കൽത്തപ്പം / ഉഴുന്നപ്പം / INRI അപ്പം
(പെസഹാതിരുനാളിലെ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കുന്ന വിധം)
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി – 1 കിലോ
ഉഴുന്ന് – 250 ഗ്രാം
ജീരകം – 1 ടീ സ്പൂൺ
വെളുത്തുള്ളി – 1 കുടം (ആവശ്യമുണ്ടെങ്കിൽ മാത്രം)
മഞ്ഞൾപൊടി – 1 നുള്ള് (ആവശ്യമുണ്ടെങ്കിൽ മാത്രം)
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി കുതിർത്തു പൊടിച്ചെടുക്കുക (അരിപ്പൊടിയും ഉപയോഗിക്കാം). ഉഴുന്ന് ചെറിയ ബ്രൗൺ കളർ ആകുന്നതുവരെ വറുത്തു വെള്ളത്തിൽ വയ്ക്കുക. 5 – 6 മണിക്കൂർ കഴിയുമ്പോൾ അരച്ചു കുഴമ്പു പരുവമാക്കിയെടുക്കുക. അതിൻ്റെ കൂടെ അരിപ്പൊടിയും അരച്ച ജീരകവും വെളുത്തുള്ളിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് അൽപ്പം വെള്ളം കൂടി ചേർത്തു കുഴമ്പു പരുവമാക്കിയെടുക്കുക. ഇതു കൂടുതൽ സമയം വച്ചിരിക്കാതെ ദോശക്കല്ലിൽ ചുട്ടെടുക്കുക. അപ്പം പുഴുങ്ങിയെടുക്കാനാണെങ്കിൽ വെളുത്തുള്ളിയും മഞ്ഞൾപൊടിയും ചേർക്കേണ്ടതില്ല. പ്ളേറ്റിലോ വാഴയിലയിലോ മാവ് എടുത്തു ഇഡ്ഡലിപാത്രത്തിൽ വെള്ളം വച്ച് അതിനു മുകളിലായി വച്ചു പുഴുങ്ങിയെടുക്കാം.
INRI അപ്പം ഉണ്ടാക്കേണ്ടത് വെഞ്ചരിച്ച കുരുത്തോല കുരിശാകൃതിയിൽ അപ്പത്തിന് മുകളിൽ വച്ചിട്ടാണ്. കുടുംബനാഥൻ ആണ് INRI അപ്പം ഉണ്ടാക്കേണ്ടത്.

Leave a comment