കനൽ 45

കനൽ 45

ഇത്ര കാലത്തെ സർവീസിനിടയ്ക്ക് എത്ര ഇൻജക്ഷൻ കൊടുത്തിട്ടുണ്ട് എന്ന് ഒരു നഴ്സിനോട് ചോദിക്കൂ. അവരതിന്റെ കണക്ക് ഓർക്കുന്നുണ്ടാവില്ല. എന്നാൽ ഉറക്കം വരാത്ത 96 വയസായ വൃദ്ധന് ഐസൊലേഷൻ വാർഡിൽ കഥ പറഞ്ഞു കൊടുത്ത അനുഭവം ചോദിച്ചാലോ? ചെറിയ കാര്യമാണ്. പക്ഷേ കോട്ടയത്ത് കോവിഡ് കാലത്ത് ജോലി ചെയ്ത നഴ്സായ പെൺകുട്ടിക്കും ആ രോഗിയായ വൃദ്ധനും അത് ജീവിതത്തിലെ വേറിട്ട അനുഭവമാണ്. കാര്യം തീരെ നിസ്സാരമെന്ന് തോന്നിയാലും.

ഒരു കഷണം ചരട് നിസാരമാണ്. സി. റാണി മരിയയുടെ സഹോദരി അത്തരമൊരെണ്ണമാണ് റാണി മരിയയുടെ ഘാതകന്റെ കയ്യിൽ കെട്ടി കൊടുത്തത്. രാഖിച്ചരട് ..! എത്രയോ പേർ എത്രയോ പേർക്ക് രാഖി കെട്ടിക്കൊടുത്തിട്ടുണ്ടാവും. പക്ഷേ, ഈയൊരെണ്ണം വേറിട്ട് നിൽക്കുന്നു. അയാളുടെ ലോകത്തെ അത് കീഴ്മേൽ മറിച്ചു കളഞ്ഞു.

അതങ്ങിനെയാണ്. വില കൊടുത്തു വാങ്ങാൻ കഴിയാത്ത ചില നിസാര കാര്യങ്ങൾ കൊണ്ട് ചിലർ ഒരു വലിയ ലോകത്ത് ഇടം പിടിക്കുന്നത്. ചിലപ്പോഴൊക്കെ അത് അരുന്ധതി റോയിയുടെ കഥാപുസ്തകത്തെ ഓർമ്മിപ്പിക്കും – കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ.

കഥ പറഞ്ഞ ക്രിസ്തു. തോളിൽ കയ്യിട്ടു നടന്ന ക്രിസ്തു. കൂടെയിരുന്ന് ഭക്ഷിച്ച ക്രിസ്തു. കരഞ്ഞ ക്രിസ്തു. ഒറ്റ നോട്ടത്തിൽ കേവലം ചെറിയ കാര്യങ്ങൾ. അവനെയോർത്താണ് ഒരു പറ്റം സ്ത്രീകൾ കുരിശിന്റെ വഴിയിൽ നിലവിളിക്കുന്നത്. അവന്റെ കയ്യിൽ നിന്നും വലിയ കാര്യങ്ങൾ കിട്ടിയ ആരെയും കുരിശിന്റെ വഴിയിൽ കണ്ടതായി രേഖപ്പെടുത്തുന്നില്ല.

വളരെ നിസാരമായ ചെറിയ കാര്യങ്ങൾക്കു കൂടി നമ്മുടെ വലിയ ജീവിതം മാറ്റിവയ്ക്കാം. ലോക് ഡൗൺ കാലം അനുയോജ്യമാണ്. കൂടെയിരിക്കാൻ. നല്ലത് പറയാൻ. ഒരു താങ്ക് യു മെസേജ് അയക്കാൻ. സ്നേഹം അറിയിക്കാൻ. ആ ചെറിയ കാര്യം മാത്രമല്ലേ ബാക്കി നിൽക്കൂ, ഓർമ്മയിൽ ?

ജോയ് എം പ്ലാത്തറ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment