ചെത്തിപ്പൂവിനെ പതിവില്ലാതെ അൾത്താരയിൽ കണ്ടപ്പോൾ കൗതുകം തോന്നി. അവളുടെ മുഖത്തെന്തോ പ്രത്യേക ശോഭ !റോസാപ്പൂവിനുപോലും ഇല്ലാത്ത ഒരു തിളക്കം ! ക്യാമറ കണ്ണുകളോട് അവൾ നന്നായി പുഞ്ചിരിക്കുന്നുണ്ട്. അവളുടെ മട്ടും ഭാവവും കാണുമ്പോൾ അവളുടെ ഉള്ളിൽ പതഞ്ഞുയരുന്ന അഭിമാനം ഒത്തിരി വലുതാണെന്ന് മനസ്സിലായി.
കാര്യം അറിയണമല്ലോ. ചെത്തിപ്പൂവ് എളിമയോടെയാണ് പറഞ്ഞത് : വർഷങ്ങളായി ഞാൻ പൂത്തുലഞ്ഞു ഈ ചാപ്പലിനു മുൻപിൽ കൈ കൂപ്പി നിൽക്കുന്നു. ചാപ്പലിൽ എവിടെയെങ്കിലും ഒരിടം കിട്ടാൻ. ശവ സംസ്കാരത്തിനെങ്കിലും ആരെങ്കിലും എന്നെ ആ പെട്ടിയിലാക്കി ഈ ചാപ്പലിൽ കയറ്റും എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്. ആ അൾത്താര ഒന്നു കാണാൻ, ഈശോയെ മുന്നിൽ കണ്ടൊന്നു കുമ്പിടാൻ. അതായിരുന്നു നാളിത്രയും എന്റെ ഒരേ ഒരു പ്രാർത്ഥന. വർഷങ്ങൾ ഏറെയായി അതൊരു നടക്കാത്ത പ്രാർത്ഥനയായി എന്റെ ഹൃദയത്തിൽ തങ്ങുന്നു. പക്ഷെ, അൾത്താരയിൽ എന്നും വെക്കുന്നത് ഊട്ടിയിൽ നിന്നും, ബാംഗ്ലൂരിൽ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന പൂക്കളാണല്ലോ. അതിന്റെ പേരു പോലും എന്റെ വായിൽ ഒതുങ്ങില്ല. എങ്കിലും എനിക്ക് സങ്കടമില്ല, നിരാശയുമില്ല. ഇവിടെ സമർപ്പിക്കപ്പെടുന്ന ഒരോ പ്രാർത്ഥനയും സ്വീകരിക്കുന്നവനാണ് എന്റെ ദൈവമെന്നു എനിക്കറിയാമായിരുന്നു. അതുകൊണ്ടു, ആ പ്രാർത്ഥന എന്നും എന്റെ ഹൃദയത്തിലുണ്ട്.
ഇത് കൊറോണ കാലമാണല്ലോ. വണ്ടികളില്ല, കടകളില്ല. ബാംഗ്ലൂർ പൂക്കളുമില്ല. എന്നാൽ, ഈ ചാപ്പലിൽ എന്നും ദിവ്യ ബലിയുണ്ട്. അൾത്താര അലങ്കരിക്കാൻ ഇപ്പോൾ എനിക്കാണ് ഭാഗ്യം കിട്ടിയിരിക്കുന്നത്. ഇവിടുത്തെ വി. കുർബാനകൾ ടീവിയിലൂടെ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ എന്നെയും ലോകം മുഴുവൻ കാണും. ഈ അൾത്താരയിൽ എത്തിയ ഒരു പൂവിനും കിട്ടാത്ത മഹാ ഭാഗ്യം !അതിലും വലുതല്ലേ, അൾത്താരയിൽ ഇരുന്ന് കൂദാശ കർമങ്ങളിൽ പങ്കെടുക്കാൻ കിട്ടിയ ഭാഗ്യം !
അതെ മക്കളെ, നമ്മുടെ ദൈവം ആരെയും തള്ളിക്കളയില്ല. നീ എത്ര നിസ്സാരനോ കഴിവില്ലാത്തവനോ ആണെന്ന് നീ കരുതിയാലും, ഒരുനാൾ നമ്മുടെ ദൈവം നിങ്ങളെ ഉയത്തും, അൾത്താര വരെ മാത്രമല്ല, സാക്ഷാൽ സ്വർഗം വരെ ! ദൈവത്തിനു നിന്നെക്കൊണ്ടു ആവശ്യമുണ്ടെന്നു ദൈവം തന്നെ ലോകത്തിനു കാണിച്ചു കൊടുക്കും. ദൈവത്തോട് ചേർന്ന് നിൽക്കുക, ദൈവം നിന്നെ ഉയർത്തും ! നീ വേണ്ടപ്പെട്ടവനും അമൂല്യനുമാണ് !
(Message from John Thengumpallil).

Leave a comment