കോവിഡ് കാലത്തെ ക്രിസ്തു ചിന്തകൾ 39

കോവിഡ് കാലത്തെ ക്രിസ്തു ചിന്തകൾ 39
(ഫാ. ജേക്കബ് പുതുശ്ശേരി)

ഉപവാസം

ക്രൈസ്തവരുടെ ജീവിതത്തിൽ ഏറെ പ്രസക്തമായ ഒന്നാണ് ഉപവാസം. യേശു തന്നെ നാൽപ്പതു ദിനരാത്രങ്ങൾ ഉപവസിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. “അനന്തരം പിശാചിനാല്‍ പരീക്ഷിക്കപെടുന്നതിനു യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു. യേശു നാല്‍പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവനു വിശന്നു”. (മത്തായി 4, 1-2). ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കുക, പഞ്ചേന്ദ്രിയങ്ങൾക്കു ആനന്ദം പകരുന്നവ വർജിക്കുക തുടങ്ങിയവ ഉപവാസമെടുക്കുന്നതിന്റെ ഗണത്തിൽ പെടും. മാനസാന്തരത്തിന്റെ ഭാഗമായും പാപമോചനം ലഭിക്കാനും പ്രാർത്ഥന കൂടുതൽ സ്വീകാര്യമാകാനും ഉപവാസം അനുഷ്ടിച്ചു പോരുന്നു. തിന്മയെയും പൈശാചിക ശക്തികളെയും അകറ്റാൻ പ്രാർത്ഥനയും ഉപവാസവും ആവശ്യമാണെന്ന് യേശു തന്നെ അരുളിചെയ്തിട്ടുണ്ട്. ഓരോ ക്രൈസ്തവന്റെയും ആത്മീയ ജീവിതത്തിൽ ഉപവാസത്തിനു വലിയ പ്രാധാന്യമുണ്ട്.

മോശ ഇസ്രായേൽ ജനത്തിനായി ഉടമ്പടിയുടെ വ്യവസ്ഥകളായ പത്തു കൽപ്പനകൾ എഴുതുന്നതിനു മുമ്പ് നാൽപ്പതു പകലും നാല്പതു രാവും കർത്താവിനോടു കൂടെ ചെലവഴിച്ച കാര്യം പുറപ്പാട് പുസ്തകം രേഖപ്പെടുത്തുന്നു. അക്കാലമത്രയും മോശ ഉപവാസമനുഷ്ഠിച്ചു. “മോശ നാല്‍പതു പകലും നാല്‍പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ ചെയ്‌തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങൾ അവന്‍ പലകകളില്‍ എഴുതി. (പുറപ്പാട് 34, 28)

ഉപവസിക്കുവാൻ ആഹ്വാനം ചെയ്യുന്ന പ്രവാചകൻമാരെ നമുക്ക് പഴയ നിയമത്തിൽ കാണാൻ കഴിയും. കർത്താവിന്റെ ആലയത്തിൽ ഒരുമിച്ചു കൂടി പ്രാർത്ഥിക്കാൻ ഉപവാസകാലത്തു ജോയേൽ പ്രവാചകൻ ആഹ്വാനം ചെയ്യുന്നു. “ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്ഠന്മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍; കര്‍ത്താവിനോടു പ്രാർത്ഥിക്കുവിൻ. (ജോയേല്‍ 1, 14). ഉപവാസം പൂർണ ഹൃദയത്തോടെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വരുവാനുള്ള സമയമാണ്. “കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീർപ്പോടും കൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. (ജോയേല്‍ 2, 12).

മറ്റുള്ളവരുടെ പാപങ്ങൾക്ക് പരിഹാരമായും ദൈവകോപം അകറ്റാനായും ഉപവസിക്കുന്നവരെ നമുക്ക് പഴയ നിയമത്തിൽ കാണാം. “അനന്തരം മുമ്പിലത്തേതുപോലെ നാല്‍പതു പകലും നാല്‍പതു രാവും ഞാന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രണമിച്ചു കിടന്നു. നിങ്ങള്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവർത്തിച്ചു പാപംചെയ്‌ത്‌ അവിടുത്തെ കുപിതനാക്കിയതിനാല്‍, ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്‌തില്ല. (നിയമാവര്‍ത്തനം 9, 18). മൂന്നാഴ്ചത്തേതായിരുന്നു ദാനിയേലിന്റെ ഉപവാസം.
“ദാനിയേലെന്ന ഞാന്‍ മൂന്നാഴ്‌ചക്കാലത്തേക്ക്‌ വിലാപം ആചരിക്കുകയായിരുന്നു. ആ മൂന്നാഴ്‌ചക്കാലം മുഴുവന്‍ ഞാന്‍ രുചികരമായ ഭക്‌ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്‌ധലേപനം നടത്തുകയോ ചെയ്‌തില്ല. (ദാനിയേല്‍ 10, 2-3).

മാനസാന്തരത്തിലേക്കു നയിക്കുന്ന ഉപവാസത്തെക്കുറിച്ചു യോനാ പ്രവാചകന്റെ പുസ്തകം വിവരിക്കുന്നു. “നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു” (യോനാ 3, 5)

ഭക്തരുടെ പ്രാർത്ഥനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദൈവാനുഗ്രഹം നേടുന്നതിനുള്ള മാർഗമാണ് ഉപവാസം.
“ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും മക്കളോടും വസ്‌തുവകകളോടും കൂടെയുള്ള ഞങ്ങളുടെ യാത്ര സുഗമമാകുന്നതിനും വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുന്നതിനു അഹാവാ നദീതീരത്തുവച്ചു ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. യാത്രയിൽ ഞങ്ങളെ ശത്രുക്കളിൽ നിന്നു രക്‌ഷിക്കുന്നതിന്‌ ഒരു സംഘം പടയാളികളെയും കുതിരപ്പടയെയും രാജാവിനോട്‌ ആവശ്യപ്പെടാൻ എനിക്കു ലജ്‌ജയായിരുന്നു. കാരണം, ദൈവത്തെ അന്വേഷിക്കുന്നവരുടെ മേൽ അവിടുത്തെ കാരുണ്യം ഉണ്ടായിരിക്കുമെന്നും ദൈവത്തെ ഉപേക്‌ഷിക്കുന്നവരുടെമേല്‍ അവിടുത്തെ ക്രോധം ശക്‌തമായി നിപതിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിട്ടുണ്ടായിരുന്നു. അതിനാല്‍, ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടുയാചിക്കുകയും അവിടുന്ന്‌ ഞങ്ങളുടെ പ്രാർത്ഥന കേള്‍ക്കുകയും ചെയ്‌തു. (എസ്രാ 8, 21-23).

രോഗാവസ്ഥയിൽ ചാക്കുടുത്തു ഉപവസിച്ചു പ്രാർത്ഥിക്കുന്നതിനെക്കുറിച്ചു സങ്കീർത്തകൻ പറയുന്നത്
“എന്നാല്‍, അവര്‍ രോഗികളായിരുന്നപ്പോൾ ഞാന്‍ ചാക്കുടുത്ത്‌ ഉപവസിച്ച്‌ ആത്‌മപീഡനമേറ്റു; ശിരസ്‌സുനമിച്ചു ഞാന്‍ പ്രാർത്ഥിച്ചു.
(സങ്കീര്‍ത്തനങ്ങള്‍ 35, 13) എന്നാണു.

ഏശയ്യാ പ്രവാചകന്റെ പുസ്തകം അമ്പത്തിയെട്ടാം അദ്ധ്യായം എന്താണ് ഉപവാസം എന്നും എന്തല്ല ഉപവാസം എന്നും വ്യക്തമാക്കുന്നുണ്ട്. ഇസ്രായേലിന്റെ പാപം അവരോടു ഉച്ചത്തിൽ കാഹളം പോലെ വിളിച്ചു പറയാൻ ആവശ്യപ്പെടുന്ന പ്രവാചകൻ പരിതപിക്കുന്നതും നാം കാണുന്നു. ദൈവം തങ്ങളുടെ ഭക്തിയും അനുഷ്ഠാനങ്ങളും കണ്ടു രക്ഷിക്കാൻ വന്നില്ല എന്നതിന്റെ പേരിൽ മതാനുഷ്ഠാനങ്ങൾ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന ജനതയെക്കുറിച്ചാണ് പ്രവാചകൻ പരിതപിക്കുന്നത്. വിശ്രമത്തിനും നീതി പ്രവർത്തിക്കുന്നതിനും ഉള്ള സമയമായി ഉപവാസ കാലം വേലക്കാരെ പീഡിപ്പിക്കുവാനും കലഹിക്കുവാനും ശണ്ഠകൂടുന്നതിനും അവർ ഉപയോഗിക്കുന്നു. ഉപവാസത്തിന്റെ ധർമ്മങ്ങളിൽ നിന്നും അകന്നു അനീതിയുടെയും വിദ്വേഷത്തിന്റെയും നാളുകളായി ഉപവാസ കാലത്തെ അവർ മാറ്റി.

എന്തല്ല ഉപവാസം?
ഉപവാസം സ്വന്തം സുഖം തേടാനുള്ളതല്ല എന്ന് പ്രവാചകൻ പഠിപ്പിക്കുന്നു (3). മറ്റുള്ളവരെ പീഡിപ്പിക്കാനോ ശണ്ഠകൂടാനോ ഉള്ളതല്ല ഉപവാസം (3-4). ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്നതല്ല അത് (5). ഉപവാസം ബാഹ്യമായ അടയാളങ്ങൾ കാണിക്കാനുള്ള സമയമല്ല. സ്വന്തം വഴിയിലൂടെ നടക്കുന്നതും സ്വന്തം താല്പര്യങ്ങൾ അന്വേഷിക്കുന്നതും വ്യർത്ഥ ഭാഷണത്തിൽ ഏർപ്പെടുന്നതും അല്ല ഉപവാസം.

എന്താണ് ഉപവാസം?
“ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വാതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം” (ഏശയ്യാ 58, 6). ഒരുവനിൽ നിന്നും ദുഷ്ടത അകറ്റി ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു മർദിതർക്കു സ്വാതന്ത്ര്യം നൽകുന്നതാണ് ഉപവാസം. എല്ലാ നുകങ്ങളും ഓടിക്കുന്നതാണ് ദൈവം ആഗ്രഹിക്കുന്ന ഉപവാസം എന്ന് പ്രവാചകൻ പറയുമ്പോൾ മറ്റുള്ളവരുടെ ജീവിത ഭാരം താത്കാലികമായി എടുത്തു നീക്കുന്നതല്ല ഉപവാസം പ്രത്യുത മേലിൽ ജീവിത ഭാരം ഉണ്ടാക്കുന്നവയെ ഒഴിവാക്കുന്നതുകൂടിയാണ് എന്ന് വരുന്നു. ഈശോ അന്ത്യ വിധിയിൽ ചോദിക്കുന്ന എനിക്ക് വിശന്നു നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു എന്നിങ്ങനെ തുടരുന്ന സംഭാഷണത്തിന്റെ ഉത്തരമാകാനുള്ള വിളിയാണ് ഉപവാസം എന്നുതന്നെയാണ് പ്രവാചകൻ പറയുന്നത്. ഇത് കൂടുതൽ ഉറപ്പിച്ചുകൊണ്ട് തോബിത്തിന്റെ പുസ്തകം 12, 8 ൽ “ഉപവാസം, ദാനധര്‍മം, നീതി എന്നിവയോടു കൂടിയാകുമ്പോൾ പ്രാർത്ഥന നല്ലതാണ്‌. നീതിയോടുകൂടിയ അല്‍പമാണ്‌ അനീതിയോടു കൂടിയ അധികത്തെക്കാള്‍ അഭികാമ്യം. സ്വർണ്ണം കൂട്ടിവയ്‌ക്കുന്നതിനെക്കാള്‍ ദാനം ചെയ്യുന്നത്‌ നന്ന്‌” എന്ന് പറയുന്നു. ഇവിടെയും ദാനധർമ്മതിനു വലിയ പ്രാധാന്യം നാം കാണുന്നു. അതിന്റെ അർത്ഥം ഉപവാസം ദാനശീലത്തിലേക്കു നയിക്കണം എന്നത്രെ. ഉപവാസത്തിലൂടെയും നോമ്പിലൂടെയുമൊക്കെ മിച്ചം വയ്ക്കുന്നത് വിശക്കുന്നവനു ദരിദ്രനും പരദേശിക്കുമൊക്കെ പങ്കുവച്ച് നൽകുമ്പോഴാണ് ഉപവാസം ഫലമുള്ളതാകുന്നത്.

പരിശുദ്ധാത്മാവിന്റെ നിവേശനങ്ങൾ ലഭിക്കാനും പരിശുദ്ധാത്മാവിൽ നിറയാനും ഉപവാസം ഉപകരിക്കുമെന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. “അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്‌തും ഉപവസിച്ചും കഴിയവേ, പരിശുദ്‌ധാത്‌മാവ്‌ അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക. ഉപവാസത്തിനും പ്രാർത്ഥനക്കും ശേഷം അവര്‍ അവരുടെമേല്‍ കൈ വയ്‌പു നടത്തി പറഞ്ഞയച്ചു. (അപ്പസ്തോല പ്രവർത്തനങ്ങൾ 13, 2-3).

ഉപവാസത്തിൽ പാലിക്കേണ്ട കാര്യങ്ങൾ യേശു വ്യക്തമാക്കുന്നുണ്ട്. “നിങ്ങള്‍ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്‌. തങ്ങള്‍ ഉപവസിക്കുന്നുവെന്ന്‌ അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. “എന്നാല്‍, നീ ഉപവസിക്കുന്നത്‌ അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്‌, ശിരസ്‌സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും.”
(മത്തായി 6, 16 -18). അതായത് ഉപവാസം എന്റെ ദൈവത്തോടുള്ള എന്റെ സ്നേഹത്തിന്റെ പ്രകടനംകൂടിയാണ്. അത് ദൈവം പ്രതിഫലം തരണമെങ്കിൽ ഈ ലോകത്തിന്റെ പ്രതിഫലത്തിനായി പരിശ്രമിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യരുത്. ഞാനും ദൈവവും തമ്മിലുള്ള രഹസ്യ സംഭാഷണമാകണം ഉപവാസം

ഈ വചനങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഉപവാസം മാനസാന്തരത്തിനും പാപബോധം ഉണ്ടാകുന്നതിനും, പാപ പരിഹാരത്തിനും, ദൈവകോപം അകറ്റാനും, തിന്മയെ ചെറുക്കുവാൻ കരുത്തു നേടുന്നതിനും, പൈശാചീക ശക്തികളിൽ നിന്നും അകലുന്നതിനും, ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിനും, രോഗങ്ങളിൽ നിന്നും സൗഖ്യവും വേദനകളിൽ നിന്നും ആശ്വാസവും പീഡകളിൽനിന്നും മോചനവും ലഭിക്കുന്നതിനും ഉപകരിക്കും. ദൈവത്തിലേക്ക് തിരിച്ചു പോകുന്നതിനും, ദൈവത്തോടുള്ള ഉടമ്പടി ബന്ധത്തിൽ ആഴപ്പെടുന്നതിനും, ദൈവത്തിൽ ശക്തി പ്രാപിക്കാനും ഉപവാസം ഉപകാരമാണ്. പുതിയ ദൗത്യങ്ങൾ ആരംഭിക്കുമ്പോൾ കരുത്തരാകാനും പ്രാർത്ഥനയെ കൂടുതൽ ശക്തിപ്പെടുത്താനും, പരിശുദ്ധാത്മാവിൽ നിറയുവാനും, ആത്മാവിന്റെ അഭിഷേകത്തിനും ഉപവാസം സഹായിക്കും.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment