മരണത്തെ എങ്ങനെയാണു ക്രിസ്തു കൊന്നുകളഞ്ഞത്?

Holy Face

മരണത്തെ എങ്ങനെയാണു ക്രിസ്തു കൊന്നുകളഞ്ഞത് ?

യേശുതമ്പുരാന്‍റെ മാതൃക പിന്തുടര്‍ന്നു മാര്‍ ആപ്രേമും മറ്റും ഉപയോഗിച്ച ഒരു ഉപമയാണ് മരണം എന്ന ഭീകരഭൂതത്തെ കൊല്ലുന്ന കഥ. അതിനെ ഒരു ചരിത്രസംഭവമായി അക്ഷരാര്‍ഥത്തില്‍ കണ്ടാല്‍ “പരീശന്മാരുടെ പുളിച്ച മാവിനെ സൂക്ഷിച്ചു കൊള്‍വീന്‍” എന്ന യേശുക്രിസ്തുവിന്റെ ഉപദേശം അക്ഷരാര്‍ഥത്തില്‍ എടുത്ത ശിഷ്യന്മാരുടെ മണ്ടത്തരമാവും അത്.

എന്താണ് ഈ ഉപമയുടെ അര്‍ത്ഥം എന്നു അപ്രേം പിതാവിനോടു ചോദിച്ചാല്‍ എന്താവും അദ്ദേഹം നല്‍കുന്ന ഉത്തരം? അദ്ദേഹം ഇങ്ങനെ പറയുമായിരിക്കും. മരണം രണ്ടു തരമുണ്ട്: യേശു മരിച്ച മരണം, യേശു കൊന്ന മരണം. ആദ്യത്തേത് ആക്ഷരികമാണ്. രണ്ടാമത്തേത് ആലങ്കാരികവും. മനുഷ്യജീവിതത്തിലെ രണ്ടു അടിസ്ഥാന പ്രശ്നങ്ങളാണിവ.

യേശു മരിച്ച മരണം സ്വാഭാവിക മരണമാണ്. ജനനമുള്ള എല്ലാ ജീവികള്‍ക്കുമുണ്ട് മരണവും. മരണം സുനിശ്ചിതം, എന്നാല്‍ എപ്പോള്‍ അത് വരുമെന്നു മാത്രം ഒരു നിശ്ചയവുമില്ല. നമ്മുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞൊടിയിടയില്‍ ഇല്ലാതാക്കുന്ന ഒരു ഭീകരഭൂതമായി മരണം കാണപ്പെടുന്നു. എന്നാല്‍ നമ്മെ ഭയപ്പെടുത്തുന്ന ഈ ഭീകരഭൂതം വീര്‍പ്പിച്ചു വച്ചിരിക്കുന്ന ഒരു വെറും പാവയാണ് എന്നതാണു സത്യം. മരണമല്ല വാസ്തവത്തില്‍ നമ്മുടെ പ്രശ്നം, മരണഭയമാണ്. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കൊണ്ട് ഇത് വിശദമാക്കാം.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും കാണപ്പെടുന്നു. ഭൂമിയില്‍ നിന്നു ഏതാണ്ട് ഒരായിരം മൈല്‍ മാറി സ്പേസില്‍ പോയി നോക്കിയാല്‍ സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്നു കാണാം. അതുപോലെ നമ്മുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോഴാണ് നമുക്ക് മരണമുള്ളത്. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ നമുക്ക് ജനനവും മരണവും ഇല്ലെന്നാവും കാണുക. കാരണം നമ്മെ ജീവിപ്പിക്കുന്ന ജീവന്‍ നമ്മുടെ സ്വന്തമല്ല, അത് ദൈവത്തിന്റെ ജീവനാണ്. സ്വയം പ്രകാശിക്കുന്ന സൂര്യന്‍റെ പ്രകാശത്താല്‍ ചന്ദ്രന്‍ പ്രകാശിക്കുന്നത് പോലെ തന്നില്‍ത്തന്നെ ജീവനുള്ള ദൈവത്തിന്‍റെ ജീവനാണ് എല്ലാ ജീവജാലങ്ങളെയും ജീവിപ്പിച്ചു നിര്‍ത്തുന്നത്. ചന്ദ്രനു സ്വതവേ പ്രകാശമില്ലാത്തത് പോലെ നമുക്ക് സ്വതവേ ജീവനില്ല.

സമുദ്രോപരിതലത്തില്‍ ഉയരുന്ന ഒരു തിരമാല നിമിഷങ്ങള്‍ക്കകം താഴേക്കു പതിക്കുമ്പോള്‍ “അയ്യോ ഞാന്‍ മരിക്കുന്നേ” എന്നു വിലപിക്കുന്നതായി സങ്കല്‍പ്പിക്കുക. എന്തു പറഞ്ഞാണ് നാം അതിനെ ആശ്വസിപ്പിക്കുന്നത്? തിരമാല ജനിച്ചിട്ടു വേണ്ടേ മരിക്കാന്‍ എന്നാവും നമുക്ക് മനസില്‍ തോന്നുക. ഇതുപോലെയാണ് എല്ലാ ജീവികളുടെയും കാര്യം. സര്‍വേശ്വരന്റെ ജീവന്റെ പ്രകടനങ്ങളാണ് എല്ലാ ജീവജാലങ്ങളും. സ്വയം ജീവിക്കുന്ന ഒരു ജീവിയും ഇല്ല.

ചുരുക്കത്തില്‍, യേശു മരിച്ച മരണം എല്ലാ ജീവജാലങ്ങളും മരിക്കുന്ന മരണമാണ്. അതില്‍ ഭയക്കേണ്ടതായി ഒന്നും ഇല്ല. ഉള്‍ക്കണ്ണു കൊണ്ടു കാണുമ്പോഴാണു നമ്മെ പേടിപ്പിക്കുന്ന ഈ ഭൂതം വെറും ഒരു പാവയാണ് എന്നു നാം അറിയുന്നത്. എന്നാല്‍ യേശു കൊന്ന മരണം വെറുമൊരു പാവയല്ല, അത് വളരെ അപകടകാരിയായ ഒരു ഭീകരഭൂതം തന്നെയാണ്. ആത്മീയമരണം എന്നാണ് അത് പൊതുവേ അറിയപ്പെടുന്നത്. എന്താണ് അത് എന്നു വിശദമാക്കാം.

ദൈവത്തോടും, മനുഷ്യര്‍ തമ്മിലും, പ്രകൃതിയോടും ഉള്ള ഐക്യത്തിലാണ് ലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പു അടിസ്ഥാനപ്പെട്ടിരിക്കുന്നത്‍. ബന്ധങ്ങള്‍ വിഘടിക്കുമ്പോള്‍ ലോകത്തിന്റെ നിലനില്‍പ്പു അപകടത്തിലാകുന്നു. എല്ലാ ബന്ധങ്ങളും സുദൃഢമായിരിക്കുന്ന വ്യവസ്ഥിതിയുടെ ഒരു പേരാണ് ഏദന്‍ തോട്ടം. ആദാമിന്റെ അനുസരണക്കേട് ബന്ധങ്ങള്‍ വിഘടിക്കുന്നതിന് കാരണമായി. വിലക്കപ്പെട്ട കനി തിന്ന നാളില്‍ ആദാമിനു സംഭവിച്ച മരണം ബന്ധങ്ങളുടെ വിഘടനമായിരുന്നു. ദൈവത്തോടും, മനുഷ്യര്‍ തമ്മിലും, പ്രകൃതിയോടും ഉള്ള ബന്ധങ്ങള്‍ വിഘടിക്കപ്പെട്ടു. വിഘടിതബന്ധങ്ങള്‍ ആണ് മനുഷ്യന്റെ ഏറ്റവും വലിയ അസ്തിത്വപ്രശ്നം.

വിഘടിച്ചുപോയ ബന്ധങ്ങള്‍ പുനസ്ഥാപിക്കണം– അതാണ് പ്രശ്നപരിഹാരം. ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുക, സമസൃഷ്ടങ്ങളെ നമ്മെപ്പോലെ സ്നേഹിക്കുക, പ്രകൃതിയെ സംരക്ഷിക്കുക. വിഘടിച്ചുപോയ ബന്ധങ്ങളില്‍ പശ്ചാത്തപിച്ചു മുടിയന്‍ പുത്രനെപ്പോലെ തിരികെ വരിക. ഒന്നാം ആദം അനുസരണക്കേട് കാട്ടി ദൈവത്തോടുള്ള ബന്ധം വിച്ഛേദിച്ചെങ്കില്‍‍, മരണത്തോളം അനുസരണമുള്ളവനായി രണ്ടാമാദം ദൈവത്തോടുള്ള ബന്ധം സുദൃഢമായി നിലനിര്‍ത്തി എന്നു പൌലൊസ് അപ്പൊസ്തോലന്‍ എഴുതുന്നു. വിഘടിത ബന്ധങ്ങള്‍ എന്ന ഭീകര ഭൂതത്തെ വകവരുത്തുന്നത് ബന്ധങ്ങള്‍ സുദൃഢമാക്കിക്കൊണ്ടു വേണം.
യേശുക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്നു ഈ ഭീകരഭൂതത്തെ കൊല്ലുവാന്‍ നമുക്കും കഴിയണം.

Sjc


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment