
അമ്മയെ കാണാൻ
ഇരുട്ടു വെളിച്ചത്തിനു വഴിമാറിക്കൊടുത്തു കൊണ്ടിരിക്കുന്ന പുലർവേള.കുഞ്ഞു ദിയ ഉറക്കമുണർന്നു. തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് കുറച്ചു നേരം കൂടി ഉറങ്ങണം അവൾ തിരിഞ്ഞു കിടന്നു. അമ്മ കിടക്കുന്ന സ്ഥലം ശൂന്യമായിരുന്നു. പെട്ടന്നവൾക്കോർമ്മ വന്നു, ഓ അമ്മ ഇവിടെ ഇല്ലല്ലോ അമ്മ ഹോസ്പിറ്റലിൽ പോയതല്ലേ. അമ്മ എന്തോ വലിയ രോഗമുള്ളവരെ നോക്കാൻ പോയതാണ്. ഇനി കുറേ ദിവസം കഴിഞ്ഞേ വരൂ. അമ്മ ഇപ്പം വന്നാൽ നമ്മൾക്കും ആരോഗം വരും എന്നൊക്കെ
അച്ഛൻ പറഞ്ഞു മനസ്സിലാക്കിയെങ്കിലും ആ കുഞ്ഞു മനസ്സിന് അമ്മയെ കാണാൻ കൊതിയായി. അമ്മയെ കെട്ടിപ്പിടിച്ചു കിടക്കാൻ കുറേ ഉമ്മ കൊടുക്കാൻ, അമ്മ ഉരുട്ടിക്കൊടുക്കുന്ന കുഞ്ഞുരുള തിന്നാൻ ഒക്കെ. ഇപ്പോൾ അച്ഛൻ എപ്പോഴും ഇവിടെ ഉണ്ട്. ഓഫീസ് ഒന്നും ഇല്ല പോലും. എല്ലാം അച്ഛനും അച്ഛമ്മയും ചെയ്തു തരുന്നുണ്ടെങ്കിലും അമ്മയെ കാണാൻ ഭയങ്കര കൊതിയായി അമ്മ മോളെ ചക്കരേ എന്നൊക്കെ വിളിക്കുന്നതു കേൾക്കാൻ ,എടുത്തോണ്ടുനടക്കാൻ, മുടി ചീകിത്തരാൻ, പാട്ടു പാടി ഉറക്കാൻ ഒക്കെ മോൾക്കു കൊതിയായി. ആ ഇന്നല്ലെ അച്ഛൻ അമ്മയെ കാണിക്കാൻ കൊണ്ടുപോകാമെന്നു പറഞ്ഞത്. അവൾ തിരിഞ്ഞു നോക്കി അച്ഛൻ നല്ല ഉറക്കമാണ്.
അച്ഛാ എണീക്ക് ഇന്നല്ലേ അമ്മയെ കാണാൻ കൊണ്ടുപോകാമെന്നു പറഞ്ഞത്. അച്ഛൻ മറന്നു കാണും… അച്ഛാ അച്ഛാ എണീക്ക്. ശ്ശൊ ഇതെന്താ മോളെ കുറച്ചു സമയം കൂടി ഉറങ്ങട്ടെ. ഉറക്കം പോയില്ല. വാ മോളും കിടക്ക്. കുറച്ചു സമയം കൂടി ഉറങ്ങാം. ഈ അച്ഛനെന്തു മറവിയാ, ഇന്നമ്മേടെ അടുത്തു പോണ്ടേ, മോൾക്ക് അമ്മേ കാണാൻ തിരക്കായി. പിന്നെ മോൾ അമ്മയെ കാണ്ടാൽ എടുക്കാനൊന്നും പറയരുത്, കരയരുത്. കരഞ്ഞാൽ അമ്മയ്ക്കു വിഷമമാകും, നമുക്കു ദൂരെ നിന്നു കാണാനേ പറ്റൂ. ശരിയച്ഛാ മോൾക്ക് അമ്മയെ കണ്ടാൽ മാത്രം മതി. എനിക്ക് അമ്മയെ കാണാൻ കൊതിയായിട്ട് വയ്യാ. അമ്മയെ കാണുമ്പം മോളുകരയില്ലല്ലോ. പ്രോമിസ്’ ഇല്ലച്ഛാ ഞാനെത്ര പ്രാവശ്യം പറഞ്ഞു. മോൾക്ക് അമ്മയെ കണ്ടാൽ മാത്രം മതി. എന്നാൽ അച്ഛമ്മയോട് മോളെ ചുന്ദരിയാക്കാൻ പറ. കുറേ ദിവസം കൂടി അമ്മയെ കാണുന്നതല്ലേ. അച്ഛനും റഡിയാകട്ടെ.
പക്ഷേ ഇവിടെ എത്തി സിന്ധുവിനെ കണ്ടപ്പോൾ മോളുടെ ഭാവമാകെ മാറി. അമ്മേ വാ, വാവയെ എടുക്കമ്മേ, മുഖത്തു നിന്നതു മാറ്റമ്മേ. അമ്മയെ മോളു ശരിക്കു കാണട്ടെ.അമ്മ എത്ര നാളായി മോളെ കണ്ടിട്ട് മോൾക്ക് അമ്മയെ കാണാൻ കൊതിയായി ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഒരേ കരച്ചിൽ. കണ്ടു നിന്നവരുടെയെല്ലാം കണ്ണുകളീറനായി. അവളും കരഞ്ഞുപോയി. തിരികെ പൊയ്ക്കോ എന്നവൾ ആംഗ്യം കാണിച്ചു. കണ്ണു തുടച്ചു കൊണ്ടു തിരിച്ചു നടന്നു. മോളെ തിരികെപ്പോകാം. വേണ്ടച്ഛാ എനിക്കമ്മയെ കണ്ടിട്ടു മതിയായില്ല. ഇനി അമ്മയെ കാണാൻ പറ്റില്ല. അവർ പെർമിഷൻ കൊടുക്കില്ല. പറ്റില്ല എനിക്കമ്മയെ കാണണം. അമ്മയെ വിളിക്കച്ഛാ. വീട്ടിലേക്കു കൊണ്ടു പോകാം അവൾ ഉച്ചത്തിൽ ഓരോന്നു പറഞ്ഞു കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയി. വണ്ടി തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോളും മോളുടെ ഏങ്ങലടി കാതോരം കേട്ടുകൊണ്ടേയിരുന്നു…..
#mazha
രമണി പീതാംബരൻ

Leave a comment