ഈശോയിൽ പ്രിയപ്പെട്ടവരേ,
ഇന്ന് വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ ആണ്. യുവജനങ്ങളുടെയും കൗമാരക്കാരുടെയും മാതൃകയായ ആ കൊച്ചു വിശുദ്ധനെ സ്വാധീനിച്ച ദൈവ വചനമാണ് ഇന്നത്തെ നമ്മുടെ സുവിശേഷം. (Mk 10/13-16)
വചനത്തിലെ സംഭവം ഇങ്ങനെയാണ്. യേശുവിന്റെ അടുത്ത് ശിശുക്കളെ കൊണ്ടുവരുന്നു; ശിഷ്യന്മാർ കൊണ്ടുവന്നവരെ ശകാരിക്കുന്നു. ശിശുക്കളെ കൊണ്ടുവരുന്നവരാകട്ടെ, ആഗ്രഹിക്കുന്നത്, പ്രതീക്ഷിക്കുന്നത് വലിയ കാര്യങ്ങൾ ഒന്നും അല്ല. യേശു ശിശുക്കളെ ഒന്ന് തൊടണം, യേശുവിന്റെ അടുത്തു ശിശുക്കളെ ഒന്ന് നിറുത്തണം. അത്രമാത്രം. ഈ രണ്ടു കാര്യങ്ങൾക്കും ദൈവശാസ്ത്ര പരമായ വലിയ അർത്ഥങ്ങൾ ഒന്നും ഇല്ല, വെറും സാധാരണ കാര്യങ്ങൾ. എന്നാൽ ഇത് ആഗ്രഹിക്കണമെങ്കിൽ ഒരു പരിശുദ്ധമായ വിശ്വാസം വേണം, യേശുവിനോടു സ്നേഹം വേണം. നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരുമാണ് അടുത്തുവരാനും തൊടാനും നാം ആഗ്രഹിക്കും. മറിച്ചാണെങ്കിൽ, നാം അകൽച്ച ഭാവിക്കും. കുട്ടികളുടെ കാര്യത്തിൽ പറയുകയും വേണ്ട. വചനം വെളിപ്പെടുത്തുന്ന മറ്റൊരു സത്യം ഉണ്ട്. ചെറിയ കാര്യങ്ങളിലൂടെ വലിയ കൃപാനൽക്കാൻ ആഗ്രഹിക്കുന്നവനാണ് യേശു. അതുകൊണ്ടാണ്, കൊണ്ടുവന്നവരെ ശകാരിക്കുന്ന ശിഷ്യരോട് യേശു കോപിക്കുന്നത്. (Mk 10/14).
അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളെ നാം അവഗണിക്കരുത്. അതിലൂടെയാകാം വലിയ കൃപ ദൈവം നമ്മുക്ക് നൽകുന്നത്. അനുദിന ജീവിതത്തിലെ ചെറിയ പ്രവൃത്തികൾ പോലും ദൈവകൃപായുടെ നീർച്ചാലുകളാക്കി മാറ്റാൻ നമ്മുക്ക് സാധിക്കും. എല്ലാം വിശ്വാസത്തോടും ദൈവവിചാരത്തോടും കൂടി ചെയ്താൽ മാത്രം മതി. അപ്പോൾ പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ല എന്ന പരാതി അപ്രസക്തമാകും. എല്ലാം പ്രാർത്ഥനയാകും. ശിശു മനോഭാവത്തോടെ ആത്മീയതയെ, യേശുവിനെ സമീപിക്കുന്നത് അ ങ്ങനെയാണ്. “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.” (Mk 10/15).
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ! ഇന്നത്തെ എല്ലാ പ്രവൃത്തികളും യേശു എന്നെ തൊടുന്നതും അനുഗ്രഹിക്കുന്നതുമായ നിമിഷങ്ങളാക്കി നമ്മുക്ക് മാറ്റിയാലോ? ആമേൻ.
റോയ് പുലിയുറുമ്പിൽ

Leave a comment