നമുക്കഭിമാനിക്കാം
Ebin Pappachan OFM Cap

റോമൻ ദിവ്യബലിയെപ്പറ്റിയുള്ള പൊതുവായ ചില ധാരണകൾക്കുള്ള മറുപടിയാണ് ഈ കുറിപ്പിൽ. റോമൻ ദിവ്യബലി റോമിലെ സഭയിൽ ഉരുത്തിരിഞ്ഞ ആരാധനാ ക്രമമാണ്. ആയതിനാൽ ആ നാടിന്റെതായ പാരമ്പര്യങ്ങളും ചരിത്രവും അതിന്റെ ഉത്ഭവത്തിലും വളർച്ചയിലും സ്വാധീനംചെലുത്തിയിട്ടുണ്ട്.
റോമൻ ദിവ്യബലിയെക്കുറിച്ചുള്ള രണ്ടു പ്രധാന വിമർശനങ്ങൾ അത് 1) വളരെ ചെറുതാണെന്നും 2) ഭക്തിസാന്ദ്രമല്ല എന്നുമാണ്.
എന്തുകൊണ്ട് റോമൻ ദിവ്യബലി ഇപ്രകാരം ആയിരിക്കുന്നു എന്നതിന്റെ ചരിത്ര പശ്ചാത്തലമാണ് ഈക്കുറിപ്പിൽ വിവരിക്കുന്നത്.
എന്തുകൊണ്ട് റോമൻ ദിവ്യബലി ചെറുതായിരുന്നു?
‘രക്തസാക്ഷികളുടെ ചുടുനിണംവീണു കുതിർന്ന മണ്ണിൽ സഭാതരു തഴച്ചുവളർന്നു’ എന്ന് നാം സഭാചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇത് പ്രധാനമായും റോമൻ സഭയെപ്പറ്റി പറയാവുന്ന ഒരു കാര്യമാണ്. മറ്റുസഭകൾ പീഡനങ്ങൾ ഏറ്റുട്ടുണ്ടെങ്കിലും ഏറ്റവുമധികം പീഡനത്തിലൂടെ കടന്നുപോയ ആദിമസഭ റോമൻ സഭയാണ്. റോമിന്റെ സ്റ്റേഡിയങ്ങളിലും തെരുവോരങ്ങളിലും കൽത്തുറുങ്കുകളിലും മഴവെള്ളംകണക്കെ രക്തസാക്ഷികളുടെ ചുടുനിണമൊഴുകി. വാളും കുന്തവും, ചാട്ടവാറും, അമ്പുകളും, ഹിംസ്ര ജന്തുക്കളുടെ തേറ്റകളും, അഗ്നിയും, പട്ടിണിയും റോമിലെ ക്രിസ്ത്യാനികളുടെ വിശ്വാസം പരീക്ഷിച്ചു. എന്നിട്ടും ക്രിസ്തുവിനോടുള്ള സ്നേഹത്തിൽനിന്നും ഒന്നിനും അവരെ പിന്തിരിപ്പിക്കാനായില്ല.
“ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള വസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. (റോമാ 8:35-39). വി. പൗലോസ് ഇത് എഴുതുമ്പോൾ അതിന്റെ അർഥം മനസിലാക്കാൻ റോമിലെ വിശ്വാസികളേക്കാൾ മറ്റാർക്കും കഴിയില്ല. റോമൻ സഭയ്ക്കുള്ള ഒരു ആശ്വാസവാക്കുകൂടിയാണ് പൗലോസ് ഇതിലൂടെ നൽകുന്നത്.
ക്രിസ്തുവിനുവേണ്ടി മരിക്കണോ അതോ ക്രിസ്തുവിനുവേണ്ടി ജീവിക്കണോ?
ആദിമ റോമൻ സഭ നേരിട്ട രണ്ടു എക്സിസ്റ്റെൻഷ്യൽ (existential) ചോദ്യങ്ങളായിരുന്നു ഇവ. ക്രിസ്തുവിനുവേണ്ടി ജീവിക്കുക. ജീവിക്കാൻ പറ്റിയില്ലെങ്കിൽ ക്രിസ്തുവുനുവേണ്ടി മരിക്കുക- ഇതായിരുന്നു അവരുടെ ഇടയിൽ ഉരുത്തിരിഞ്ഞ പോംവഴി. അതിനാൽ ജീവൻ രക്ഷിക്കുക പ്രധാനപ്പെട്ട കാര്യമായി പരിഗണിക്കപ്പെട്ടു. എന്നാൽ, പിടിക്കപ്പെട്ടാൽ ധൈര്യസമേതം കൊലക്കളത്തിലേക്ക് സർവർക്കും സാക്ഷ്യമായി ഒരു പുഞ്ചിരിയോടെ ക്രിസ്തുവിനോടുള്ള സ്നേഹത്താൽ നടന്നുചെല്ലുക. ഇതായിരുന്നു ആദിമ റോമൻ സഭയുടെ വിശ്വാസപ്പോരാട്ടം.
“അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.” (മര്‍ക്കോസ് 15:39). ഇതുപോലെ ഓരോ ക്രിസ്ത്യാനികളും മരിച്ചുവീഴുന്നത് കണ്ടാണ് നിരവധിപേർ അവരുടെ സാക്ഷ്യത്തിന്റെ ശക്തിയാൽ സഭയിലേക്ക് കടന്നുവന്നത്.
അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ ഒരു കാലഘട്ടത്തിൽ പ്രാർത്ഥനയ്ക്കായി ഒത്തുവരിക അപകടകരവും, ക്ലേശപൂർണ്ണവുമായിരുന്നു. ആദ്യകാലങ്ങളിൽ ഭവനങ്ങളിൽ ഒരുമിച്ചുകൂടി (Domus Ecclesiæ) അവർ ആരാധനകൾ നടത്തിപ്പോന്നു. (Cf. Acts 2:42). റോമൻ ഭരണകൂടം കിരാതമായ ക്രിസ്ത്യൻ വേട്ട തുടർന്നപ്പോൾ സഭയ്ക്ക് ഭൂഗർഭ സങ്കേതങ്ങളിലേക്ക് പോകേണ്ടിവന്നു. മറ്റെങ്ങുമില്ലാത്തവിധം, ഇത്തരം catacombs എന്നറിയപ്പെടുന്ന ഭൂഗർഭ-ക്രൈസ്തവ നിലയങ്ങളുടെ ബാഹുല്യം റോമൻസഭ എത്രവലിയ ബുദ്ധിമുട്ടിലൂടെയാണ് വളർന്നുവന്നതെന്നു തെളിയിക്കുന്നു.
ചുറ്റിനും അപകടത്തിന്റെ കാറ്റ് ചൂളമിട്ടടിച്ചതിനാൽ ആരാധനാകർമ്മങ്ങൾ ഏറ്റവും ചുരുങ്ങിയ സമയത്തിൽ പൂർത്തീകരിക്കുവാൻ അവർ നിർബന്ധിതരായി. ഇപ്രകാരമുള്ള അപകടങ്ങളില്ലാത്ത സഭകൾ മണിക്കൂറുകൾ നീണ്ട ആരാധനാകർമ്മങ്ങൾ വളർത്തിയെടുത്തപ്പോൾ രക്തസാക്ഷികളുടെ ചോരയുടെ മണമുള്ള, മരണം നിഴലുപോലെ പിന്തുടർന്ന, റോമൻ സഭയ്ക്ക് കാക്കിക്കുറുക്കിയെടുത്ത സംക്ഷിത്തരൂപത്തിലുള്ള ആരാധനകൾ നടത്താനേ സാഹചര്യങ്ങളുണ്ടായിരുന്നുള്ളൂ. അതിനാൽ റോമൻ സഭയുടെ ആരാധന എത്രതന്നെ ചെറുതാണെങ്കിലും അതിനു ജീവത്യാഗത്തിന്റെ ഒരു പത്തരമാറ്റുകൂടിയുണ്ടെന്നത് അഭിമാനത്തിനു വകനല്കുന്നതാണ്. റോമൻ കുർബാന മറ്റുള്ളവരുടേതുപോലെ ധീർക്കമല്ലെന്നു പരിതപിക്കുന്ന സഹോദരർ അറിയണം ഇത് ഇത്ര ചെറുതാണെങ്കിലും വജ്രംകണക്കെ മൂർച്ചയുള്ളതാണെന്ന്. അത് അറിയുമ്പോളാണ് നമ്മുടെ മനസ്സിൽ അതിനെയോർത് അഭിമാനമുയരുക.
ജീവന് ഭീഷണിയുയർന്ന ഈ സാഹചര്യത്തിലാണ് പിടിക്കപ്പെട്ട ക്രിസ്ത്യാനികൾക്കുവേണ്ടി അപകടകരമായവിധമാണെങ്കിലും ദിവ്യകാരുണ്യം കൊണ്ടുകൊടുക്കാൻ തുടങ്ങിയതും, പിന്നീട് ദിവ്യകാരുണ്യം സൂക്ഷിക്കാൻ സക്രാരികൾ ഉണ്ടായതും, സക്രാരിയിലെ ഈശോയെ ആരാധിക്കാൻ തുടങ്ങിയതും. ഇപ്രകാരം സക്രാരികളും ദിവ്യകാരുണ്യ ആരാധനയും റോമൻ സഭാ പാരമ്പര്യമാണ്.
മറ്റൊരു റീത്തിലേക്ക് കെട്ടിച്ചുവിട്ട എന്റെ ഒരു സഹോദരി “ഇപ്പോൾ ലത്തീൻ കുർബാന കൂടിയാൽ മുഴുവൻ കുർബാന കൂടിയ പ്രതീതിയില്ല” എന്ന് പറഞ്ഞ കാലം- മറ്റൊരു റീത്തിലെ പള്ളിയിൽ ഒരു തിരുനാൾ ദിവസം ലത്തീൻ ദിവ്യബലി അർപ്പിക്കാൻ എന്നെ അവിടത്തെ വികാരിയച്ചൻ ക്ഷണിച്ചു. ആഘോഷമായ ദിവ്യബലിവേണമെന്ന് എന്നോട് പറഞ്ഞിരുന്നു. ആകാവുന്നത്ര ആഘോഷമാക്കി. ആദ്യാന്തം പാട്ടുകുർബാന നടത്തി. പാടാൻ സാധിക്കുന്ന എല്ലാം പാടി- വിശ്വാസപ്രമാണം ഉൾപ്പെടെ. ദിവ്യബലിക്കുശേഷം നടത്തേണ്ടിയിരുന്ന പ്രേദക്ഷിണം മാറ്റിവയ്‌ക്കേണ്ടിവന്നു. കുർബാനയ്ക്ക് ശേഷം വികാരി എന്നോടുപറഞ്ഞു: “അച്ചോ ഞാൻ വിചാരിച്ചു മുക്കാമണിക്കൂറുകൊണ്ട് കുർബാന തീരുമെന്ന്. ഇത്രേം വൈകിയതിനാൽ ഇന്നിനി പ്രദക്ഷിണം നടത്താൻ പറ്റില്ല”. ഒത്തിരി ആളുകളും പിന്നീടുവന്നു പറഞ്ഞു: “അച്ചാ ഇങ്ങനെയും ലത്തീൻ കുർബാന ഉണ്ടെന്ന് ഞങ്ങൾ ഇപ്പോളാണ് അറിഞ്ഞത്”.
മറ്റൊരിക്കൽ, റോമൻ കുർബാനയ്ക്ക് ധൂപം ഉപയോഗിക്കുമെന്ന് അറിയില്ലാതിരുന്ന ചിലരെയും ഞാൻ കണ്ടിട്ടുണ്ട്.
എന്തുകൊണ്ട് റോമൻ കുർബാന ഭക്തിസാദ്രമല്ല എന്ന് തോന്നുന്നു?
ഓരോ സഭയ്ക്കും തനതായ കാഴ്‌ച്ചപ്പാടുകളും പാരമ്പര്യങ്ങളുമുണ്ട്. അതാത് സഭകളുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അവിടുത്തെ ആരാധനാക്രമവും വളർന്നുവരിക. നേരത്തെ പറഞ്ഞതുപോലെ മരണഭയമില്ലാതെ സുരക്ഷിതത്വത്തിൽ വളർന്നുവന്ന ആരാധനാ ക്രമങ്ങൾക്ക് ആവോളം ഭക്തി പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ഗാനരുപത്തിലും മറ്റുരീതികളിലും ഭക്തിപ്രകടനങ്ങൾ അവയിൽ വളർന്നുവന്നു. ശ്വാസംമുട്ടി മരിക്കുമെന്നുതോന്നുമാറ് ദീർഘമായി കീരിയെ എലെയ്‌സണും (Lord have mercy) ആമേനും പാടാനാവുംവിധം അവർക്ക് സാഹചര്യം അനുകൂലമായിരുന്നു. എന്നാൽ എത്രയും ചുരുക്കാമോ അത്രയും ചുരുക്കി ആരാധന നടത്തേണ്ടിയിരുന്ന റോമൻ സഭയ്ക്ക് ഭക്തിയേക്കാൾ അധികം ദൈവശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കേണ്ടിവന്നു. അതുതന്നെയാണ് റോമൻ ദിവ്യബലിയുടെ സൗന്ദര്യവും. മറ്റെങ്ങുമില്ലാത്തവിധം ദൈവശാസ്ത്രത്തിന്റെ വർണ്ണവസന്തം റോമൻ ലിറ്റർജിയിലുണ്ട്.
മറ്റു റീത്തുകളിൽ പ്രാർത്ഥനയുടെ സുഗന്ധം പരക്കുമ്പോൾ റോമൻ ലിറ്റർജിയിൽ ദൈവീകരഹസ്യങ്ങളുടെ മന്നാ വർഷിക്കപ്പെടുന്നു. അതിലെ ഓരോ പ്രാർത്ഥനയും ഭക്തിപ്രകടനങ്ങളെക്കാളേറെ അഗാധമായ ദൈവീകരഹസ്യങ്ങളുടെ ധ്യാനമാണ്. അത് ഭക്തിയുടെ കാഴ്ചയല്ല, മറിച്ചു എക്സ്റ്റസിയിലൂടെയുള്ള ദർശനത്തിലേക്കുള്ള വാതായനമാണ് തുറന്നിടുക. റോമൻ സഭയുടെ പിതാവായ വിശുദ്ധ പത്രോസിന്റെ ജീവിതം അതിൽ നിഴലിക്കുന്നുണ്ട്. (Cf. “ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി….” അപ്പ. പ്രവര്‍ത്തനങ്ങള്‍ 11:5). അതുകൊണ്ടുതന്നെയാണ് റോമൻ ദിവ്യപൂജാഗ്രന്ഥം അത്ര ബ്രിഹത്തായിരിക്കുന്നതും.
എല്ലാ റീത്തുകളിലുംപെട്ട സഹോദരങ്ങളുള്ള ഒരു കമ്മ്യൂണിറ്റിയിൽ കുറച്ചുനാൾ സേവനംചെയ്യാൻ ഇടയായി. റോമൻ കുർബാന പരിചിതമല്ലാത്ത വൈദീകർ റോമൻ ദിവ്യബലി അർപ്പിച്ചു കടന്നുപോയിരുന്ന കാലത്താണ് ഞാനവിടെ ചെല്ലുക. അതുകൊണ്ടുതന്നെ സാരമായ ഒരു നിസ്സംഗത റോമൻ ദിവ്യബലിയോട് അവർക്ക് ഉണ്ടായിരുന്നു. ഞാൻ അവിടെ നല്ലരീതിയിൽ റോമൻ ദിവ്യബലിയർപ്പിച്ചപ്പോൾ “ഇതിന് ഇത്ര സൗന്ദര്യവും ഭക്തിയും മാധുര്യവുമുണ്ടെന്നു ജീവിതത്തിൽ ഇന്നോളം കരുതിയിരുന്നില്ല” എന്ന് നിരവധിപേർ എന്നോട് പറഞ്ഞു. കൂദാശാസ്ഥാപന അവസരങ്ങളിൽ പൊട്ടിക്കരയുന്നവരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്. കരംമുത്താൻ ആഗ്രഹിച്ച ആളുകളെ കണ്ടിട്ടുണ്ട്. ഇതെല്ലാം റോമൻ ദിവ്യബലിയുടെ സൗന്ദര്യമാണ്. അത് അനുഭവിക്കാത്തവർക്ക് ഒരുപക്ഷെ ഇന്നും പഴയ നിസ്സംഗത ഉണ്ടായിരിക്കാം. അനുഭവിച്ചർക്കൊ, ക്രിസ്തുവിനുവേണ്ടി ശമിക്കാത്ത ദാഹം നൽകുന്ന ആത്മീയ നിർവൃതിയുമാണത്.
ഉപസംഹാരം
റോമൻ ദിവ്യബലി, ലത്തീൻ കുർബാനയെന്നു കേരളത്തിൽ പരക്കെ അറിയപ്പെടുന്നു. അതിനാലാണ് ചിലയിടങ്ങളിൽ ലത്തീൻ കുർബാനയെന്നു പറഞ്ഞിട്ടുള്ളത്. മറ്റു റീത്തുകാർ പറഞ്ഞത് രേഖപ്പെടുത്തേണ്ടിവന്നതിനാലാണ് ആ പ്രേയോഗം ഉപയോഗിച്ചിരിക്കുന്നത്.
രണ്ടു വിമർശനങ്ങളെക്കുറിച്ചുള്ള അവലോകനമായിരുന്നു ഈ കുറിപ്പ്. ഇത് വായിച്ചപ്പോൾ റോമൻ ദിവ്യബലിയെ അതിന്റെ അന്തസത്തയിൽ മനസിലാക്കാൻ കുറച്ചെങ്കിലും നിങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. മറ്റു സഹോദരീ റീത്തുകളിലെ ലിറ്റർജിയെ ബഹുമാനത്തോടെ നോക്കുമ്പോൾത്തന്നെയും റോമൻ ലിറ്റർജിയുടെ മനോഹാരിതയും മനസിലാക്കാൻ ശ്രമിക്കണമെന്നാണ് ഈക്കുറിപ്പിന്റെ ലക്ഷ്യം. റോമൻ ലിറ്റർജിയെപ്പറ്റി സ്വയം ലജ്ജിക്കേണ്ടിവന്ന ഏവർക്കും ഒരു വെളിച്ചമുണ്ടാകട്ടെയെന്നാണ് പ്രാർത്ഥന.
റോമൻ ദിവ്യബലി ചെറുതാണെങ്കിലും അതിൽ നീ പങ്കെടുക്കുമ്പോൾ നിനക്കുചുറ്റും, രക്തംവാർന്ന നിന്റെ പൂർവീകസഹോദരങ്ങൾ ഉണ്ടെന്ന ബോധ്യം നിന്നെ വികാരഭരിതനാക്കും. അത് വാചാലമല്ലെന്നു തോന്നിയാലും, എമ്മാവൂസിലേക്ക് പോയ ശിഷ്യർക്ക് ദൈവശാസ്ത്രത്തിന്റെ അറിവുകൾ പകർന്നുനൽകിയ ക്രിസ്തു അതിലുണ്ടെന്ന ബോധ്യം നിന്റെ ഹൃദയത്തിൽ ഭക്തിയുടെ ജ്വലനം സാധ്യമാക്കും.
(Cf. “… അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു. അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു… അവര്‍ പരസ്‌പരം പറഞ്ഞു: വഴിയില്‍വച്ച് അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?” ലൂക്കാ 24:30-32 ).
തിരുവോസ്തിയോളം ചെറുതാകുമ്പോളല്ലേ ഏറ്റവും മാധുര്യം ഉണ്ടാവുക! അതുപോലെയാണ് റോമൻ ലിറ്റർജിയുടെ ഭംഗിയും. അത് നീ അറിയുക, അതിൽ നീ അഭിമാനിക്കുക.
സസ്നേഹം
Fr. എബിൻ പാപ്പച്ചൻ OFM Cap.

Leave a comment