“കോവിഡ് കാലത്ത് തേച്ച് # ഒട്ടിക്കപെട്ട പളളീലച്ചൻ”
(തേപ്പ് എന്നാൽ ആധുനിക മലയാള ഭാഷയിൽ കളിയാക്കപ്പെടുക അധിക്ഷേപിക്കപ്പെടുക എന്ന് അർത്ഥം)
റേഷൻ കടയ്ക്ക് മുമ്പിൽ സർക്കാർ തരുന്ന 15 കിലോ റേഷൻ അരി വാങ്ങാൻ സാമൂഹിക അകലം പാലിച്ചു വല്യമ്മ നിൽക്കുകയാണ്. ക്യൂ നിയന്ത്രിക്കുന്ന സഖാവ് വല്യമ്മയെ ഓർമിപ്പിച്ചു-“ഈ അരി നമ്മുടെ മുഖ്യമന്ത്രിയുടേതാണ് കേട്ടോ” …വിദ്യാഭ്യാസവും ലോക പരിജ്ഞാനവും ഇല്ലാത്ത പുള്ളിക്കാരി മോണ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു : “പോടാ ചെക്കാ എത്ര വർഷമായി വേണു എനിക്ക് റേഷനരി തരുന്നു പിന്നെയാണ് നിന്റെ ഒരു മുഖ്യമന്ത്രി.” വല്യമ്മയ്ക്ക് രാഷ്ട്രീയ ചായവ് ഉള്ളതുകൊണ്ടല്ല മറിച്ച് വർഷങ്ങളായി റേഷൻ കടക്കാരൻ വേണുവാണ് വല്യമ്മയ്ക്ക് റേഷൻ തരുന്നത്. മാറി മാറി വരുന്ന രാഷ്ട്രീയ ഭരണമാറ്റത്തെക്കുറിച്ചോ മറ്റു കോളിളക്കങ്ങെളക്കുറിച്ചോ ആളു ബേജാറാവാറില്ല. സ്ഥിരം റേഷൻ തരുന്ന വേണുതന്നെയാണ് വല്യമ്മയുടെ കൺകണ്ട ദൈവം.
സൃഷ്ട പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ച് താത്ത്വികമായ അന്വേഷണം നടത്തുന്ന തത്ത്വശാസ്ത്രത്തിൽ (philosophy) എല്ലാ സംഭവങ്ങൾക്കു പിന്നിലും പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.
ഒന്ന് : ആദികാരണവും (Primary cause)
രണ്ട് : ആപേക്ഷിക കാരണവും (Secondary cause)
നമ്മുക്കൊക്കെ ഈ കൊറോണ കാലത്ത് സൗജന്യമായി റേഷനരി കിട്ടാനുള്ള ആദി കാരണം (Primary cause) മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് അങ്ങനെ ഒരു നല്ല തീരുമാനമെടുത്തുകൊണ്ടാണ്. . അതുകൊണ്ടുതന്നെ മുഖ്യമന്ത്രി തന്നെയാണ് റേഷൻ അരി സൗജന്യമായി കിട്ടാനുള്ള ആദികാരണം.
ഈ സന്ദർഭത്തിലെ ആപേക്ഷിക കാരണം (Secondary Cause) റേഷൻ കടക്കാരൻ വേണു ആണ്. അദ്ദേഹം വിതരണം ചെയ്യാൻ തയ്യാറായതുകൊണ്ടാണ് അമ്മൂമ്മയ്ക്ക് റേഷനരി കിട്ടുന്നത്. ഇനി അഥവാ വേണു തയ്യാറായില്ലെങ്കിൽ ആദി കാരണക്കാരൻ തന്റെ തീരുമാനം നടപ്പിലാക്കാൻ മറ്റൊരു ഒരു ആപേക്ഷിക കാരണക്കാരനെ കണ്ടെത്തുകയും ചെയ്യും. ഈ വല്യമ്മയെ പോലെ സാധുക്കളും നിരക്ഷരരുമായവർ തങ്ങൾക്ക് സഹായം കിട്ടാനുള്ള അടിസ്ഥാനകാരണം എന്തെന്ന് പലപ്പോഴും അന്വേഷിക്കാറില്ല. മറിച്ച് തന്റെ കയ്യിൽ വന്നെത്തിയ സഹായത്തിന്റെ അവസാന കണ്ണിയെക്കുറിച്ച് മാത്രമേ അവർക്ക് വേവലാതി ഉള്ളൂ.
പറഞ്ഞുവരുന്നത് സാമൂഹിക മാധ്യമങ്ങൾ പണി കൊടുത്ത അച്ചനെപറ്റി തന്നെയാണ്. അദ്ദേഹം കൊറോണ തുടങ്ങിയ സമയത്ത് ഏതോ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച് തന്റെ മുന്നിൽ കൂടിയ കുറച്ചു വിശ്വാസികളോടായി നിപ്പാ വൈറസ് വന്നപ്പോൾ നമ്മൾ ശക്തമായി പ്രാർത്ഥിച്ചു, കർത്താവ് ഇടപെട്ടു എന്നും, അതുപോലെതന്നെ ഈ കൊറോണ ബാധയും കർത്താവിൻറെ ശക്തിയാൽ അകന്നുപോകുമെന്ന് പറഞ്ഞ് അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിൽ സ്ഥൈര്യപ്പെടുത്തുകയുണ്ടായി. പറഞ്ഞത് നായ്ക്കംപറമ്പിൽ അച്ചനായതുകൊണ്ട് വിശ്വാസി ഇത് ഭക്തിപൂർവ്വം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ( പണി കൊടുക്കാൻ ചെയ്തതല്ല എന്ന് ഈ വിശ്വാസി വിശ്വസിക്കുന്നു) സോഷ്യൽ മീഡിയയിലെ ട്രോളന്മാർ “ആരോഗ്യപ്രവർത്തകരെയൊക്കെ വീട്ടിൽ ഇരുത്തൂ, കൊറോണയെ തുരത്താൻ അച്ചനെ ഇറക്കൂ” എന്നു പറഞ്ഞ് പൊങ്കാല ഇടുകയും ചെയ്തു.
ഇവിടെ കൊറോണ എന്ന മഹാമാരി കർത്താവ് മാറ്റി തരും എന്ന് അച്ചൻ അവകാശപ്പെടുമ്പോൾ സാമൂഹിക അകലം പാലിക്കാതെ ധ്യാനത്തിന് വരൂ എന്നോ, മാസ്ക് ധരിക്കാതെ പ്രേയസ് ദ ലോഡ് പറയൂ എന്നോ, അദ്ദേഹം ആവശ്യപ്പെടുന്നില്ല. അതുമല്ലെങ്കിൽ പനിയും ചുമയും ശ്വാസതടസ്സവും വന്നാൽ നിങ്ങളാരും ആരും ചികിത്സിക്കേണ്ട എന്ന ഉപദേശവും അദ്ദേഹം കൊടുക്കുന്നില്ല. മറിച്ച് നിരാശപ്പെടാതെ കർത്താവിൽ വിശ്വസിക്കുക അവിടന്ന് നമ്മെ കൈവിടില്ല എന്നാണ് പറഞ്ഞത്.
കാരണം ദൈവത്തിന് എങ്ങനെ വേണമെങ്കിലും തന്റെ ജീവിതത്തിൽ ഇടപെടാം എന്ന് ഒരു വിശ്വാസി കരുതുന്നു. ഒരു ഗുളികയായോ, പ്രതിരോധകുത്തിവെയ്പ്പായോ ആൻറിബയോട്ടിക് ആയോ ദൈവം പ്രവർത്തിക്കുമെന്ന് അയാൾക്ക് ബോധ്യമുണ്ട്. അവനെ സംബന്ധിച്ചിടത്തോളം അവൻറെ ജീവിതത്തിലെ എല്ലാ സംഭവങ്ങളുടെയും ആദികാരണം ദൈവമാണ്. ഡോക്ട്ടറോ വൈദ്യനോ ഭരണാധികാരികളോ ഒക്കെ ആകുന്ന ദ്വിതീയ കാരണങ്ങൾ ആദികാരണമായ ദൈവത്തിൻറെ ഇടപെടൽമൂലം സംഭവിക്കുന്നതാണ്. (നിങ്ങൾ കര്ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്ക്കും വിധേയരായിരിക്കുവിൻ. 1 പത്രോസ് 2 : 14) വിശ്വാസികളുടെ ഈ ഭാഷ അവിശ്വാസികൾക്ക് മനസ്സിലാകുന്നതല്ല. MP ശശിതരൂരിന്റെ പല ആംഗലേയഭാഷ പ്രയോഗങ്ങളും നമുക്ക് പലർക്കും മനസ്സിലാകാത്തത് പോലെ. അതുകൊണ്ടുതന്നെയാണ് അനേകം കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരുന്ന ന്യൂജേഴ്സിയിലെ ഇന്ത്യൻ ഡോക്ടർ ജൂലി ജോൺ താൻ കോവിഡ് ബാധയിൽ നിന്ന് മോചിതയായപ്പോൾ കർത്താവ് എന്നെ സുഖപ്പെടുത്തി എന്ന സാക്ഷ്യപ്പെടുത്തിപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞത്.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന വിശ്വാസി മരണക്കിടക്കയിലും തന്റെ വിശ്വാസം ഉപേക്ഷിക്കുന്നില്ല. കാരണം മരണവും ആദികാരണമായ ദൈവത്തിൻറെ ഇടപെടൽമൂലം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ദൈവം നമുക്ക് വിജയം തരും എന്ന് വിശ്വാസി പറയുമ്പോൾ കയ്യുംകെട്ടി നോക്കി ഇരിക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. ദൈവം നമ്മിലൂടെ പ്രവർത്തിക്കുമെന്നാണ് അയാളുടെ നിലപാട്.
ശാസ്ത്രത്തിൻറെ കുടക്കീഴിൽ വരാത്ത വസ്തുനിഷ്ഠത തീരെയില്ലാത്ത ചില വ്യക്തിപരമായ സത്യങ്ങളും അനുദിനജീവിതത്തിൽ മനുഷ്യന് അനുഭവഭേദ്യമാകാറുണ്ട്. ചില പ്രണയങ്ങളും കരുതലുകളും പോലെ. ശാസ്ത്രം എല്ലാം മനസ്സിലാക്കുന്ന ഒരു ദിനം ഈ കൊച്ചു ഭൂമിയിൽ സംജാതമാവുകയില്ല. കാരണം പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുകയാണ്.
ആദി കാരണമായ ദൈവത്തിന്റെ ഉപകരണങ്ങളാകുന്ന ആപേക്ഷിക കാരണങ്ങളെ കണ്ണും പൂട്ടി നിഷേധിക്കുന്ന അന്ധവിശ്വാസികളും ഭക്തൻമാർക്കിടയിൽ ഉണ്ടെന്നുള്ളത് മറ്റൊരു പച്ചയായ യാഥാർത്ഥ്യമാണെന്ന് വിസ്മരിക്കുന്നില്ല. എല്ലാം ദൈവം നേരിട്ട് വന്ന് ചെയ്യണം എന്നു വിശ്വസിക്കുന്ന അല്പ ബുദ്ധികളാണവർ.
തെറി പറയുന്ന കൂട്ടുകാരനെ സൂക്ഷിക്കണം എന്ന എന്റെ അമ്മയുടെ ഉപദേശം, എനിക്കുവേണ്ടി ഉള്ളതാണ് കൂട്ടുകാരൻറെ വീട്ടുകാർക്ക് വേണ്ടി ഉള്ളതല്ല.
“നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.
(മത്തായി 7 : 6)
✍️ ഫാ ഡോ ഡേവ് അക്കര കപ്പൂച്ചിൻ
തിരുവന്തപുരം

Leave a comment