ആധുനിക നഴ്സിംഗ് സമ്പ്രദായം

Nurse

തിരുവിതാംകൂറിൽ ആധുനിക നഴ്സിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ ക്ര്യസ്തവസഭക്കുള്ള പങ്ക് അധികം പേർക്കും അറിവുള്ളതല്ല.
കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ ആണ് അതിന്റെ പ്രയോക്താവ്.
1905 മെയ് 1ന് ദിവാൻ സർ മാധവറാവുവിന് എഴുതിയ കത്തിൽ തന്റെ സ്വദേശമായ സ്വിറ്റസർലണ്ടിൽ നിന്നും സംസ്ഥാനത്തെ ആശുപത്രികളിൽ നഴ്സിംഗ് സേവനം അനുഷ്ഠിക്കുന്നതിന് കന്യാസ്ത്രീകളെ കൊണ്ടുവരാം എന്ന് അറിയിച്ചു.
മെയ് 19ന് അയച്ച മറുപടിയിൽ 8 സിസ്റ്റേഴ്സ്ന്റെ സേവനമാണ് ദിവാൻ അഭ്യർത്ഥിച്ചത്, തിരുവനന്തപുരത്തേക്ക് നാലും, കൊല്ലത്തേക്ക് നാലും .
യാത്രച്ചിലവിനു 1000 രൂപയും, ശമ്പളമായി ഓരോരുത്തർക്കും 40 രൂപ വീതവും, സുപ്പീരിയറിന് 10 രൂപ പ്രത്യേക അലവൻസും, സൗജന്യമായി ക്വാർട്ടേഴ്സും, ജോലിക്കാരെയും നൽകുമെന്നും ദിവാൻ അറിയിച്ചു .
ബിഷോപ്പിന്റെ അഭ്യർത്ഥന മാനിച്ചു, സ്വിറ്റസർലണ്ടിലെ മെൻസിൻജിനിലെ ഹോളി ക്രോസ്സ് കോൺവെന്റിൽനിന്നുള്ള ആദ്യത്തെ ബാച്ച് കന്യാസ്ത്രീകൾ, 1906 ഒക്ടോബർ 1ന് എത്തി, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് വിഭാഗത്തിന്റെ ചുമതലയേറ്റു.
വർഷാവസാനത്തോടെ, നാലു കന്യാസ്ത്രീകൾ എത്തി കൊല്ലം ജില്ലാ ആശുപത്രിയിലും സേവനം ആരംഭിച്ചു.
പുതിയ ബാച്ചുകൾ 1907ലും, 1910ലും, 1912ലും എത്തിച്ചേർന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, തിരുവല്ല, നാഗർകോയിൽ, പറവൂർ എന്നിവടങ്ങളിലെ സർക്കാർ ആശുപത്രികളുടെ ചുമതല ഈ സിസ്റ്റെർസിനായിരുന്നു.
ഇവ കൂടാതെ തിരുവനന്തപുരം Hospital for Incurables and Mental Diseases, നൂറനാട് Leper Asylum എന്നിവയുടെ ചുമതലയും യൂറോപ്യൻ സിസ്റ്റേഴ്സിനായിരുന്നു.
യുദ്ധംമൂലം യൂറോപ്പിൽനിന്ന് ആളുകൾ വരാൻ ബുദ്ധിമുട്ട് ആയതിനെത്തുടർന്ന്, 1920ൽ കൊല്ലത്ത് തദ്ദേശീയരായ വനിതകൾക്കായി ബെൻസീഗർ മെത്രാൻ ഒരു സ്ഥാപനം ആരംഭിച്ചു.
ഇന്ന്, കൊല്ലത്തെ ബെൻസീഗർ നഴ്സിംഗ് കോളേജും, കൊട്ടിയത്തെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളേജും ആ മഹാന്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment