
ദൈവകരുണയുടെ തിരുന്നാൾ ദിനത്തിൽ ഏപ്രിൽ 19 ഞായറാഴ്ച്ച (Divine Mercy Sunday) ലോകരാജ്യങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ദൈവകരുണയ്ക്ക് സമർപ്പിക്കുന്ന ഡിവിന മിസരികോർദിയ മിനിസ്ട്രിയുടെ ഈ മഹത്തായ പ്രാർത്ഥനാ ശുശ്രൂഷയിൽ ഏവരും പങ്കാളികളാവുക…
ഇവിടെ കൊടുത്തിരിക്കുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് ഏറ്റവും ഭക്തിയോടെ ഈ പ്രാർത്ഥനയിൽ പങ്കുചേരുകയും, അനേകർക്ക് ഈ പ്രാർത്ഥന അയച്ചുകൊടുത്തുകൊണ്ട് ദൈവ കരുണയുടെ പ്രേഷിത ദൗത്യത്തിൽ നമുക്ക് പങ്കുചേരാം.
വിമലഹൃദയ പ്രതിഷ്ഠാ പ്രാർത്ഥനയും ദൈവകരുണയുടെ പ്രതിഷ്ഠാ പ്രാർത്ഥനയും ഏറ്റുചൊല്ലി, നമ്മെയും, നമ്മുടെ കുടുംബങ്ങളെയും, എല്ലാ ലോകരാജ്യങ്ങളെയും ദൈവകരുണയ്ക്ക് സമർപ്പിക്കാം…
🌹വിമലഹൃദയ പ്രതിഷ്ഠ🌹
ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ കന്യകാമറിയമേ ഫാത്തിമാ നാഥേ, എന്നേയും എന്‍റെ കുടുംബത്തേയും, തിരുസഭയേയും, ലോകത്തിലെ എല്ലാ രാജ്യങ്ങളെയും അങ്ങേ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു. അങ്ങേ ശക്തിയുളള സംരക്ഷണത്തില്‍ ഞങ്ങളെ കാത്ത് കൊളേളണമേ. അങ്ങ് ഞങ്ങളുടെ നാഥയും സംരക്ഷകയുമാകേണമേ. ആത്മീയവും, ശാരീരികവും, മാനസീകവുമായ സകല അപകടങ്ങളിലും ക്ളേശങ്ങളിലും നിന്ന് ഞങ്ങളെ രക്ഷിച്ച് കൊളേളണമേ. എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി നിറവേറ്റുവാനും യേശുവിന്‍റെ തിരുഹൃദയത്തിന് പ്രീതികരമായ വിധത്തില്‍ ജീവിച്ച് സ്വര്‍ഗ്ഗഭാഗ്യത്തില്‍ എത്തിച്ചേരുവാനും കാരുണ്യനാഥേ, ഞങ്ങളുടെ സ്നേഹമുളള അമ്മേ, ഞങ്ങളെ സഹായിക്കണമെ. ആമ്മേന്‍.
🌼🌹🌼🌹🌼🌹🌼🌹🌼🌹
🌹ദൈവ കരുണയോടുള്ള പ്രതിഷ്ഠാ പ്രാർത്ഥന🌹
ദൈവ കരുണയുടെ മൂർത്തീഭാവമായ ഈശോയെ,
ഈ ദിവസം മുതൽ എന്റെ ജീവിതം പൂർണമായി അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു.
എന്റെ ഭാവി,ഭൂത,വർത്തമാന കാലങ്ങൾ അങ്ങേ തൃക്കരങ്ങളിൽ പരിപൂർണമായി ഭരമേല്പിക്കുന്നു.
ശിഷ്ടകാലം മുഴുവനും അങ്ങേ അനുശാസനങ്ങൾ ആത്മാർഥമായി കാത്തുപാലിക്കുവാൻ എന്നെ ശക്തിപ്പെടുത്തണമേ.
ഇന്നേ ദിവസം സാത്താൻ ഒരുക്കുന്ന എല്ലാ കെണികളിൽ നിന്നും കാരുണ്യനാഥനായ അങ്ങയുടെ ഛായാ ചിത്രം എന്റെ ഭവനത്തേയും കുടുംബത്തെയും സംരക്ഷിക്കട്ടെ.
അങ്ങയുടെ ചിത്രം വണങ്ങുന്നവർ ഒരിക്കലും വിനാശത്തിൽ അകപ്പെടാതിരിക്കട്ടെ.
ഈ ചിത്രം അവർക്കു ജീവിതത്തിൽ ആനന്ദവും മരണത്തിൽ പ്രത്യാശയും നിത്യതയിൽ മഹിമയും നേടിക്കൊടുക്കട്ടെ.
കരുണാനിധിയായ പിതാവേ, അങ്ങയുടെ പുത്രൻ ഈശോമിശിഹായിലൂടെ അങ്ങയുടെ സ്നേഹം വെളിപ്പെടുത്തുകയും ആശ്വാസദായകനായ പരിശുദ്ധാത്മാവിലൂടെ അത് ഞങ്ങളിലേക്ക് വർഷിക്കുകയും ചെയ്തിരിക്കുന്നുവല്ലോ.
എല്ലാ ലോക രാജ്യങ്ങളെയും അതിലെ നിവാസികളുടെയും ഭാവി ഞങ്ങളിതാ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു.
അവിടുത്തെ അനന്തശക്തി പാപികളായ ഞങ്ങളിലേക്ക് താണിറങ്ങി വന്നു ഞങ്ങളുടെ തളർച്ചകളെയും, രോഗങ്ങളെയും തൊട്ടു സുഖപ്പെടുത്തുകയും, തിന്മയെ ജയിച്ചടക്കുകയും മാനവരാശിക്ക് മുഴുവൻ ദൈവകരുണ അനുഭവവേദ്യമാക്കുകയും ചെയ്യട്ടെ.
ത്രിയേക ദൈവമായ അങ്ങിൽ എപ്പോഴും അവർ പ്രത്യാശയുടെ ഉറവിടം കണ്ടെത്തട്ടെ.
നിത്യപിതാവേ, അവിടുത്തെ പുത്രന്റെ വ്യാകുലം നിറഞ്ഞ പീഡാനുഭവത്തെയും ഉത്ഥാനത്തെയും പ്രതി ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.
ആമേൻ
Divina Misericordia Ministry
(+965 66536968)
🌹🌼🌹🌼🌹🌼🌹🌼🌹🌼



Leave a comment