ചാക്കോച്ചി യുടെ സു’വിശേഷം’
നമുക്ക് പെസഹ രാത്രികൾ ഉണ്ടാകട്ടെ.
പെസഹ വ്യാഴാഴ്ച എനിക്ക് ഒരു കോൾ വന്നു. ഒരു സുഹൃത്താണ്. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തുനിന്ന് അറിഞ്ഞുകൊണ്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. സാരമില്ല ഇനിയുമത് തുടരുന്നതായിരിക്കും. ഞാൻ പെസഹാ അപ്പം മുറിക്കാൻ പോകുന്നതിനു മുമ്പ് വിളിച്ചതാണ്.
ഞാൻ ചിരിച്ചു.
സുഹൃത്ത് തമാശയ്ക്ക് വിളിച്ചതാണെങ്കിലും വളരെ വലിയൊരു ദൈവിക സത്യമാണ് അറിയാതെ കമ്മ്യൂണിക്കേറ്റ് ചെയ്തത്.
ശരിയാണ്
ഈ പെസഹ രാത്രിയിൽ എത്രയോ സുഹൃത്തുക്കളുടെ പിണക്കങ്ങൾ മാറി കാണും. സംസാരിക്കാത്ത സഹോദരങ്ങൾ തമ്മിൽ സംസാരിച്ചു കാണും. മിണ്ടാത്ത അയൽക്കാർ തമ്മിൽ മിണ്ടി കാണും. അല്ലാതെ എങ്ങനെയാണ് പെസഹാ അപ്പം മുറിക്കാൻ സാധിക്കുക.
പെസഹ കുർബാനയിലെ അപ്പം മുറിക്കലിൽ ഹൃദയസ്പർശിയായ ഒരു ഗാനം ഉണ്ട്. ” സോദരനെ ദ്വേഷിക്കുന്നൊൻ ..
ഇത് ഭക്ഷിക്കാൻ പാടില്ല”

എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം എന്ന് തത്വത്തിൽ നമുക്ക് പറയാം. പക്ഷേ നമുക്ക് എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ സാധ്യമല്ല. ഏറ്റക്കുറച്ചിലുകൾ ഉണ്ട് സ്നേഹത്തിൽ. ഏറ്റക്കുറച്ചിലുകളില്ലാതെ സ്നേഹിക്കാൻ സാധിക്കില്ല. മനശാസ്ത്രജ്ഞരും അത് അംഗീകരിക്കും.
ചിലരെ നമുക്ക് കൂടുതൽ ഇഷ്ടമാണ്. ചിലരെ എന്താണെന്നറിയില്ല പ്രത്യേകിച്ച് അവർ നമ്മളോട് ഒന്നും ചെയ്തിട്ടില്ലെങ്ങിലും നമുക്ക് അവരെ ഇഷ്ടമല്ല.
ശത്രുവിനെ സ്നേഹിക്കുക എന്ന് ക്രിസ്തു പറഞ്ഞത് ശത്രുവിന്റെ തോളിൽ കയ്യിട്ടു നടക്കുക എന്നല്ല. അതൊരിക്കലും സാധ്യമല്ല.
കടിക്കാൻ വരുന്ന പട്ടിയെ സ്നേഹിച്ചിട്ട് കാര്യമില്ല. ബുദ്ധിപൂർവ്വം അകന്നു നിൽക്കുക.
നമുക്ക് ദ്രോഹം ചെയ്യുന്ന ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുക. ശത്രുവിനെ സ്നേഹിക്കുക എന്നാൽ നമ്മുടെ ശത്രു, നമുക്ക് ഇഷ്ടമില്ലാത്തവർ, ആര് സഹായം അർഹിക്കുന്നവരായി കണ്ടാൽ മുഖം തിരിഞ്ഞ് നടക്കാതിരിക്കുക.
ആവശ്യത്തിൽ സഹായിക്കുക. അതുകൊണ്ടായിരിക്കാം ക്രിസ്തു ഇപ്രകാരം പറഞ്ഞത്. നിന്റെ ശത്രുവിന് വിശക്കുന്നു എങ്കിൽ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കിൽ കുടിക്കാനും കൊടുക്കുക തന്മൂലം അത് അവനിൽ തീക്കനലുകൾ കൂനകൂട്ടും.
മനസ്സിൽ വൈരാഗ്യം സൂക്ഷിക്കുന്നത് നമ്മുടെ ശത്രുവിനല്ല നമ്മൾക്ക് തന്നെയാണ് ദോഷം. നമ്മുടെ മനസ്സ് ദ്രവിച്ചു തുടങ്ങും.
ഒരിക്കൽ ഒരു ഗുരുവിന്റെ അടുക്കൽ ശിഷ്യന്മാർ ചെന്നു പറഞ്ഞു ഗുരോ അങ്ങ് പറയുന്നു ശത്രുക്കളോട് ക്ഷമിക്കാൻ!!!
അതു നടപടിയാകുന്ന കേസല്ല സ്വാമി ! കാരണം ഞങ്ങളുടെ സഹോദരങ്ങളെ കൊന്നവരോട് എങ്ങനെ ഞങ്ങൾ ക്ഷമിക്കും? ഞങ്ങളുടെ പെങ്ങൾമാരെ പീഡിപ്പിച്ചരോട് എങ്ങനെ ക്ഷമിക്കും?
ഞങ്ങളെ ഒറ്റ അവരോട് എങ്ങനെ ക്ഷമിക്കണം? ഇതു നടക്കില്ല സ്വാമി.!
ഞങ്ങൾക്ക് ഇത് മനസ്സിലാകില്ല
സ്വാമി ചിരിച്ചു
ശിഷ്യരെ എല്ലാം ഒരുമിച്ചുകൂട്ടി സ്വാമി പറഞ്ഞു എല്ലാവരും ഓരോ ചണച്ചാക്ക് എടുത്തു കൊണ്ടു വരിക.
മുറിയുടെ ഒരു മൂലയിൽ കയിരിക്കുന്ന കുറച്ചു ഉരുളക്കിഴങ്ങുകൾ കാണിച്ചുകൊടുത്തു പറഞ്ഞു. എല്ലാവരും നിങ്ങൾക്ക് വൈരാഗ്യം ഉള്ള ആളുകളുടെ പേരുകൾ ഉരുളക്കിഴങ്ങിന് മുകളിൽ എഴുതി ചാക്കിൽ നിറയ്ക്കുക. എത്രയധികം ആളുകളുടെ പേര് ഉണ്ടോ അത്രയും തന്നെ എഴുതുക.
ചിലർക്ക് ഒരു ചാക്ക് മതിയാകാത്തതിനാൽ ചില ശിഷ്യർ രണ്ടാമതൊരു ചാക്ക് കൂടി എടുത്തു. പേര് എഴുതി കഴിഞ്ഞപ്പോൾ ചാക്കിന് മുകൾവശം കെട്ടാൻ എല്ലാവരോടും ഗുരു ആവശ്യപ്പെട്ടു.
മാത്രമല്ല പോകുന്നിടത്തെല്ലാം ഈ ചാക്ക് കെട്ടുമായി പോകാൻ ഗുരു കൽപ്പിച്ചു.
യാത്രയ്ക്കിടയിൽ നിങ്ങൾക്ക് വിരോധം ആരോടെങ്കിലും പോകുന്നെങ്കിൽ അവരുടെ പേരെഴുതിയ ഉരുളക്കിഴങ്ങ് വെളിയിൽ കളയാം.
ശിഷ്യർ ചാക്ക് കെട്ടുമായി നടക്കാൻ തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ചിലരുടെ നിറചാക്ക് പകുതിയായി. എന്നാൽ ചിലരുടെ അതേപോലെ തുടർന്നു. ഒരാഴ്ച ആയപ്പോഴേക്കും ഉരുളക്കിഴങ്ങ് ചീഞ്ഞ് ദുർഗന്ധം വമിക്കുവാൻ തുടങ്ങി.
ഗുരു ഈ ചാക്ക് കെട്ട് ഒന്ന് ഒഴിവാക്കി തരണം … ദുർഗന്ധം സഹിക്കാൻ പറ്റുന്നില്ല.. ശിഷ്യർ ഗുരുവിനോട് ആവശ്യപ്പെട്ടു.
പുഞ്ചിരിച്ചുകൊണ്ട് ഗുരു മറുപടി പറഞ്ഞു
ഇതുപോലെ തന്നെയാണ് നിങ്ങൾ ആരോടെങ്കിലും വൈരാഗ്യം സൂക്ഷിക്കുമ്പോൾ നിങ്ങളുടെ മനസ്സിനുള്ളിലും ഇതുപോലെ ഒരു ദുർഗന്ധം രൂപപ്പെടും..
ഉത്ഥാനം എന്നാൽ ഇങ്ങനെ ഒരു അർത്ഥം കൂടി ഉണ്ട് എന്ന് കരുതുന്നു.
യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നു നാം വായിക്കുന്നു.
സിനിമയിൽ കാണുന്നതുപോലെ ഉയർത്തെഴുന്നേറ്റതിനുശേഷം തന്നെ കൊന്നവരെ തിരഞ്ഞുപിടിച്ച് ഒന്നൊന്നായി തീർത്ത് പ്രതികാരം ചെയ്യുന്ന ഒരു യേശുവിനെ അല്ല കാണുന്നത്.
മറിച്ച് ആണി പാടുള്ള കരങ്ങൾ വിരിച്ച് പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന യേശു..
ഉത്ഥാനത്തിലൂടെ കൊന്നവരെ ലജ്ജിപ്പിച്ചു. ഉത്ഥാനം ആണ് അവർക്കുള്ള ഏറ്റവും വലിയ പ്രതികാരം.
നമ്മളെ ഉപദ്രവിച്ചവരോട്…. നമ്മെ ദ്രോഹിച്ചവരോട്… നമ്മുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരോട് ക്ഷമിക്കുമ്പോൾ അതാണ് ഉത്ഥാനം.
അവർ ദ്രോഹിച്ചിട്ടും ഒരു ചെറു പുഞ്ചിരിയോടെ എഴുന്നേറ്റു നിൽക്കുമ്പോൾ ദ്രോഹിച്ചവരാണ് പരാജയപ്പെട്ടു പോകുന്നത്.
അതാണ് ഉത്ഥാനം.
” ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ”
ചാക്കോച്ചി.
– ചാക്കോച്ചി
Email: chackochimcms@gmail.com


Leave a comment