പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“അവര്‍ പഴയ കാലങ്ങളെ, കര്‍ത്താവിന്റെ ദാസനായ മോശയുടെ നാളുകളെ, അനുസ്മരിച്ചു. തന്റെ ആട്ടിന്‍പറ്റത്തിന്റെ ഇടയന്‍മാരെ കടലിലൂടെ നയിച്ചവന്‍ എവിടെ? അവരുടെ മധ്യത്തിലേക്കു തന്റെ പരിശുദ്ധാത്മാവിനെ അയച്ചവന്‍ എവിടെ? തന്റെ മഹത്വപൂര്‍ണമായ ഭുജബലം മോശയുടെ വലത്തു കൈയില്‍ പകരുകയും തന്റെ നാമം അനശ്വരമാക്കാന്‍ അവരുടെ മുന്‍പില്‍ സമുദ്രം വിഭജിക്കുകയും അഗാധങ്ങളിലൂടെ അവരെ നയിക്കുകയും ചെയ്തവന്‍ എവിടെ? കുതിരയെന്ന പോലെ അവര്‍ മരുഭൂമിയില്‍ കാലിടറാതെ നടന്നു. (ഏശയ്യാ 63:11-13)”
രക്ഷകനായ ഈശോയെ, ദുരിതങ്ങളിൽ താങ്ങാകുന്ന ദൈവ പുത്രാ, ഈ പ്രഭാതത്തിൽ ഉയർത്തിയ കരങ്ങളുമായി ഞങ്ങൾ അങ്ങയെ സമീപിക്കുന്നു. പിതാവേ, ഞങ്ങളെ നിരാശരാക്കരുതേ. കൊറോണ വൈറസിനെ പറ്റിയുള്ള ഭീതിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ. ദൈവജനത്തെ വീണ്ടും ഒരുമിച്ചു കൂടുവാൻ അനുവദിക്കണമേ. ദൈവമേ അങ്ങ് ഞങ്ങളുടെ ക്ലേശങ്ങൾ സ്വർഗ്ഗത്തിൽ നിന്നും നോക്കി കാണണമേ. നവമാധ്യമങ്ങൾ വഴിയും, ടെലിവിഷനിൽ കൂടിയും നടക്കുന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത മക്കളെ ഓർക്കുന്നു. പ്രായമായവർ, രോഗികൾ, വിശുദ്ധ കുർബാനയുടെ അനുഭവം പൂർണ്ണമാകാതെ വിഷമിക്കുന്നവർ തുടങ്ങി, ഈ ദിനങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം ഏകണമേ. അന്ധകാരത്തിന്റെ ആധിപത്യം നിറഞ്ഞ ഈ ദിനങ്ങളിൽ ദൈവം എവിടെയാണ് എന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകണമേ. ഞങ്ങളുടെ ഡോക്ടർമാരുടെ കരങ്ങൾ വഴി അവിടുന്ന് പ്രവർത്തിക്കണമേ. ശാസ്ത്രജ്ഞർക്ക് ജ്ഞാനം നൽകണമേ. ഭരണാധികാരികൾക്ക് വിവേകം നൽകണമേ. ലോകത്തെ സംരക്ഷിക്കണമേ. ഈശോയെ അവിടുന്ന് കൊറോണ വൈറസിന്റെ ഈ സംഹാര താണ്ഡവത്തെ പിടിച്ചു കെട്ടണമേ. ഞങ്ങൾക്ക് അനുഗ്രഹം ഏകണമേ . നാഥാ, ഇന്നേ ദിനത്തിൽ അവിടുത്തെ കരുണയിൽ ഞങ്ങളെ പൊതിയണമേ. കോവിഡ് പത്തൊൻപത് ബാധിച്ചു മരിച്ചു പോയവരെയും, ചികിത്സയിൽ കഴിയുന്നവരെയും ഓർക്കുന്നു. അവരെ ആശ്വസിപ്പിക്കണമേ. മനുഷ്യൻ എത്ര നിസ്സഹായൻ ആണെന്ന് ഈ ദിനങ്ങൾ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നവല്ലോ. കഷ്ടതയുടെ ഈ ദിനങ്ങൾ നീണ്ടു പോകുവാൻ അങ്ങ് അനുവദിക്കരുതേ. വലിയ സന്തോഷത്തിന്റെ ദിനങ്ങൾ എത്രയും പെട്ടന്ന് കടന്നു വരുവാൻ അങ്ങ് അനുഗ്രഹിക്കണമേ. രാജ്യത്തിന്റെ നിയമങ്ങളോട് ചേർന്ന് നിൽക്കുവാനും, ദൈവത്തിന്റെ കരങ്ങളിൽ മുറുകെ പിടിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment