🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ
3rd Sunday of Easter
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 65:1-2
സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,
അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,
സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
ദൈവമേ, നവീകരണത്തിലൂടെ
മാനസികയുവത്വം പ്രാപിച്ച അങ്ങയുടെ ജനം
എപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.
അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍
ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,
ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനം
കൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 2:14,22-33
യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.
പന്തക്കുസ്താദിനം പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ യഹൂദരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍: നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍കൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളും കൊണ്ടും നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തിത്തന്നു. അവന്‍ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവും അനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു. എന്നാല്‍, ദൈവം അവനെ മൃത്യുപാശത്തില്‍ നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്. എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്‌തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും. എന്തെന്നാല്‍, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല. ജീവന്റെ വഴികള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.
സഹോദരരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ. അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവന്‍ അറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്. ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്. ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍ നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 16:1-2a,5,7-8,9-10,11
കര്‍ത്താവേ, അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരണമേ.
or
അല്ലേലൂയ!
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല
എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവേ, അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരണമേ.
or
അല്ലേലൂയ!
എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
കര്‍ത്താവേ, അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരണമേ.
or
അല്ലേലൂയ!
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.
കര്‍ത്താവേ, അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരണമേ.
or
അല്ലേലൂയ!
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
കര്‍ത്താവേ, അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരണമേ.
or
അല്ലേലൂയ!
രണ്ടാം വായന
1 പത്രോ 1:17a-21
കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്.
ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍. പിതാക്കന്മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍ നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ. അവനാകട്ടെ, ലോകസ്ഥാപനത്തിനുമുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്. അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍, അവന്‍ മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ആയിരിക്കുകയും ചെയ്യുന്നു.
കർത്താവിന്റ വചനം
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 24:13-35
അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞു.
യേശു ഉയിര്‍ത്തെഴുന്നേറ്റ ആ ദിവസം തന്നെ അപ്പോസ്തലന്മാരില്‍ രണ്ടുപേര്‍ ജറുസലെമില്‍ നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു. എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. അവന്‍ അവരോടു ചോദിച്ചു: ‘‘എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്?’’ അവര്‍ മ്‌ളാനവദനരായിനിന്നു. അവരില്‍ ക്ലെയോപാസ് എന്നു പേരായവന്‍ അവനോടു ചോദിച്ചു: ‘‘ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?’’ അവന്‍ ചോദിച്ചു: ‘‘ഏതു കാര്യങ്ങള്‍?’’ അവര്‍ പറഞ്ഞു: ‘‘നസറായനായ യേശുവിനെക്കുറിച്ചു തന്നെ. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പുരോഹിതപ്രമുഖന്മാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്‍പിച്ചു കൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു. അവന്റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല.’’ അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ‘‘ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?’’ മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ യാത്ര തുടരുകയാണെന്നു ഭാവിച്ചു. അവര്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടു പറഞ്ഞു: ‘‘ഞങ്ങളോടു കൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി.’’ അവന്‍ അവരോടു കൂടെ താമസിക്കുവാന്‍ കയറി. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി. അവര്‍ പരസ്പരം പറഞ്ഞു: ‘‘വഴിയില്‍വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?’’ അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പം ഉണ്ടായിരുന്നവരെയും കണ്ടു. കര്‍ത്താവു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന
സഭയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍
അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനം ചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 24: 35
കര്‍ത്താവായ യേശുവിനെ
അപ്പം മുറിക്കലില്‍ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു,
അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ
അക്ഷയമായ ഉത്ഥാനത്തിലേക്ക് എത്തിച്ചേരാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment