ദു:ഖവെള്ളി

✝️ദു:ഖവെള്ളി✝️

ലോകം നിശബദമായി……
“എലോയ്….. എലോയ്….. ലാമാ ….സബ്ക്ക്ത്താനി “. എന്റെദൈവമേ …..എന്റെ ദൈവമേ…..എന്തുകൊണ്ട് അങ്ങ് എന്നെ കൈവിട്ടു….

പുത്രന്റെ ഈചോദ്യത്തിനുമുമ്പിൽദൈവം നിശബ്ദനായിരുന്നു . എന്തുകൊണ്ടാണ് അങ്ങ് നിശബ്ദനായതെന്ന് എന്റെ ഈ കൊച്ചു ബുദ്ധി കലഹിക്കുന്നു. മനസ്സിലാവുന്നില്ല ദൈവമേ….” നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ” എന്ന പുത്രന്റെ വിലാപം എന്റെ കർണ്ണപുടങ്ങളിൽ മുഴങ്ങി കൊണ്ടിരിക്കുന്നു …. എനിക്ക്ഒരുവ്യക്തതയുമില്ല ….
പുരോഹിത വർഗ്ഗത്തിന്റെ തന്ത്രങ്ങളിൽ ഞങ്ങളും അവനെ വേണ്ടന്നു പറഞ്ഞു. ബറാബാസിനെ മതി എന്നു പറഞ്ഞവരുടെ പിൻ തലമുറക്കാരാണ് ഞങ്ങൾ.
യുദ്ധങ്ങളുടെ ആരാവ ഭൂവിൽ നിൽക്കുന്ന ഞങ്ങൾ കൊറോണക്കാലത്തെ അഭിമുഖികരിക്കുമ്പോൾ തമ്പുരാനോടുള്ള ചോദ്യത്തിന് സ്വയം കീഴടങ്ങി തിരിച്ചറിയുന്നു …..എല്ലാ സമസ്യകളുടെയും പൊരുൾ സൂക്ഷിക്കുന്ന പ്രപഞ്ചത്തിന്റെ മുഴുവൻ അധിനാഥനായ നിന്റെ മനസ്സിലൊരുത്തരമുണ്ടെന്ന് … .മരണം ഒരു അവസാന വാക്ക് അല്ലെന്ന് …… നിന്നിലാണ് നിത്യജീവനെന്ന് …….

ക്രിസ്തു കുരിശിൽ മരിച്ചു എന്നതല്ല കാര്യം. രക്ഷാകര പദ്ധതിക്കായി മരിക്കാൻ ഒരു ജീവിതം കരുതി വച്ചു എന്നതാണെന്ന്. മരണം ജീവിതത്തിന്റെ പൂർത്തീകരണമാണ്.

ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെഇപ്രകാരം പ്രാർത്ഥിക്കുവാൻ എന്നെഅനുവദിക്കണമേ …” എന്റെ ആത്മാവിനെ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു ”

ഒരാൾ മരിക്കുമ്പോൾ എല്ലാവരും ചോദിക്കും അയാൾ എങ്ങനെ മരിച്ചു എന്ന് ? ക്രിസ്തു മാത്രം ചോദിക്കും അയാൾ എങ്ങനെ ജീവിച്ചുഎന്ന് ?. കുരിശു മരണം ചോദിക്കുന്നത് നിങ്ങളുടെ സങ്കടങ്ങളെ കുറിച്ചല്ല, സഹനങ്ങളെ കുറിച്ചല്ല, അദ്ധ്വാനങ്ങളെ കുറിച്ചല്ല. നിങ്ങളുടെകുരിശുകൾക്കു പിന്നിൽ കരുതി വെച്ച ജീവിതത്തെ കുറിച്ചാണ്.

പിതാവിന്റെ ഒരു ചോദ്യം കൂടെ ബാക്കിയാവുന്നു നമ്മോട്. “സകലർക്കും വേണ്ടി കുരിശിൽ മരിക്കാൻ ഉള്ളിലെ ആത്മാവ് ഉടലായി മാറിയിട്ടുണ്ടോ ” ? എന്നു മാത്രം.

ഇനിയും ഏറെ ദൂരമുണ്ട് ഈ കുരിശിന്റെ വഴികൾക്ക് …….

ദു:ഖവെള്ളി സ്മരണയിൽ,
സെജി മൂത്തേരിൽ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment