെന്ന് മനസിലാക്കിയ മകള്‍ ഈയിടെ പറഞ്ഞു: “എന്തു വന്നാലും ആശുപത്രിയില്‍ ജോലി മേടിക്കരുത് എന്നര്‍ത്ഥം, അല്ലേ പപ്പേ?” ഒരിക്കലുമല്ല കുഞ്ഞേ, ആതുരശുശ്രൂഷയോളം പവിത്രമായ മറ്റൊരു സേവനമേഖലയില്ല. പ്രഫഷന്‍ ആശാരിയുടെ ആയിരുന്നെങ്കിലും ‘പരമേശപവിത്രപുത്രന്‍’ (യേശുവിനെ ശ്രീനാരായണഗുരു വി ശേഷിപ്പിച്ചിരുന്ന പദം) പ്രാക്ടീസ് ചെയ്തിരുന്നത് ഗൈനക്കോളജിയും ന്യൂറോളജിയുമൊക്കെ ഉള്‍പ്പെടുന്ന മെഡിസിനായിരുന്നല്ലോ! രക്ഷിക്കുക എന്ന വാക്കിന് ‘സൂക്ഷിക്കുക’ എന്നും അര്‍ത്ഥം കുറിക്കുന്നുണ്ട് നിഘണ്ടു. നോക്കൂ, ഭാര്യ എന്ന പദത്തിന് ‘ഭരിക്കപ്പെടേണ്ടവൾ’ എന്നാണര്‍ത്ഥം. നി ഘണ്ടു നോക്കിയിട്ടല്ലെങ്കിലും അനേകം ഭര്‍ത്താക്കന്മാര്‍ കൃത്യമായി അതനുവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ‘സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിനിയെന്ന നിലയില്‍ അവളോടു ബഹുമാനം കാണിക്കുമ്പോള്‍’ (1പത്രോസ് 3:7) അയാള്‍ അവള്‍ക്ക് രക്ഷകനാകുകയല്ലേ? ‘വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ‘ ഭാര്യമാര്‍ക്കു കഴിയുമ്പോള്‍’ ( 1 പത്രോസ് 3:1) അവള്‍ അയാളെ രക്ഷിക്കുകയല്ലേ? ഭരമേല്‍പ്പിക്കപ്പെട്ടവരെ സൂക്ഷിക്കുമ്പോള്‍, സ്നേഹത്തോടെ അവര്‍ക്കായി സമര്‍പ്പിക്കുമ്പോള്‍, ത്യാഗത്തോടെ അവർക്കായി പ്രാർത്ഥനയുടെ കരങ്ങളുയർത്തുമ്പോൾ ഭാര്യഭര്‍ത്താക്കന്മാരും മാതാപിതാക്കളും മക്കളും ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇടയന്‍മാരുമൊക്കെ രക്ഷകരായി മാറുകയാണ്.
പ്രത്യാശയുടെ തടവുകാര്‍
സഖറിയാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് ഇന്ന് വിചിന്തനം ചെ യ്യാനുള്ള ഭാഗം അവസാനിക്കുന്ന വചനം പ്രസക്തമാണ്. “പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നി ങ്ങള്‍ക്കു ഇരട്ടി മടക്കിത്തരുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.” (9/12) പ്രത്യാശയുടെ ഉത്സവമായ ഈസ്റ്ററിന് മുന്‍പൊരിക്കലുമില്ലാത്തവിധം ഒരുങ്ങുമ്പോള്‍ നമ്മെത്തന്നെ പ്രത്യാശയുടെ തടവിലാക്കാം. ‘ഇതും കടന്നുപോകും ‘
എന്നു ആശ്വസിക്കാം. ഒട്ടേറെ കര്‍മ്മ -ധര്‍മ്മയോഗികള്‍ അധിവസിച്ച നമ്മുടെ നാട് ഈ സങ്കടകാലത്തെയും അതിജീവിക്കുമെന്ന് വിശ്വസിക്കാം. ഹൃദയമുരുകി പ്രാർത്ഥിക്കാം. തെരുവീഥികളിലല്ല, ഹൃദയമാകുന്ന ശ്രീകോവിലില്‍ മൗനമായി ആവര്‍ത്തിക്കാം : മാറാനാത്ത! ഹോസാന!
Publisher : Rev. Paul Kottackal (Sr.) email: frpaulkottackal@gmail.com
Malayalam – http://homilieslaity.com | English (for Children) – http://gospelreflectionsforkids.com

Leave a comment