ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’
വിശുദ്ധരോട് പ്രാർത്ഥിക്കരുത് !!
യേശുക്രിസ്തുവാണ് ഏക മധ്യസ്ഥൻ..
1 Timothy 2:5 For there is one God, and one mediator also between God and men, the man Christ Jesus.
May 1. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ…
ഈ വർഷം പെരുന്നാൾ എന്താ നടത്താത്തത് എന്ന് ഔസേപ്പ് പിതാവ് ചിന്തിച്ചു കാണുമോ ആവോ? ഇല്ല ചിന്തിക്കാൻ വഴിയില്ല…!!
പണ്ടേ ‘പിതാവ്’ ശാന്തനാണ്… പ്രശ്നക്കാരനോന്നുമല്ല… അധികമൊന്നും സംസാരിച്ചിട്ടില്ല… പക്ഷേ കാര്യങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്..!! അതനുസരിച്ച് ‘പിതാവ്’ നിന്നോളും…!!!
പക്ഷേ
ഇപ്രാവശ്യത്തെ പള്ളി പെരുന്നാൾ ഫേസ്ബുക്കിൽ അങ്ങ് ആഘോഷിച്ചു…
ചിലവ്: 1 GB.
കഴിഞ്ഞ വർഷങ്ങളിലെ കുറച്ച് ഫോട്ടോസ് upload ചെയ്തതാ…
യേശുക്രിസ്തുവാണ് ഏക മധ്യസ്ഥൻ എന്ന് ബൈബിൾ പറഞ്ഞിട്ട്, വിശുദ്ധനോട് മധ്യസ്ഥത പറയുന്നത് ബൈബിൾ വിരുദ്ധമല്ലേ??
ചെറുപ്പത്തിൽ ആദ്യമായി ഈ ചോദ്യം കേൾക്കുന്നത് വീട്ടിൽ കയറി വന്ന ഒരു പ്രൊട്ടസ്റ്റൻറ് പാസ്റ്ററിലൂടെ ആണ്..
നിങ്ങൾ വിശുദ്ധരോടു പ്രാർത്ഥിക്കുകയല്ലേ???? യേശുവല്ലേ ഏക മധ്യസ്ഥൻ?
പുള്ളി കൺഫ്യൂഷൻ അടിപ്പിച്ച് കളഞ്ഞു…
പാസ്റ്റർ ചോദിച്ചതിലും ചെറിയ കാര്യമില്ലാതില്ല…
ശരിയാണ് കഴിഞ്ഞിടയ്ക്ക് ഒരാൾ ഇങ്ങനെ പ്രാർത്ഥിച്ചു എന്നാണ് കേട്ടത്….” വിശുദ്ധ യൂദാശ്ലീഹായേ .. “ഞങ്ങൾടെ യേശുനെ ഒരാപത്തും വരാതെ കാത്തോണേ…!!!”
വിശുദ്ധനോടുള്ള ഭക്തി മൂത്തതാണ് …. സംശയിക്കേണ്ട ..വിശുദ്ധ കുർബാനയ്ക്ക് ആളുകൾ കുറവും മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ആളിന്റെ നല്ല ഇടിയും ഉള്ള സ്ഥലങ്ങൾ ഉണ്ട് !!!
അപ്പൊൾ
ഇങ്ങനെയൊക്കെ ചോദിച്ചില്ലെങ്കിലെ ഉള്ളൂ അതിശയം..
പക്ഷേ എന്തായാലും പാസ്റ്ററോട് തർക്കിച്ചു ജയിക്കാൻ ഒന്നും അന്ന് അറിയില്ല….
പക്ഷേ ഒന്നറിയാം പള്ളിയിലുള്ള വിശുദ്ധന്റെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചാൽ സംഗതി ക്ലീൻ ക്ലീനായി നടക്കുന്നുണ്ട്…
അതുമാത്രം പോരല്ലോ !! ചോദിക്കുന്നവർക്ക് മറുപടി കൊടുക്കണ്ടേ …
അങ്ങനെയാണ് വിശുദ്ധരെകുറിച്ചുള്ള ആദ്യ അന്വേഷണം ആരംഭിക്കുന്നത്.
മലയാള ഭാഷയ്ക്ക് ഒരു പ്രശ്നമുണ്ട് ചില വാക്കുകൾക്ക് ഒറ്റ വാക്കേയുള്ളൂ ..
ഇംഗ്ലീഷിൽ മധ്യസ്ഥന് രണ്ടു വാക്കുകൾ ഉണ്ട്
Mediator
Intercessor
യേശുക്രിസ്തു Mediator
വിശുദ്ധർ Intercessors
അപ്പോൾ ഈ വിശുദ്ധരോട് കാര്യങ്ങൾ അവതരിപ്പിച്ചാൽ എന്താണ് സംഭവിക്കുന്നത് ..
ആദ്യമായി മനസ്സിലാക്കേണ്ടത് ദൈവകൃപയിൽ ജീവിച്ചവരുടെ ഇടപെടൽ ദൈവം പരിഗണിക്കും …
ക്രൈസ്തവ ലോകത്തിൽ മരണമില്ല ..!
അതുകൊണ്ടാണ് ദേവാലയത്തിനു മധ്യഭാഗത്ത് Red Carpet ഉള്ള സ്ഥലം പരിശുദ്ധ കുർബാനയ്ക്ക് സകല മരിച്ചു പോയവരും നിൽക്കുന്ന സ്ഥലമാണെന്ന് പിതാക്കന്മാർ പഠിപ്പിച്ചിരിക്കുന്നത്.. ഓരോ പരിശുദ്ധ കുർബാനയിലും പരിശുദ്ധ മാതാവും, വിശുദ്ധരും, സകല മരിച്ചു പോയ വിശ്വാസികളും സംബന്ധിക്കുന്നുണ്ട് ….
അവരുടെ സാന്നിധ്യം ഓർമ്മപ്പെടുത്തി കൊണ്ടാണ് ദേവാലയത്തിന്റെ മധ്യഭാഗത്ത് നാം നിലവിളക്ക് കൊളുത്തുന്നതും… കുർബാനയിൽ മുഴുവൻ ആ നിലവിളക്ക് കത്തി നിൽക്കണം …
പറഞ്ഞു വന്നത് ദൈവകൃപയിൽ ജീവിച്ചവരുടെ intercession ( മധ്യസ്ഥത) ദൈവം കേൾക്കും … തീരുമാനം വ്യത്യാസപ്പെടുത്തും..!!!
വിശുദ്ധർ ദൈവകൃപയിൽ ജീവിച്ചവരാണ്.
1. ദൈവം സോദോം ഗോമോറ നശിപ്പിക്കാൻ തീരുമാനിച്ചു . ഇതറിഞ്ഞ എബ്രഹാം ലോത്തിനുവേണ്ടി ചോദിക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് ഉല്പത്തി പുസ്തകത്തിൽ 18:16–33
അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ ….?
45 പേർ ഉണ്ടെങ്കിൽ..?
40 പേർ ഉണ്ടെങ്കിൽ…?
30 പേരെ ഉള്ളുവെങ്കിൽ…?
20 പേർ ഉണ്ടെങ്കിലോ …?
10 പേരോ????
സഹോദരൻ അല്ലാതെ ആരും കാണാൻ വഴിയില്ല എന്ന് എബ്രഹാമിന് അറിയാമായിരുന്നു … എങ്കിലും സഹോദരന് വേണ്ടി ഒരു കൈ നോക്കിയതാ…
കർത്താവിനു കാര്യം പിടികിട്ടി …
എബ്രഹാത്തോട് ഒന്നും പറഞ്ഞില്ല
ഉല്പത്തി 19:12 ദൂതന്മാർ ലോത്തിനോട് പറയുന്ന ‘ഷോട്ട്’ ആണ് പിന്നെ കാണുന്നത്.. നിനക്കുള്ളവരെ വിളിച്ച് പുറത്തുകടക്കുക.
ലോത്തിന്റെ പേര് അബ്രാഹം കർത്താവിനോട് പറഞ്ഞില്ല.. പക്ഷെ ദൈവ കൃപ നിറഞ്ഞവരുടെ മനസ്സിലുള്ളത് ഗ്രഹിച്ച് ദൈവം പ്രവർത്തിക്കും!!.
2. ദൈവം മോശയെ വിളിച്ച്പറഞ്ഞു..
ഇസ്രായേൽ ജനത്തെ ഞാൻ നശിപ്പിക്കാൻ പോവുകയാണ്…
മോശ ഞെട്ടി .. താനറിയാത്ത എന്തെങ്കിലും പണി ജനം കാണിച്ചു കാണും.. ഒരു കാളക്കുട്ടിയെ ഉണ്ടാക്കിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല!! അന്നയച്ച മഹാമാരിയിൽ നിന്ന് ഒരു വിധത്തിലാണ് കരകയറിയത്!!
പണി പാളി എന്നോർത്ത്,
എന്തുപറ്റി കർത്താവേ ഇപ്പോൾ ഇങ്ങനെ തീരുമാനിക്കാൻ???? മോശ ചോദിച്ചു
കർത്താവ് പറഞ്ഞു !!
ഇത്രയും അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും എത്രനാൾ ഈ ജനം എന്നെ വിശ്വസിക്കാതെ ഇരിക്കും??? മഹാമാരി കൊണ്ട് പ്രഹരിച്ച് അവരെ ഞാൻ നിർമൂലനം ചെയ്യും. !!
മോശക്ക് കാര്യം പിടികിട്ടി ..
മോശ ഒരു സൈക്കോളജിക്കൽ മൂവ് എടുത്തു..
ദൈവത്തോട് അല്പം നെറ്റിചുളിച്ചു പറഞ്ഞു .. നീ എന്തൊരു വർത്തമാനം ആണ് ഈ പറയുന്നത് !!!
ചുമ്മാ അനാവശ്യം പറയാതെ.. നാട്ടുകാർ
(ഈജിപ്തുകാർ) ഇത് കേട്ടാൽ എന്ത് വിചാരിക്കും ? ആകെ നാണക്കേടാകും കേട്ടോ !!..
അവർ ഇൗ നാട്ടിൽ മുഴുവൻ പറഞ്ഞു നടക്കും !! ദൈവത്തിനൊന്നുമറിയാത്തതുപോലെ മോശ വച്ചടിച്ചു !!!
പകൽ മേഘ സംഭവവും രാത്രി അഗ്നി തൂൺ ഒക്കെ ആയി ഇവരുടെ ഇടയിൽ ഉണ്ടെന്നു പറഞ്ഞിട്ട് …. അവർക്ക് കൊടുക്കാമെന്നു പറഞ്ഞ് ദേശം കൊടുക്കാൻ കഴിവില്ലാത്തതു കൊണ്ട് മരുഭൂമിയിൽ വച്ച് തട്ടി കളഞ്ഞത എന്ന് നാട്ടുകാർ പറയും!!! (സംഖ്യാപുസ്തകം 14: 16)
അതുകൊണ്ട് ചുമ്മാ മണ്ടത്തരം കാണിക്കരുത്..
Psychological Move..
ദൈവം തീരുമാനം മാറ്റി (സംഖ്യാപുസ്തകം 14: 20)
മോശയുടെ മാധ്യസ്ഥം എന്നതാണ് പതി നാലാം അധ്യായത്തിലെ തലക്കെട്ട് തന്നെ !!!
3. കാനായിലെ കല്യാണവിരുന്നിൽ യേശു അമ്മയോട് പറഞ്ഞു.” എന്റെ സമയം ഇനിയും ആയിട്ടില്ല”
പരിശുദ്ധ അമ്മയുടെ ഇടപെടൽ മൂലം സമയം ആകാത്ത സമയം ദൈവം സമയം ആക്കിത്തീർത്തു.!!!
വിശുദ്ധരോട് മധ്യസ്ഥത പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നത് ഇതുകൊണ്ടാണ്.
കത്തോലിക്കാസഭയിൽ വിശുദ്ധ പദവിയിൽ വെറുതെയങ്ങ് ആക്കുന്നതല്ല!
ശാസ്ത്രത്തിന് ഉത്തരമില്ല എന്ന് സ്ഥിരീകരിക്കുന്ന 2 അത്ഭുതങ്ങൾ സംഭവിക്കണം.
സംഭവിക്കും !!! ദൈവകൃപ നിറഞ്ഞവർ പറഞ്ഞാൽ സംഭവിക്കും.!!
സമയം ആകാത്തത സമയം ദൈവം സമയം ആക്കിത്തീർക്കും.
അതിനു കാരണമുണ്ട് വചനത്തിൽ പറഞ്ഞിരിക്കുന്നത് സംഭവിക്കും. സംഭവിക്കാതെ ഇരിക്കാൻ തരമില്ല !!
” ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ് നിറവേറ്റിത്തരും.”
മത്തായി 18 : 19
രണ്ടുപേർ ഒരുമിച്ച് ചോദിക്കുന്ന കാര്യങ്ങൾ നടക്കും എന്ന് ബൈബിൾ പറയുന്നു. ഞാനും വിശുദ്ധനും കൂടി പ്രാർത്ഥിക്കുമ്പോൾ രണ്ടുപേർ അല്ലേ???
ചിലരൊക്കെ ചിന്തിച്ചിരിക്കുന്നത് വിശുദ്ധ മുകളിൽ നിന്ന് കൈ ഉയർത്തി പിടിച്ച് നമ്മളെ അനുഗ്രഹിക്കുന്നവരാണ് എന്നാണ്..
അവർ മുകളിൽ നിന്ന് അനുഗ്രഹം താഴേക്കിട്ടു തരും അത് ‘ക്യാച്ചെടുത്ത്’ വീട്ടിൽ പോയി സുഖമായി ജീവിക്കും.
അങ്ങനെയൊരു ചിന്ത ഉള്ളതുകൊണ്ട് ആകാം statue വിൽ പോയി തൊട്ടു മുത്തുന്നത്. ഇതൊക്കെ കാണുമ്പോഴാണ് മനുഷ്യൻ പറയുന്നത്..!!!
എന്താണ് വിശുദ്ധരോടുള്ള മധ്യസ്ഥപ്രാർത്ഥന എന്ന് മലങ്കര അന്ത്യോക്യൻ ആരാധനക്രമത്തിൽ വ്യക്തമായി പാട്ടുകളിലൂടെ പറയുന്നു.!!!
വിശുദ്ധ കുർബാനയ്ക്ക് മുമ്പുള്ള നമസ്കാരത്തിൽ ഇങ്ങനെ പാടുന്നു
” കർത്താവാം സർവ്വേശാ
തവഹിതമതുപോൽ നവ മാസം
നിന്നെ വഹിച്ചോൾ മറിയവുമായി
സ്തുതി പാടാൻ വരമേകണം
കർത്താവാം സർവ്വേശാ
ജാതികളിൽ നിൻ സുവിശേഷം
ഭാഷിച്ചോരാം ശ്ലീഹരുമായി
സ്തുതി പാടാൻ വരമേകണം”
മാതാവിന്റെ മധ്യസ്ഥ പ്രാർത്ഥനയിൽ ഇങ്ങനെ ചൊല്ലുന്നു
” ധന്യേ നിൻ പ്രാർത്ഥനമേവട്ടെ ഞങ്ങളോടോന്നിച്ച്….
അതായത് നമ്മൾ പ്രാർത്ഥിക്കാൻ ദൈവാലയത്തിൽ മുട്ടു കുത്തുമ്പോൾ നമ്മളോടൊപ്പം, നമ്മളുടെ കൂടെ , നമ്മളുടെ ഇടത്തും വലത്തും മുട്ടുകുത്തുന്നവരാണ് വിശുദ്ധന്മാർ.
ഞാൻ ഒരു ആവശ്യവുമായി ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ എന്നോടുകൂടി വിശുദ്ധ ഗീവർഗീസ് വലതുവശത്ത് ദൈവസന്നിധിയിൽ മുട്ടുകുത്തും…
വിശുദ്ധ യൂദാശ്ലീഹ ഇടതുവശത്ത് മുട്ടുകുത്തും …
വിശുദ്ധ അൽഫോൻസാമ്മ മുൻപിൽ മുട്ടുകുത്തും…
വിശുദ്ധ കൊച്ചുത്രേസ്യ പിൻപിൽ മുട്ടുകുത്തും…. എന്നിട്ട് പറയും ദൈവമേ ഈ ചാക്കോച്ചന്ന് കുറച്ച് ആവശ്യങ്ങളുണ്ട് !! അങ്ങ് നടത്തി കൊടുത്തേക്കണേ!!!!
നമ്മളോട് ഒരുമിച്ച് പ്രാർത്ഥിക്കുന്നവരാണ് വിശുദ്ധന്മാർ..!!!
ദൈവ കൃപ നിറഞ്ഞ വ്യക്തികളോട് ഒന്നിച്ച് പ്രാർത്ഥിക്കുമ്പോൾ സ്വർഗം സമയം ആകാത്ത സമയം സമയം ആകും !!!
അതുകൊണ്ടാണ് വിശുദ്ധന്മാരുടെ കുക്കിലിയോൻ പ്രാർത്ഥനയിൽ സുറിയാനിയിൽ ഇങ്ങനെ ചൊല്ലും ” ആപീസ് ആമാൻ കാദീശേ”
പരിശുദ്ധൻ മാരെ നിങ്ങൾ ഞങ്ങളോടൊപ്പം പ്രാർത്ഥിപ്പിൻ കർത്താവോടായ്…
നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മളോടൊപ്പം പ്രാർത്ഥിക്കുന്നവരാണ് വിശുദ്ധന്മാർ… അല്ലാതെ പാസ്റ്റർ പറഞ്ഞതുപോലെ മുകളിൽ നിന്ന് നമ്മളെ അനുഗ്രഹിക്കുന്നവരല്ല… പാപമോചനം ഒക്കെ അത് കർത്താവിൽ നിഷിദ്ധമാണ് !!!
നമ്മുടെ പിതാക്കന്മാർ ഒരു സംഭവം തന്നെയാണ്. പരിശുദ്ധ നമസ്കാരത്തിലേയും പരിശുദ്ധ കുർബാനയിലേയും പാട്ടുകളും പ്രാർത്ഥനകളും ഒന്നു മനസ്സിരുത്തി ധ്യാനിച്ചാൽ മതി. ഏത് സംശയത്തിനുള്ള ഉത്തരം അതിലുണ്ട്.!!
പാസ്റ്റർ ആണ് പ്രശ്നം എല്ലാം ഉണ്ടാക്കിയത് !!! പാസ്റ്റർ ബൈബിളിൽ ഇതൊന്നും വായിച്ചിട്ടില്ലേ???
പോട്ടെ സാരമില്ല!! അറിവില്ലായ്മ ഒരു പാപം അല്ലല്ലോ!!!
പിന്നെ
സത്യങ്ങൾക്ക് പ്രതിപക്ഷം ഉണ്ടാകുന്നത് സത്യം വളച്ചൊടിക്കപ്പെടുമ്പോഴാണ്… !!
ചാക്കോച്ചി
- Fr Chackochi Meledom
- Email: chackochimcms@gmail.com


Leave a comment