ഞങ്ങളുടെ ഇടയൻമാർ….
പൗരോഹിത്യ ജീവിതത്തിലെ
മുൻ തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി….
നിർമ്മമനായ ഇടയൻ…
തോമസ് പ്ളാവിളയിലച്ചൻ
Fr. Thomas Plavilayil
ഫാ. തോമസ് പ്ളാവിളയിൽ

Fr. Thomas Plavilayil
അടൂരിനടുത്ത് തട്ടയിൽ പ്ളാവിളയിൽ വീട്ടിൽ കോശി – അന്നമ്മ ദമ്പതികളുടെ മകനായി 1929 ഏപ്രിൽ 23 ന് തോമസ് പ്ളാവിളയിലച്ചൻ ജനിച്ചു. 3 സഹോദരങ്ങളാണച്ചനുള്ളത്. തട്ടയിൽ തന്നെയുള്ള പ്രൈമറി സ്കൂളിലും NSS യു.പി സ്കൂളിലും അടൂരിലുള്ള ഗവൺമെൻ്റ് ഹൈസ്കൂളിലുമായി ഫോർത്ത് ഫോം പൂർത്തിയാക്കി. തൻ്റെ ജീവിതവിളി തിരിച്ചറിഞ്ഞ് 1947 ജനുവരി 6 ന് സെൻ്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു അവിടെയുള്ള പട്ടം സെൻ്റ് മേരീസ് സ്കൂളിൽ ഫിഫ്ത്ത് ഫോമിൽ പഠിച്ചു. പിന്നീട് ആലുവ സെൻ്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1956 മാർച്ച് 16 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു, തൊട്ടടുത്ത ദിനം തന്നെ സ്വന്ത ഇടവകയായ തട്ട പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പണം നടത്തി. തട്ട പള്ളിക്ക് ഇന്ന് കാണുന്ന വിശ്വാസ വെളിച്ചം പകർന്ന് നൽകിയ, നവവൈദീകന്റെ മൈനർ സെമിനാരി റെക്ടറർ കൂടിയായിരുന്ന ആൻ്റണി കേളംപറമ്പിൽ അച്ചനായിരുന്നു വൈദീകപട്ട സമയത്ത് ഇടവക വികാരി.
ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് അച്ചനെ സെമിനാരിയിലേക്ക് സ്വീകരിച്ചത്. സെമിനാരിക്കാരെ സുറിയാനിയും ആരാധനക്രമവും പഠിപ്പിക്കുന്നത് പിതാവു തന്നെയായിരുന്നു. തിരുമേനി പള്ളികളിൽ വി.കുർബാനക്കായി പോകുമ്പോൾ മൈനർ സെമിനാരിയിലെ വൈദീക വിദ്യാർത്ഥികളെ ഒപ്പം കൂട്ടിയിരുന്നു. ഈവാനിയോസ് പിതാവ് രോഗാവസ്ഥയിൽ ബഥനി ആശ്രമത്തിലായിരുന്ന വേളയിൽ കൊച്ചു സെമിനാരിക്കാർ പിതാവിനെ പോയി കണ്ട് സംസാരിക്കുമായിരുന്നു, പിന്നീട് പിതാവിനെ പട്ടത്തെ അരമനയിലേക്ക് കൊണ്ടുവന്നപ്പോൾ മാറി മാറി ശുശ്രൂഷിക്കുന്ന ചുമതലയും അവർക്കായിരുന്നു. രൂപതയുടെ സാമ്പത്തിക പരാധീനതയുടെ നാളുകളിലും വൈദീക വിദ്യാർത്ഥികളുടെ എല്ലാ കാര്യത്തിലും സവിശേഷമായ താൽപര്യവും കരുതലും പിതാവ് നൽകിയിരുന്നു. ആദ്യ പട്ടങ്ങൾ നൽകിയതും മാർ ഈവാനിയോസ് പിതാവ് തന്നെയായിരുന്നു.
വൈദീകനായതിനു ശേഷം
വയലത്തല, തോട്ടമൺ, മേക്കൊഴൂർ (1956-1961), ഏറത്തുമ്പമൺ, പമ്പുമല, ഊന്നുകൽ, രാമഞ്ചിറ, തുമ്പമൺ മാമ്പിലാലി, ഉളനാട് എന്നിങ്ങനെ 7 പള്ളികളുടെ വികാരിയായി 7 വർഷം. ഇക്കാലയളവിൽ തുമ്പമൺ മാമ്പിലാലിയും മുട്ടത്തുകോണം പള്ളിയും പണിതു.ഓമല്ലൂരിൽ ചാപ്പലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും ഈ സമയത്ത് ആരംഭിച്ചു. തുമ്പമൺ മാമ്പിലാലി, കൈപ്പട്ടൂർ, മുടിയൂർക്കോണം പള്ളികളിൽ വികാരിയായി 3 വർഷം, മാമ്പിലാലിയിൽ വൈദീക മന്ദിരം പണിയിക്കാൻ നേതൃത്വം നൽകി ,തുടർന്നുള്ള 9 വർഷം കോന്നി വൈദീക ജില്ലാവികാരിയായി വകയാർ, ഊട്ടുപാറ, കല്ലേലി പള്ളികളുടെ വികാരിയായി സേവനമനുഷ്ഠിച്ചു. ഊട്ടുപാറയിൽ പള്ളി പണിതതും ഇക്കാലയളവിലാണ്. പിന്നീടുള്ള 5 വർഷം പുനലൂർ ,ചെമ്പുമല, കോട്ടവട്ടം, മഞ്ഞക്കാല പള്ളികളിൽ വികാരിയായും പുനലൂർ ജില്ലാവികാരിയായും ശുശ്രൂഷ ചെയ്തു. വെൺമണി, പുന്തല പള്ളികളിൽ 10 വർഷം സേവനമനുഷ്ഠിച്ചു. പുന്തല പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത് ഇക്കാലയളവിലാണ്.
തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനായിരുന്ന ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനി കാലം ചെയ്തപ്പോൾ ലോറൻസ് മാർ അപ്രേം പിതാവ് അഡ്മിനിസ്ട്രേറ്ററായി സഭക്ക് നേതൃത്വം നൽകിയ നാളുകളിൽ അരമനയുടെ ഹൗസ് മിനിസ്റ്ററായി പിതാവിനെ സഹായിച്ചു. സിറിൾ ബസേലിയോസ് മെത്രാപ്പൊലീത്ത തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തപ്പോൾ , അച്ചന്റെ നിർമ്മമത്വവും ഏൽപ്പിക്കുന്ന കാര്യങ്ങളോടുള്ള വിശ്വസ്തതയും തിരിച്ചറിഞ്ഞ് അതിരൂപതയുടെ ധനകാര്യ ചുമതല (പ്രൊക്കുറേറ്റർ) ഭരമേൽപ്പിച്ചു, 5 വർഷം തികഞ്ഞ വിശ്വസ്തതയോടെ ആ ശുശ്രൂഷ നിർവ്വഹിച്ചു. ഇന്നത്തെ മാർത്താണ്ഡം, പാറശാല, മാവേലിക്കര,പത്തനംതിട്ട ഭദ്രാസനങ്ങളുൾക്കൊള്ളുന്ന അതിവിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഓരോ ഇടങ്ങളിലും കടന്നുചെന്ന് ആവശ്യമായ കാര്യങ്ങളൊക്കെയും അച്ചൻ നിർവ്വഹിച്ചു. ഇക്കാലയളവിൽ തന്നെ പോങ്ങുംമൂട്, പുലയനാർകോട്ട ഇടവകകളുടെ വികാരിയായിരുന്നു. ചെങ്ങന്നൂർ വൈദീക ജില്ലാ വികാരിയായി തുടർന്നുള്ള 5 വർഷം ശുശ്രൂഷ ചെയ്തു, പിന്നീടുള്ള 5 വർഷം ഓമല്ലൂർ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ച് ശുശ്രൂഷാ ജീവിതത്തിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. ഓമല്ലൂർ വൈദീക മന്ദിരത്തിൻ്റെ പണി പൂർത്തീകരിക്കുന്നത് അച്ചൻ്റെ കാലത്താണ്. തിരുവനന്തപുരം അതിരൂപത വിഭജിച്ച് 2010 ൽ പത്തനംതിട്ട രൂപത നിലവിൽ വന്നപ്പോൾ പത്തനംതിട്ട ഭദ്രാസനത്തിലംഗമാകുകയും അന്നു മുതൽ വിശ്രമ ജീവിതത്തിലായിരിക്കുകയും ചെയ്യുന്നു.
പത്തനംതിട്ട രൂപത അധ്യക്ഷനായി അഭിവന്ദ്യ ക്രിസോസ്റ്റം പിതാവ് ചുമതല എടുത്തപ്പോൾ വൈദീകരുടെ പ്രതിനിധി ആയി രൂപതയിലെ സീനിയർ വൈദീകൻ എന്ന നിലയിൽ വിധേയത്വം വാഗ്ദാനം ചെയ്തതും പ്ളാവിള അച്ചൻ ആണ്….
വിശ്രമമെന്തെന്നറിയാതെ അനേക മൈലുകൾ നടന്നും, സൈക്കിൾ ചവിട്ടിയും ഒരു പളളിയിൽ നിന്ന് മറ്റൊരു പള്ളിയിലേക്ക് ഞായറാഴ്ച്ച കുർബാനക്കും ഇടവക ശുശ്രൂഷകൾക്കുമായി ഓടിനടന്ന് അച്ചൻ സേവനം അനുഷ്ഠിച്ചു. ആരോടും പ്രത്യേകമായ താൽപര്യമില്ലാതെ എല്ലാവരേയും ഒരേപോലെ കരുതി സ്നേഹിക്കുന്ന അച്ചൻ്റെ സവിശേഷ പ്രകൃതത്താൽ നീണ്ട 10 വർഷം തിരുവനന്തപുരം അതിരൂപതയിലെ വൈദീകരുടെ കൂട്ടായ്മയുടെ (Priests Association Trivandrum) പ്രസിഡൻ്റായി അച്ചനെ , വൈദീകരൊന്നടങ്കം തിരഞ്ഞെടുത്തിരുന്നു.
കൃത്യമായ നിഷ്ഠയോടെ പ്രാർത്ഥനാ ജീവിതം നയിക്കുന്ന അച്ചൻ വിശ്രമ ജീവിതത്തിലായിരിക്കുമ്പോഴും യാമപ്രാർത്ഥനകൾക്ക് മുടക്കം വരാതെയിരിക്കാൻ ശ്രദ്ധിക്കുന്നു. ക്ലെർജി ഹോമിലായിരിക്കുമ്പോഴും അനേകം വൈദീകരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും കുമ്പസാരപിതാവായ അച്ചൻ , കുമ്പസാരത്തിനു അണയുന്നവരെ പിതാവിനടുത്ത സ്നേഹത്തോടെയും വാത്സല്യത്തോടെയും കരുതുന്ന , തന്റെ ശാരീരികമായ അസ്വസ്ഥതകൾക്കിടയിലും അനേക നേരം പാപസങ്കീർത്തന വേദിയിലിരിക്കുന്ന , ആത്മാക്കളെപ്രതി എരിവുള്ള ജാഗരൂകനായ ഇടയനാണ്.
92 വയസ്സിന്റെ ചെറുപ്പത്തിലായിരിക്കുന്ന, പത്തനംതിട്ട രൂപതയിലെ വൈദീക ഗണത്തിലെ തലമുതിർന്ന അംഗങ്ങളിൽ പ്രഥമനായ പ്ളാവിളയിലച്ചന് എല്ലാ നന്മകളും ആയുരാരോഗ്യവും പ്രാർത്ഥനാപൂർവ്വം നേരുന്നു.
ഏവർക്കും നന്മ
✍️സ്നേഹത്തോടെ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ ( സിബി അച്ചൻ)
കടപ്പാട്: സഹായങ്ങൾ നൽകിയ ക്ളർജിഹോമിന്റെ ചുമതലക്കാരനായ റോബിൻ കലതിവിളയിൽ അച്ചൻ,
അച്ചൻമാരുടെ ജീവിതാനുഭവകുറിപ്പുകൾ എഴുതി തയ്യാറാക്കിയ സി.ജോവാൻ SIC, ഈ ചിന്ത നൽകിയ ലിബിൻ കൊഴുവക്കാട്.
Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil 

Leave a comment