അകലങ്ങളിൽ നിന്നും ഹൃദയത്തിങ്കലേക്ക്

ബ്രദർ സേവ്യർ വേങ്ങശ്ശേരിൽ ( നന്ദിക്കുറിപ്പ് )

Br Xavier Vengasseril MCBS 08

അകലങ്ങളിൽ നിന്നും ഹൃദയത്തിങ്കലേക്ക് 

Writing Courtesy : Sunisha Francis, Vengasseril

നീളമുള്ള ഇടതൂർന്ന കട്ടിയുള്ള കൂട്ടുപുരികവും ഇരു ചെവിയുടെയും വശങ്ങളിൽ ഉണ്ടായിരുന്ന കമ്പിളി പുഴുപോലെയുള്ള രോമങ്ങളുമായിരുന്നു എനിക്ക് കുട്ടിക്കാലത്ത് അപ്പച്ചനച്ചനിലേക്ക് ദൂരമുണ്ടാക്കിത്തന്നിരുന്നത്… എങ്കിലും കൂട്ടുകാരികളുടെ മുൻപിൽ കുടുംബത്തിലെ വൈദികരുടെയും സന്യസ്തരുടെയും എണ്ണം പറയുമ്പോൾ എനിക്ക് ജയിച്ചുനിൽക്കാൻ ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ….ബ്രദർ സേവ്യർ വേങ്ങശ്ശേരിയിൽ എന്ന ഞങ്ങളുടെ സ്വന്തം അപ്പച്ചനച്ചൻ. കൂട്ടുകാരുടെ മുൻപിൽ അച്ചൻ എന്റെ വലിയ ‘ഹീറോ ‘ ഒക്കെയായിരുന്നെങ്കിലും അടുപ്പത്തിന്റെ വലിയ ‘സാഗ’കൾ ഒന്നും ഞങ്ങൾക്കിടയിൽ അന്നൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചറിവുകളുടെ പ്രായമെത്തിയപ്പോളാണ് ആ പുരോഹിത ശ്രേഷ്ഠനോട് അടുക്കുവാനാരംഭിച്ചത്.. ഏതോ ഒരവധിക്കാലത്തു വീട്ടിൽ വന്നപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്റെ മമ്മിയെ അഭിനന്ദിച്ചതു കേട്ടപ്പോളാണ് അച്ചനോടുള്ള ആ വലിയ അകലത്തിന്റെ നൂൽക്കണ്ണികളുടെ നീളം കുറെയൊക്കെ കുറഞ്ഞത്… കാരണം എന്നും മമ്മി ഉണ്ടാക്കിത്തരുന്നത് കഴിക്കുന്ന ഞങ്ങൾക്ക് ഒരിക്കൽ പോലും അഭിനന്ദിക്കുവാനോ ഒരു നല്ലവാക്കുപറയുന്നതിനെപ്പറ്റി ആലോചിക്കുവാനോ അന്നുവരെ തോന്നിയിരുന്നില്ല… അന്നാണ് അഭിനന്ദനം നൽകുന്ന വലിയൊരു ശക്തിയുടെ ഗുണം എനിക്ക് മനസ്സിലാക്കുവാൻ തുടങ്ങിയതും…മറ്റുള്ളവരെ ഹൃദയം തുറന്നു അഭിനന്ദിക്കുവാനോ നല്ല വാക്കുപറയുവാനോ എല്ലാവർക്കും സാധിക്കില്ലെന്നും മനസ്സിൽ ഒരുപാട് നന്മയുടെങ്കിലേ നല്ലത് കാണുവാനും ചിന്തിക്കുവാനും മറ്റുള്ളവരുടെ മുന്നിൽ വെച്ച് വേറൊരാളെ അഭിനന്ദിക്കുവാൻ സാധിക്കുകയുള്ളൂ എന്നൊക്കെ പിന്നീട് അനുഭവം കൊണ്ടു മനസ്സിലായപ്പോളാണ് അച്ചന്റെ മനസ്സിന്റെ നന്മയെക്കുറിച്ചു മനസ്സിലായിത്തുടങ്ങിയത്… കത്തുകളിലൂടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്ന കാലത്ത് നീട്ടിപ്പരത്തിയുള്ള വലിയ വള്ളികളുള്ള അക്ഷരങ്ങളിൽ “മക്കൾ ” എന്ന അഭിസംബോധനയിൽ ഞാനും പെടുന്നുണ്ടല്ലോ എന്ന അഭിമാനവും അതിലുപരി എന്നെയും അതിൽ പരിഗണിച്ചുവല്ലോ എന്ന സന്തോഷവുമൊക്കെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അഭിനന്ദനത്തിന്റെയും പരിഗണനയുടെയും നല്ല പാഠങ്ങളൊക്കെ എപ്പോളോ എവിടെയൊക്കെയോ മനസ്സിൽ ചില ഏടുകളായി കോറിയിട്ടപ്പോൾ അച്ചനോട് നേരിട്ട് സംസാരിക്കുവാൻ അന്നും ധൈര്യം ആയിരുന്നില്ലെന്നുള്ളതായിരുന്നു സത്യം. പിന്നീട് അവധിക്ക് വയനാട്ടിലെ വീട്ടിൽ വരുമ്പോൾ പതിയെ സംസാരിച്ചു തുടങ്ങിയെങ്കിലും എവിടെയൊക്കെയോ ചില കൃത്രിമ ഗൗരവം ഞാനായിട്ടുതന്നെ വെച്ചിരുന്നു… അങ്ങനെയിരിക്കെയാണ് ഏപ്രിൽ മാസം 13 നു അതിരംപുഴയിലേക്ക് ഫോൺ വിളിച്ചപ്പോൾ അച്ചന്റെ പിറന്നാളായിരുന്നു എന്ന് കേൾക്കുന്നത്. അങ്ങനെ പിറന്നാളാശംസകൾ നേരുവാനായി ഫോൺ എന്റെ അടുക്കലെത്തി സംസാരിക്കുവാനാരംഭിച്ചപ്പോളാണ് ‘ ഈ മനുഷ്യൻ ഇത്ര നീതിമാനായിരുന്നോ ‘ എന്ന് ഞാൻ അറിഞ്ഞതും. ഉള്ളിലെ സൗഹാർദ്ദവും സ്നേഹവും ഹാസ്യം കലർന്ന സംസാരവുമെല്ലാം കൂട്ടിവായിച്ചപ്പോൾ ഇത്രയും കാലം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന മഞ്ഞുപാളികൾ എല്ലാം വളരെപ്പെട്ടന്ന് ഉരുകിപ്പോയി…

പ്രാർത്ഥനയുടെ ഒരു വലിയ ജീവിതമായിരുന്നു അച്ചന്റേത്… എപ്പോൾ ഫോൺ വിളിച്ചാലും നിത്യാരാധന ചാപ്പലിൽ ആയിരുന്നു എന്നായിരിക്കും മറുപടി… സംസാരിക്കുന്നതിലധികവും ഹൗസിലെ പ്രാവുകളെക്കുറിച്ചും കുളത്തിൽ വളർത്തുന്ന മീനിൽ ഒരെണ്ണം ചത്തുപോയതിനെക്കുറിച്ചുo അതുപോലെ പൂച്ചകളെ കുറിച്ചുമൊക്കെയായിരിക്കും…. അവസാനം ഞാൻ നിങ്ങൾക്കൊക്കെ വേണ്ടി എപ്പോളും പ്രാര്ഥിക്കുന്നുണ്ട് എന്നുള്ള ആ വലിയ ഉറപ്പും തന്നായിരുന്നു ഫോൺ വെക്കുക… പ്രകൃതിയോടുള്ള സ്നേഹവും കരുതലും അതുപോലെ തന്നെ അകലങ്ങളിലായിരിക്കുന്ന ഞങ്ങളെയൊക്കെ അടുത്തിരിക്കുന്ന ഉടയവന്റെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്ന അച്ചനെ പിന്നീട് കാണുന്നത് സഹോദരിയുടെ വിവാഹ ചടങ്ങിലാണ്… ദേവാലയത്തിൽ പുരോഹിതൻ ബലിയർപ്പിക്കുമ്പോൾ ഒരു വശത്തു ഭക്തിപൂർവ്വം തലകുമ്പിട്ടു നിന്ന് പ്രാർത്ഥിക്കുന്ന അച്ചന്റെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു… സന്യാസം വ്രതമായേറ്റെടുത്തിട്ടും പൗരോഹിത്യത്തിന്റെ ഏറ്റവും കാതലായ വിശുദ്ധ ബലിയർപ്പണം അച്ചന് സാധ്യമായില്ലല്ലോ എന്ന് എന്റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി… പക്ഷേ ജീവിതം ഒരു ബലിയർപ്പണമായേറ്റെടുത്ത അദ്ദേഹം ചെയ്യുന്ന ഏതൊരു ചെറിയകാര്യവും വലിയൊരു ബലിയർപ്പണമാണെന്നു പിന്നീട് അച്ചന്റെ ജീവിതത്തിൽ നിന്നുതന്നെ ഞങ്ങൾ കണ്ടറിഞ്ഞു….അത്യുന്നതങ്ങളിൽ സ്വീകരിക്കപ്പെട്ട ഏറ്റവും ഉന്നതവും പരിപാവനവുമായ ബലിയർപ്പണമായിരുന്നു അച്ചന്റെ ജീവിതം…

വലിയ ശിഷ്യഗണങ്ങൾ ഉള്ള അച്ചൻ ഉപയോഗിച്ചിരുന്നതൊക്കെ പട്ടമേറ്റു വൈദികരായതിന് ശേഷം കാണുവാനും പരിചയം പുതുക്കുവാൻ വരുമ്പോളുമെല്ലാം നൽകിയിരുന്ന ഓരോ സ്നേഹ സമ്മാനങ്ങളായിരുന്നു.

ഒരിക്കൽ കടുവാകുളത്തെ ഹൌസിൽ അച്ചനെ കാണുവാൻ വന്നപ്പോൾ അവിടുത്തെ സന്ദർശന മുറിയിലെ കറുത്ത ബോർഡിൽ കുറിച്ച വെളുത്ത ഒരു വാചകമാണ് ഓർമ്മ വരുന്നത്, “ഇവിടെ സന്നിഹിതരല്ലാത്ത ഒരാളെക്കുറിച്ചു നിങ്ങൾ സംസാരിക്കരുത് ” എന്ന്. ആ വാചകം എന്നെ വളരെയധികം സ്വാധീനിച്ചു… കാരണം അന്ന് അവിടെ അച്ചനെ കണ്ടു സംസാരിച്ചപ്പോൾ മറ്റൊരാളുടെ കാര്യങ്ങളും അവിടെ അച്ചൻ സംസാരിച്ചിരുന്നില്ല എന്നത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ആ ചെറിയ കാര്യത്തിൽ നിന്നുപോലും മനസ്സിലായി ദിവ്യകാരുണ്യ മിഷനറി സഭ അനുശാസിച്ചിരുന്ന ഓരോ ചെറിയ കാര്യങ്ങൾപോലും അച്ചൻ കൃത്യമായി പാലിക്കുവാൻ ശ്രമിച്ചിരുന്നുവെന്ന്.

ലാളിത്യത്തിന്റെ ബഹിർസ്ഫുരണമായിരുന്നു അച്ചന്റെ മുറിയും. ചെറിയൊരു മുറിയിൽ വളരെ കുറച്ചുമാത്രം വസ്തുക്കൾ… അതിലേറെയും രൂപങ്ങളും ജപമാലകളും. അച്ചന്റെ ഏറ്റവും വലിയ ആർഭാടമായിരുന്നു കൊതുകുവല….! മുറിയിലെ അലമാരയിൽ അച്ചനിലെ ചെറിയ കലാകാരൻ രൂപം വെച്ചിരിക്കുന്നതും നമുക്ക് കാണുവാൻ സാധിക്കും… വിശുദ്ധ അൽഫോൻസാമ്മയും അന്തോണീസ് പുണ്യവാളനും പിയത്തേയും ഒക്കെ നിരന്നിരിക്കുന്നതിന്റെ കൂടെ ഒരു ചെറിയ ബ്രദർ സേവ്യേറിനെയും(അതിലെ പ്രധാന ആകർഷണം ആ പുരികങ്ങൾതന്നെയാണ് ) കൂടി നമുക്ക് കാണുവാൻ സാധിക്കും. പ്ലാസ്റ്റർ ഓഫ് പാരീസ് വെച്ചുണ്ടാക്കിയ ഈ രൂപങ്ങളിൽ പരിശീലനം കിട്ടിയിട്ടില്ലാത്ത ഒരു കലാകാരൻ ഒളിച്ചിരിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. മനസ്സിനിണങ്ങിയതെല്ലാം ആഹാരമാക്കിയിരുന്ന അച്ചൻ ഭക്ഷണം കഴിക്കുന്നതും ഒരു കലയാണെന്ന് എന്റെ ജീവിത പാഠപുസ്തകത്തിൽ എപ്പോളോ എഴുതിവെച്ചു. പറയുവാനും എഴുതുവാനും ഒരുപാടുണ്ടെങ്കിലും ഒരു കൊച്ചു മകൾ എന്ന നിലയിൽ അച്ചനെ എന്നും ജീവിക്കുന്ന വിശുദ്ധാത്മാക്കളുടെ നിരയിൽ ഒന്നാമത് നിർത്തുമെന്നതിൽ സംശയമില്ല. വിശുദ്ധ ജീവിതത്തിൽ ശ്രേഷ്ഠമാർന്ന സ്നേഹം കൊണ്ടും കളങ്കമില്ലാത്ത ചേർത്ത് നിർത്തലുകൾ കൊണ്ടും സ്നിഗ്ധതയുള്ള ചുംബനങ്ങൾ കൊണ്ടും പരിചയപ്പെടുന്നവർക്ക് ജീവിക്കുന്ന ദൈവത്തെ കാണിച്ചു കൊടുത്തിരുന്ന അച്ചന്റെ ഓർമ്മകൾ എന്നും മനസ്സിലുണ്ടാകും… കാണിച്ചുതന്ന മാതൃകകളും ദൈവാശ്രയത്വവും ലാളിത്യവും എല്ലാമെല്ലാം ഞങ്ങൾ കുടുംബാംഗങ്ങൾക്ക് ‘എങ്ങനെ ആയിരിക്കണം ‘ എന്നതിൽ വലിയൊരു മാതൃകയാണ്.

പ്രിയപ്പെട്ട MCBS കുടുംബാങ്ങ്ങളെ , നിങ്ങൾക്ക് അദ്ദേഹം ഒരു സഹോദരനും ഗുരുവും സുഹൃത്തും അതിലുപരി ഒരു ആത്മീയ പിതാവുമൊക്കെയാണെങ്കിലും ജീവിതത്തിന്റെ ഏറ്റവും കൂടുതൽ കാലവും ചിലവഴിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പക്കലും അതിലൂടെ തമ്പുരാന്റെ തിരു സന്നിധിയിലുമാണെന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ രോഗാവസ്ഥയിലും വിശ്രമാവസ്ഥയിലുമെല്ലാം ഏറ്റവും മനോഹരമായി സ്നേഹപൂർവ്വം ശുശ്രൂഷിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത MCBS സഭാ സമൂഹ അംഗങ്ങളെ എല്ലാവരെയും പ്രാർത്ഥനയോടെ നന്ദിപൂർവ്വം ഞങ്ങൾ വേങ്ങശ്ശേരിൽ കുടുംബാംഗങ്ങൾ ഓർക്കുന്നു. മൃത സംസ്കാര ശുശ്രൂഷയിൽ ഞങ്ങൾക്ക് പങ്കെടുക്കുവാൻ സാധിക്കാത്തതിൽ അതിയായ വിഷമമുണ്ടെകിലും തത്സമയം കാണുവാൻ സാഹചര്യമൊരുക്കിത്തന്ന എമ്മാവൂസ് പ്രൊവിൻസ്‌ അംഗങ്ങൾക്കും അതിനു മുൻകൈ എടുത്ത എല്ലാ ബഹുമാനപ്പെട്ട അച്ചൻമാരെയും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു. അതുപോലെ തന്നെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത എല്ലാ വൈദികർക്കും സന്യസ്തർക്കും മറ്റു ഇടവകാംഗങ്ങൾക്കും, ചടങ്ങുകൾ ഏറ്റവും ഭംഗിയായി നടത്തുവാൻ മുൻകൈ എടുത്ത എല്ലാ വൈദികർക്കും, ബ്രദറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു പ്രാർത്ഥിച്ച ബഹുമാനപ്പെട്ട പിതാക്കൻമ്മാർക്കും മറ്റു വൈദികർക്കും അതിലുപരി MCBS എമ്മാവൂസ് പ്രൊവിൻസ് അധികാരിക്കും ഞങ്ങൾ വേങ്ങശ്ശേരി കുടുമ്പത്തിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു. അതോടൊപ്പം ദിവ്യകാരുണ്യ മിഷനറി സഭയുമായി വേങ്ങശ്ശേരി കുടുംബത്തിനുണ്ടായിരുന്ന നല്ല ബന്ധം ഇനിയും ഉണ്ടാകുമെന്നും നിങ്ങളെ എല്ലാവരെയും ഞങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുമെന്നും വാഗ്ദാനം ചെയ്യുന്നു… ഈ കോറോണക്കാലത്തിൽ അന്ത്യ ചുംബനം അർപ്പിക്കുവാൻ സാധിക്കാതെ അച്ചനെ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയാക്കേണ്ടി വന്ന വിഷമം സംസ്കാര ചടങ്ങിൽ ജോർജ് അച്ചൻ പങ്കുവച്ചപ്പോൾ ഇങ്ങകലെ വിതുമ്പിയ ഞങ്ങളുടെ ഹൃദയങ്ങളും നിങ്ങൾക്കു കാണുവാൻ സാധിച്ചതിൽക്രിസ്തു പഠിപ്പിച്ച സമഭാവനയുടെ ഒരു ഒന്നുചേരൽ ഈ വിശുദ്ധ വാരത്തിനു പുണ്യം കൂട്ടുന്നു… ദിവ്യകാരുണ്യ മിഷനറി സഭയുടെ എല്ലാ പ്രവർത്തനങ്ങളിലൂടെയും അപരനിൽ ദൈവത്തെ ദർശിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment