🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ
Monday of the 4th week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
റോമാ 6:9
മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തു
ഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം.
മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
ഭാഗ്യപ്പെട്ടവരുടെ പരിപൂര്‍ണ പ്രകാശമായ ദൈവമേ,
ഭൂമിയില്‍ പെസഹാരഹസ്യം ആഘോഷിക്കാന്‍
അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.
അങ്ങയുടെ കൃപയുടെ പൂര്‍ണതയില്‍
നിത്യമായി സന്തോഷിക്കാന്‍ ഞങ്ങളെ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 11:1-18
ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം പ്രദാനം ചെയ്തിരിക്കുന്നു.
വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നു യൂദയായിലുണ്ടായിരുന്ന അപ്പോസ്തലന്മാരും സഹോദരരും കേട്ടു. തന്മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്‌ഛേദനവാദികള്‍ അവനെ എതിര്‍ത്തു. അവര്‍ ചോദിച്ചു: അപരിച്‌ഛേദിതരുടെ അടുക്കല്‍ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതെന്തുകൊണ്ട്? പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി. ഞാന്‍ യോപ്പാ നഗരത്തില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗത്തില്‍ നിന്നു വലിയ വിരിപ്പു പോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാന്‍ കണ്ടു. അത് എന്റെ അടുത്തു വന്നു. ഞാന്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ അതില്‍ ഭൂമിയിലെ നാല്‍ക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു. എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയ യാതൊന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. സ്വര്‍ഗത്തില്‍ നിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്. മൂന്നു പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വര്‍ഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു. അപ്പോള്‍ത്തന്നെ കേസറിയായില്‍ നിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേര്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഒരു സന്ദേഹവും കൂടാതെ അവരോടൊപ്പം പോകാന്‍ എനിക്ക് ആത്മാവിന്റെ നിര്‍ദേശമുണ്ടായി. ഈ ആറു സഹോദരന്മാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങള്‍ ആ മനുഷ്യന്റെ വീട്ടില്‍ പ്രവേശിച്ചു. തന്റെ ഭവനത്തില്‍ ഒരു ദൂതന്‍ നില്‍ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷ കിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും. ഞാന്‍ അവരോടു പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു. അപ്പോള്‍ ഞാന്‍ കര്‍ത്താവിന്റെ വാക്കുകള്‍ ഓര്‍ത്തു: യോഹന്നാന്‍ ജലംകൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്‍ക്കും. നാം യേശുക്രിസ്തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്കു നല്‍കിയ അതേ ദാനം അവര്‍ക്കും അവിടുന്നു നല്‍കിയെങ്കില്‍ ദൈവത്തെ തടസ്സപ്പെടുത്താന്‍ ഞാനാരാണ്? ഈ വാക്കുകള്‍ കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം പ്രദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 42:2-3; 43:3, 4
എന്റെ ഹൃദയം ജീവിക്കുന്ന ദൈവത്തിനായി ദാഹിക്കുന്നു.
or
അല്ലേലൂയാ!
നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
എന്റെ ഹൃദയം ജീവിക്കുന്ന ദൈവത്തിനായി ദാഹിക്കുന്നു.
or
അല്ലേലൂയാ!
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;
ജീവിക്കുന്ന ദൈവത്തിനു വേണ്ടി ത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!
എന്റെ ഹൃദയം ജീവിക്കുന്ന ദൈവത്തിനായി ദാഹിക്കുന്നു.
or
അല്ലേലൂയാ!
അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ!
അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും
അവ എന്നെ നയിക്കട്ടെ.
എന്റെ ഹൃദയം ജീവിക്കുന്ന ദൈവത്തിനായി ദാഹിക്കുന്നു.
or
അല്ലേലൂയാ!
അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ;
ദൈവമേ, എന്റെ ദൈവമേ,
കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.
എന്റെ ഹൃദയം ജീവിക്കുന്ന ദൈവത്തിനായി ദാഹിക്കുന്നു.
or
അല്ലേലൂയാ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 10:11-18
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
യേശു പറഞ്ഞു: ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.
ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍ നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍ നിന്നാണ് എനിക്കു ലഭിച്ചത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന
സഭയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍
അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനംചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 20:19
യേശു വന്ന് തന്റെ ശിഷ്യന്മാരുടെ മധ്യേനിന്ന് അവരോടു പറഞ്ഞു:
നിങ്ങള്‍ക്കു സമാധാനം, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ അക്ഷയമായ ഉത്ഥാനത്തിലേക്ക്
എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment