ഈശോയിൽ പ്രിയപ്പെട്ടവരേ,
ഇന്നത്തെ സുവിശേഷം (Lk 6/46-49) നമ്മെ പഠിപ്പിക്കുന്നത്, വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള വേർതിരിക്കാനാവാത്ത ബന്ധം ആണ്. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ഈ ബന്ധം, ദൈവം കല്പിച്ചിരിക്കുന്നതും ദൈവം കൊതിക്കുന്നതും മനുഷ്യനിൽ നിലനിൽക്കേണ്ടതുമാണ്. ദൈവം വേദനിക്കുന്നത് പ്രവൃത്തിയിൽ എത്തിച്ചേരാത്ത വിശ്വാസം മനുഷ്യനിൽ കാണുമ്പോഴാണ്, വിശ്വാസവും പ്രവൃത്തിയും തമ്മിൽ ബന്ധം ഇല്ലാതെ വരുമ്പോഴാണ്. യേശു ചോദിക്കുന്നു :”നിങ്ങൾ എന്നെ കർത്താവെ, കർത്താവെ എന്ന് വിളിക്കുകയും ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?” (Lk 6/46).
കാരുണ്യപ്രവൃത്തികൾ നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ പ്രാർത്ഥനയും യേശുവിനെ അത്ഭുതപ്പെടുത്തുന്നു.
നമ്മുടെ പ്രവൃത്തികൾ, മനസിന്റെ തീരുമാനത്തിൽനിന്നും, തീരുമാനങ്ങൾ ബോധ്യത്തിനിന്നുമാണല്ലേ രൂപപ്പെടുക. നല്ല ബോധ്യങ്ങൾ, അതായത്, കറയും തിന്മയും ഇല്ലാത്ത ബോധ്യങ്ങൾ മനുഷ്യമനസ്സിൽ രൂപപ്പെടണം. ഇതിനെ വചനത്തിൽ കേന്ദ്രീകൃതമായ ധാർമികത (morality) എന്ന് വിളിക്കാം. ദൈവ വചനമാണ് എപ്പോഴും മനുഷ്യ മനസിനെ രൂപപ്പെടുത്തുന്നത്. അതുകൊണ്ടാണ്, വചനം കേട്ടു മനസ്സിലാക്കാൻ യേശു ആവശ്യപ്പെടുന്നത്. (Mt 13/18-19) മനുഷ്യ മനസ്സ് രൂപപ്പെടുമ്പോൾ, വചനം മാംസം ധരിക്കുകയാണ്, വചനം ഫലം നൽകാൻ ഒരുങ്ങുകയാണ്.
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.”
(യോഹ 1/14)
നല്ല ബോധ്യങ്ങൾ ദൈവ സാന്നിധ്യത്തിന്റെ അടയാളങ്ങളാണ്. കാരണം, “ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.”
(എഫേ 2/20).
ദൈവ സാന്നിധ്യമുള്ള, നല്ല ബോധ്യമുള്ള മനുഷ്യരിൽ നിന്ന് മാത്രമേ കാരുണ്യത്തിന്റെ പ്രവൃത്തികൾ കടന്നുവരൂ. അതിനാൽ, കാരുണ്യത്തിന്റെ ബോധ്യങ്ങൾ രൂപപ്പെടാൻ ദൈവ വചനവും പ്രാർത്ഥനയും ദൈവാരാധനയും സഹായിക്കണം. അതിനു സഹായിക്കുന്നില്ലെങ്കിൽ എല്ലാ ഭക്തകൃത്യങ്ങളും ദൈവതിരുമുന്പിൽ വ്യർത്ഥമാണ്. “അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല.”
(Mt. 7/23)
പ്രാർത്ഥനയിലൂടെ, വചനത്തിലൂടെ, ആരാധനയിലൂടെ, ഭക്ത കൃത്യങ്ങളിലൂടെ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം നമ്മിൽ രൂപപ്പെടട്ടെ. കാരുണ്യ പ്രവൃത്തികളാൽ സ്വർഗ്ഗരാജ്യം അനുഭവമാകട്ടെ !
റോയ് പുലിയുറുമ്പിൽ അച്ചൻ

Leave a comment