ദിവ്യബലി വായനകൾ Saturday of the 4th week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

Saturday of the 4th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. 1 പത്രോ 2:9

തിരഞ്ഞെടുക്കപ്പെട്ട ജനമേ,
അന്ധകാരത്തില്‍ നിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു
വിളിച്ചവന്റെ ശക്തി പ്രഘോഷിക്കുവിന്‍, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പെസഹാമഹോത്സവം വഴി
അങ്ങ് കാരുണ്യപൂര്‍വം സ്വര്‍ഗീയഔഷധം
ലോകത്തിനു നല്കുന്നുവല്ലോ.
അങ്ങയുടെ സഭയോട് കാരുണ്യം കാണിക്കണമേ.
അങ്ങനെ, ഇക്കാലയളവിലെ അനുഷ്ഠാനങ്ങള്‍
നിത്യജീവന് ഉപകരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 13:44-52
ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.

അടുത്ത സാബത്തില്‍ ദൈവവചനം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു. ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയ പൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു. പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതു കൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കി തീര്‍ത്തിരിക്കുന്നതു കൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍ വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷഭരിതരായി കര്‍ത്താവിന്റെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു. കര്‍ത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു. എന്നാല്‍, യഹൂദന്മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. ശിഷ്യന്മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1bcde,2-3ab,3cd-4

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
or
അല്ലേലൂയ!

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
or
അല്ലേലൂയ!

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
or
അല്ലേലൂയ!

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
or

അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 14:7-14
എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 17:24

പിതാവേ, അങ്ങ് എനിക്കുനല്കിയവര്‍,
ഞാന്‍ ആയിരിക്കുന്നേടത്ത് എന്നോടുകൂടെ ആയിരിക്കണമെന്ന്
ഞാന്‍ ആഗ്രഹിക്കുന്നു.
അങ്ങനെ, അങ്ങ് എനിക്കു നല്കിയ മഹത്ത്വം അവര്‍ കാണട്ടെ, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ അപേക്ഷിച്ചുകൊണ്ട്,
ദിവ്യരഹസ്യത്തിന്റെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങയുടെ പുത്രന്‍ തന്റെ അനുസ്മരണത്തിനായി
ഞങ്ങളോടു കല്പിച്ചതനുസരിച്ചുള്ള ഈ ദാനങ്ങള്‍
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയിലേക്ക് ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment