🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________
Easter Friday
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 77:53
കര്‍ത്താവ് തന്റെ ജനത്തെ പ്രത്യാശയില്‍ നയിച്ചു;
അവരുടെ വൈരികളെ കടല്‍ മൂടിക്കളഞ്ഞു, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
മനുഷ്യകുലവുമായുള്ള അനുരഞ്ജനത്തിന്റെ ഉടമ്പടിയായി
പെസഹാരഹസ്യം അങ്ങ് നല്കിയല്ലോ.
അതിന്റെ പ്രഖ്യാപനത്തില്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്
ഫലത്തിലൂടെ അനുകരിക്കാന്‍
ഞങ്ങളുടെ മനസ്സുകള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 4:1-12
മറ്റാരിലും രക്ഷയില്ല.
പത്രോസും യോഹന്നാനും ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു. അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍ വളരെ അസ്വസ്ഥരായിരുന്നു. അവര്‍ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അടുത്ത ദിവസം വരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു. അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.
പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമില്‍ സമ്മേളിച്ചു. പ്രധാനപുരോഹിതന്‍ അന്നാസും കയ്യാഫാസും യോഹന്നാനും അലക്സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു. അപ്പോസ്തലന്മാരെ അവര്‍ തങ്ങളുടെ മധ്യത്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്? അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു: ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തിയെ കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തി എന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍, നിങ്ങളും ഇസ്രായേല്‍ ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍ നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 118:1-2,4,22-24,25-27a
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
or
അല്ലേലൂയ!
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
ഇസ്രായേല്‍ പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
കര്‍ത്താവിന്റെ ഭക്തന്മാര്‍ പറയട്ടെ!
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
or
അല്ലേലൂയ!
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്;
ഇന്നു സന്തോഷിച്ചുല്ലസിക്കാം.
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
or
അല്ലേലൂയ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങളെ രക്ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍;
ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു
നിങ്ങളെ ആശീര്‍വദിക്കും.
കര്‍ത്താവാണു ദൈവം;
അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്.
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
or
അല്ലേലൂയ!
അനുക്രമഗീതം
വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.
മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം
ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.
ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.
ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.
സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.
ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.
ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;
ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേൻ .
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 21:1-14
യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.
യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍ നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നു കേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാല്‍, മറ്റു ശിഷ്യന്മാര്‍ മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍ നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള്‍ തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. ഉടനെ ശിമയോന്‍ പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും. യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, പെസഹാകാഴ്ചവസ്തുക്കളുടെ ഭക്ത്യാദരപൂര്‍വകമായ വിനിമയം
ഞങ്ങളില്‍ കനിവാര്‍ന്ന് പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ലൗകികാര്‍ഷണങ്ങളില്‍ നിന്ന്
സ്വര്‍ഗീയാഭിലാഷങ്ങളിലേക്ക് ഞങ്ങള്‍ നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 21:12-13
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു:
വന്നു ഭക്ഷിക്കുവിന്‍.
അവന്‍ അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍ വീണ്ടെടുത്തവരെ
കാത്തുപാലിക്കണമേ.
അങ്ങനെ, അങ്ങയുടെ പുത്രന്റെ പീഡാസഹനത്താല്‍ രക്ഷിക്കപ്പെട്ടവര്‍,
അവിടത്തെ ഉത്ഥാനത്തില്‍ ആനന്ദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment