John 16:16-24 വചന വിചിന്തനം

വചന വിചിന്തനം

കർത്താവിന്റെ മുഖം വ്യക്തമാക്കുന്ന, ക്രിസ്തുവിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ദൈവവചന ഭാഗമാണ് ഇന്നത്തെ സുവിശേഷം. (യോഹ 16/16-24).
ആരാണ് ക്രിസ്തു എന്ന ചോദ്യത്തിന് മനോഹരമായ ഉത്തരം. ക്രിസ്തുവിന്റെ മനുഷ്യത്വത്തെയും ദൈവത്വത്തെയും ഒരുപ്പോലെ യോഹന്നാൻ ശ്ലീഹ വെളിപ്പെടുത്തുന്നു. മനുഷ്യരുടെ ദുഃഖം അറിയുന്നവൻ. യേശു പറയുന്നു. “അതുപോലെ ഇപ്പോൾ നിങ്ങളും ദുഖിതരാണ്. “
(യോഹ 16/22).
മനുഷ്യരുടെ അസ്വസ്ഥതകൾ അറിയുന്നവൻ- യേശു. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട”
(യോഹ 14/1)

കൂട്ടികൊണ്ട് കൂടെനടക്കുവാനും കൂടെയായിരിക്കുവാനും ആഗ്രഹിക്കുന്നവൻ, യേശു. “ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കി കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്നു നിങ്ങളെയും കൂട്ടികൊണ്ടുപോകും.” (യോഹ 14/3).
മനുഷ്യൻ ഏറ്റവും ആഗ്രഹിക്കുന്ന സന്തോഷം നൽകുന്നത്, യേശു.”നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.”(യോഹ 16/20).
“നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തു കളയുകയില്ല.”
(യോഹ 16/22)

ചോദിച്ചാൽ നൽകുന്നവൻ, യേശു. “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും.അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാകുകയും ചെയ്യും.
(യോഹ 16/24)

ഇങ്ങനെ ക്രിസ്തുവിന്റെ മുഖം പടിപടിയായി, വചനത്തിലൂടെ യോഹന്നാൻ നമ്മുക്കായി വെളിപ്പെടുത്തുന്നു. അല്ല, ക്രിസ്തുവിൽ കരുണാസമ്പന്നനായ ദൈവം വെളിപ്പെടുത്തപ്പെട്ടു. ആശ്വസിപ്പിക്കുന്ന ദൈവം, ദയ കാണിക്കുന്ന ദൈവം, മാറോടു ചേർക്കുന്ന ദൈവം ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ടു. “അവിടുന്ന് യേശുക്രിസ്തുവിൽ നമ്മോടു കാണിച്ച കാരുണ്യത്താൽ വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്.”
(എഫേ 2/7).

യേശുവിന്റെ ദൈവ സ്വഭാവവും യോഹന്നാൻ ശ്ലീഹ വെളിപ്പെടുത്തുന്നു. “ഞാൻ പിതാവിൽനിന്നും പുറപ്പെട്ടു ലോകത്തിലേയ്ക്ക് വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുക്കലേക്കു പോകുന്നു.”
(യോഹ 16/28).

യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യം, ഇന്നും എന്നും മനുഷ്യരായ നമ്മുക്ക് ദൈവത്തിന്റെ കാരുണ്യവും ദയയും കൃപയും ലഭിക്കുമെന്നതിന്റെ ഉറപ്പായിരുന്നു. വചനം ഓർമപ്പെടുത്തുന്നു, “ഇത് നമ്മൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.”
(എഫേ 2/8). പിതാവിനെ കാണിച്ചു തന്ന യേശുവിനു നമ്മുക്ക് നന്ദി പറയാം.

ദൈവം രക്ഷകനാണെന്നു നാം അറിയണം. ശക്തനാണെന്നു നാം അറിയണം. വിമോചകനാണെന്നു നാം അറിയണം. ദൈവത്തിന്റെ നന്മകൾ ക്രിസ്തുവഴി നാം അറിയണം; അതു മർത്യകുലം മുഴുവൻ അറിയണം. ആമേൻ.

റോയ് പുലിയുറുമ്പിൽ അച്ചൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment