ദിവ്യബലി വായനകൾ – Easter Thursday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

Easter Thursday 

Liturgical Colour: White.

പ്രവേശകപ്രഭണിതം

ജ്ഞാനം 10: 20-21

കര്‍ത്താവേ, വിജയംവരിക്കുന്ന അങ്ങയുടെ കരത്തെ
അവര്‍ ഏകസ്വരത്തില്‍ വാഴ്ത്തി;
എന്തെന്നാല്‍, ജ്ഞാനം, മൂകരുടെ വായ തുറക്കുകയും
ശിശുക്കളുടെ നാവിന് സ്ഫുടമായി സംസാരിക്കാന്‍
കഴിവു നല്കുകയും ചെയ്തു, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ നാമത്തിന്റെ പ്രഖ്യാപനത്തില്‍
വിവിധജനങ്ങളെ അങ്ങ് ഒന്നിപ്പിച്ചുവല്ലോ.
അങ്ങനെ, ജ്ഞാനസ്‌നാന നീരുറവയാല്‍ നവജന്മം പ്രാപിച്ചവര്‍,
മാനസങ്ങളുടെ വിശ്വാസത്തിലും പ്രവൃത്തികളുടെ ആദരത്തിലും
ഒന്നായിത്തീരാനുള്ള അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 3:11-26
ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു.

സൗഖ്യം പ്രാപിച്ച മുടന്തന്‍ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ട് സോളമന്റെ മണ്ഡപത്തില്‍ അവരുടെ അടുത്ത് ഓടിക്കൂടി. ഇതുകണ്ട് പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേല്‍ജനമേ, നിങ്ങളെന്തിന് ഇതില്‍ അദ്ഭുതപ്പെടുന്നു? ഞങ്ങള്‍ സ്വന്തം ശക്തിയോ സുകൃതമോ കൊണ്ട് ഇവനു നടക്കാന്‍ കഴിവുകൊടുത്തു എന്ന മട്ടില്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്? അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച് നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാന്‍ അപേക്ഷിച്ചു. ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്. അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പില്‍വച്ച് ഈ മനുഷ്യനു പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്തത്. സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം. എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി. അതിനാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍. നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും. ആദിമുതല്‍ തന്റെ വിശുദ്ധ പ്രവാചകന്മാര്‍ വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ സ്വര്‍ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍ നിന്നു പൂര്‍ണമായി വിച്‌ഛേദിക്കപ്പെടും. സാമുവലും തുടര്‍ന്നുവന്ന പ്രവാചകന്മാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങള്‍ പ്രവാചകന്മാരുടെയും നമ്മുടെ പിതാക്കന്മാരോടു ദൈവം ചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും. ദൈവം തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍ നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാന്‍ വേണ്ടിയാണ് അത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 8:2ab,5,6-7,8-9

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ,
ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
അവിടുത്തെ ചിന്തയില്‍ വരാന്‍ മാത്രം
മര്‍ത്യന് എന്തു മേന്മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാന്‍
മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

എന്നിട്ടും അവിടുന്ന് അവനെ
ദൈവദൂതന്മാരെക്കാള്‍ അല്‍പംമാത്രം താഴ്ത്തി;
മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു.
അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി;
എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
കടലില്‍ സഞ്ചരിക്കുന്ന സകലതിനെയുംതന്നെ.

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
അനുക്രമഗീതം
വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 24:35-48
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം.

വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞതും ശിഷ്യന്മാര്‍ വിവരിച്ചു.
അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു. ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്? എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു. അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം; പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നവജന്മം പ്രാപിച്ചവര്‍ക്കു വേണ്ടിയും
സ്വര്‍ഗീയ സഹായത്തിന്റെ വര്‍ധനയ്ക്കു വേണ്ടിയും
സന്തോഷത്തോടെ ഞങ്ങളര്‍പ്പിക്കുന്ന ബലിവസ്തുക്കള്‍
കരുണയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 1 പത്രോ 2: 9

തിരഞ്ഞെടുക്കപ്പെട്ട ജനമേ,
അന്ധകാരത്തില്‍നിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു
വിളിച്ചവന്റെ ശക്തി പ്രഘോഷിക്കുവിന്‍, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ.
ഞങ്ങളുടെ പരിത്രാണത്തിന്റെ ഈ പരമപരിശുദ്ധ വിനിമയം
ഞങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ സഹായം പ്രദാനം ചെയ്യുകയും
നിത്യാനന്ദത്തിന് ഞങ്ങളെ അര്‍ഹരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment