EARTH DAY Message in Malayalam

നാം പാർക്കുന്ന നമ്മുടെ ഭൂമിക്കുവേണ്ടി നീക്കിവച്ചിട്ടുള്ള ദിനം

EARTH DAY

നമ്മുടെ ആയുസു മുഴുവനും നാം ഓരോ ദിവസവും വിവിധ മാർഗങ്ങളിലൂടെ കൈവശപ്പെടുത്തായിരുന്ന പ്ലാസ്റ്റിക്കുകൾ കത്തിച്ചും കത്തിക്കാതെയും ഭൂമിയുടെ മാറിലേക്ക് വലിച്ചെറിയുന്ന ഒരു സ്വഭാവം നാം വച്ചു പുലർത്തി വന്നിരുന്നു. കൂടാതെ നമ്മുടെ ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഏതു വസ്തുക്കളും പറമ്പിലും, റോഡിലും കാനകളിലും, പൊതു സ്ഥലങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞു ആഹ്ലാദിച്ചിരുന്ന ഒരു സ്വഭാവവും.

കാലാകാലങ്ങളായി നാം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ കൊണ്ട് ഏതാണ്ട് പത്തടിയോളം കനത്തിൽ ഭൂമിയെ നാം പൊതിഞ്ഞുവച്ചിരിക്കുന്നു. തന്മൂലം നമുക്ക് ദൈവം ദാനമായി നൽകിവരുന്ന ഏതാണ്ട് 6 മാസം ദൈർഘ്യമുള്ള മഴക്കാലത്ത് ഒരു തുള്ളി മഴവെള്ളം പോലും ഭൂഗഭ്രത്തിലേക്കിറങ്ങാതെ നാടു മുഴുവനും വെള്ളക്കെട്ടായി രൂപം കൊണ്ട് നമുക്കു തന്നെ ഭീഷണിയായിത്തീർന്നിരിക്കുന്നു.

ഫലമോ –

മഴക്കാലത്ത് വെള്ളക്കെട്ട്!

മഴ നിന്നാൽ ജലക്ഷാമം!

വളരെക്കാലത്തെ ശ്രമഫലമായി, പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് കുറ്റകരമായ ഒരു കൃത്യമായി സർക്കാർ നിയമനിർമ്മാണം കൊണ്ടു വന്നിരിക്കുന്നു. അപ്രകാരം പ്ലാസ്റ്റിക്കിൻ്റെ ഉപഭോഗത്തിന് നിയന്ത്രണം വരുത്തിയിരിക്കുന്നു.

കടയിൽ നിന്നും സാധനങ്ങൾ വാങ്ങുവാനായി പുനരുപയോഗം നടത്താവുന്ന തുണി സഞ്ചിയിലേക്ക് നാം ചുവടുമാറ്റം നടത്തിക്കഴിഞ്ഞു.

ഇത്തരം നിയമങ്ങൾ അനുസരിക്കുന്ന ഒരു ജനതയായി നാം മാറിയിരിക്കുന്നു. വളരെ നല്ലത്!

ഇനി നാം ചെയ്യേണ്ടത് നമ്മുടെ ഭൂമി ഹരിതാഭമാക്കുക എന്നതാണ്.
അതിനായി വൃക്ഷങ്ങളും ചെടികളും ധാരാളമായി വച്ചുപിടിപ്പിക്കേണ്ടിയിരിക്കുന്നു.

2020 ഏപ്രിൽ 22 ബുധൻ ഈ സൽകൃത്യത്തിനായി നമുക്ക് നീക്കിവയ്ക്കാം.

നാം ചെയ്യേണ്ടത് ഇത്രമാത്രം:

1. സ്വന്തമായി ഭൂമിയുള്ളവർ ഒരു ഫലവൃക്ഷമെങ്കിലും ഈ ബുധനാഴ്ച്ച നടുക. കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയുടെ പേരിൽ സാധിക്കുമെങ്കിൽ ഒന്നോ രണ്ടോ വൃക്ഷതൈകൾ നടുക. കുട്ടിയോടൊപ്പം ഈ മരങ്ങളും വളർന്നു വരും. ഈ മരം നനയ്ക്കുന്നതിനും മറ്റു പരിചരണങ്ങൾ നൽകുന്നതിനും നമ്മുടെ പിഞ്ചോമന മക്കളെ പരിശീലിപ്പിക്കുക.

2. നമ്മിൽ പലർക്കും 3 സെൻ്റു മുതലുള്ള തുണ്ടു ഭൂമികളാണ് കൈവശമുള്ളത് – അതിൽത്തന്നെ പലരും ഫ്ലാറ്റുകളിലും. ഇങ്ങിനെയുള്ളവർക്ക് ഫലവൃക്ഷങ്ങൾ വളർത്താൻ സാധ്യതകൾ കുറവായിരിക്കും.
എങ്കിലും ചട്ടികളിലോ, ഗ്രോബാഗിലോ, മട്ടുപ്പാവിലോ, ബാൽക്കണികളിലോ, അക്വാഫോണിക്സ് രീതി വഴിയോ, തിരി നനരീതി വഴിയോ – വരാന്തകളിലോ – ഒരു കുഞ്ഞു അടുക്കളത്തോട്ടം നട്ടു പിടിപ്പിക്കാൻ നമുക്ക് സാധിക്കും – അതും ഭവനത്തിലെ ഇളയ സന്താനങ്ങളുടെ പേരിൽ. ഈ ചെടികളെ സംരക്ഷിക്കാനും അവരെ പഠിപ്പിക്കുക.

ഇത്തരം പ്രവർത്തികൾ കൊണ്ട് 6 തരം അനുഗ്രഹങ്ങളാണ് നമുക്ക് കൈവരുന്നത്

1. തരിശായി കിടന്നിരുന്ന ഭൂമി നാം ഉപയോഗപ്പെടുത്തുന്നു.

2. കായികമായ അധ്വാനം ചെയ്യുവാൻ നമ്മുടെ മക്കളെ നാം പ്രാപ്തരാക്കുന്നു. ഇതു വഴി അവരുടെ ആരോഗ്യവും നാം സംരക്ഷിക്കുന്നു.

3. ഈ വൃക്ഷങ്ങളിൽ നിന്നും/ ചെടികളിൽ നിന്നും ലഭിക്കുന്ന ഫലങ്ങൾ ഈ കഞ്ഞുങ്ങൾക്ക് ഒരു വരുമാനമാർഗമായിത്തീരട്ടെ. ഇത് ചെറുപ്പകാലം മുതലേ അവരുടെ സമ്പാദ്യമായിത്തീരട്ടെ! പോസ്റ്റ് ഓഫീസിലോ ബാങ്കിലോ അവരുടെ സമ്പാദ്യമായി വളർന്ന് അവരുടെ ഉന്നത വിദ്യാഭ്യാസച്ചെലവുകൾക്ക് ഒരു കൈത്താങ്ങായിത്തിരുകയും ചെയ്യട്ടെ.

4. ദിനംപ്രതി നമ്മുടെ അടുക്കളകളിൽ നിന്നും കുളിമുറികളിൽ നിന്നും പാഴായി ഒഴുകിപ്പോകുന്ന നൂറുകണക്കിന് ലിറ്റർ ജലം ഈ ചെടികളും മരങ്ങളും നനയ്ക്കുവാൻ ഉപയോഗിക്കാം – ഇപ്പോഴുള്ള ജല നിർഗമനമാർഗങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി.

5. ഈ ചെടികളും വൃക്ഷങ്ങളും ഭൂമിയിലെ ജലാംശം സംരക്ഷിക്കുവാൻ സഹായിക്കുന്നു.

6. ഏറ്റവും പ്രധാനപ്പെട്ടതും (നാം പലപ്പോഴും അവഗണിക്കുന്നതും): ഈ വൃക്ഷങ്ങളും ചെടികളും അവയുടെ സ്വാഭാവിക പ്രവർത്തനം കൊണ്ടു മാത്രം നമുക്കാവശ്യമുള്ള പ്രാണവായു ഉൽപ്പാദിപ്പിച്ച് അന്തരീക്ഷവായുവിലെ ഓക്സിജൻ ഉയർത്തുകയും കാർബൺ ഡൈ ഓക്സൈസ് നിർമാർജനം ചെയ്യുകയും ചെയ്യുന്നു. ഇതിൻ്റെ ഒരു ഇക്കണോമിക്സ് നാം പരിശോധിച്ചാൽ കോടിക്കണക്കിന് രൂപായുടെ കണക്ക് നമുക്ക് കണ്ടെത്താൻ കഴിയും.

ഇനിയും പല കാര്യങ്ങൾ കൂടി കുറിക്കാനുണ്ടു്. അത് പിന്നീടൊരിക്കലാകാം.

അപ്പോൾ നാം റഡിയാവുകയല്ലേ?

ഏപ്രിൽ 22 ബുധൻ – EARTH DAY 2020 ന് ഒരുങ്ങാൻ.

പലർക്കും പരിചയമില്ലാത്ത പണിയാണ് – എന്നാൽ ഇത് ഒരു സീസണിൽ വിജയിപ്പിച്ചെടുക്കാൻ നമുക്ക് സാധിച്ചാൽ വലിയൊരു :-

1. Agricultural
2. Economical
3. Health
4. Enviornmental &
5. Educational

വിപ്ലവത്തിലേക്കുള്ള ഒരു കുതിച്ചു ചാട്ടമായിരിക്കും നാം നടത്തുവാൻ പോകുന്നത്.

അതിനായി നമുക്കൊരുമിച്ച് പ്രയത്നിക്കാം.

അഡ്വ. ജോസി സേവ്യർ, കൊച്ചി. Mob. 9447137799

(ലേഖകൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ FACT യിലെ മുൻ അസി. ഫിനാൻസ് മാനേജരും, KCBC പ്രോ ലൈഫ് സമിതിയുടെ ജനറൽ സെക്രട്ടറിയുമാണ്)

2020 ഏപ്രിൽ 22 ബുധൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment