വചന വിചിന്തനം – യോഹ 21, 1-14

വചന വിചിന്തനം

ദൈവത്തിന്റെ കരുതലും സ്നേഹവും വെളിപ്പെടുത്തുന്ന ദൈവവചന ഭാഗമാണ് ഇന്നത്തെ സുവിശേഷം (യോഹ 21/1-14). ദൈവത്തിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും ഗന്ധമുള്ള തിബേരിയൂസ് കടൽ തീരം! ഇവിടെ വച്ചായിരുന്നു യേശു, അഞ്ചപ്പവും രണ്ടു മീനും വർദ്ദിപ്പിച്ചതും ജനസഞ്ചയത്തെ തീറ്റിപ്പോറ്റിയതും. ജീവന്റെ അപ്പമായ വിശുദ്ധ കുർബാനയെക്കുറിച്ചു യേശു പഠിപ്പിച്ചതും ഇവിടെ വച്ചായിരുന്നു. അപ്പോൾ, തിബേരിയൂസ് കടൽ തീരം എന്ന് വചനം ഓർമ്മപ്പെടുത്തുമ്പോൾ, അത് രൗദ്രഭാവം ഒട്ടും ഇല്ലാത്ത, ശാന്തത നിറഞ്ഞ കാരുണ്യവും സ്നേഹവും കരുതലും തുളുമ്പുന്ന കടൽ തീരമാണ്. യേശുവിനെ ഉപേക്ഷിച്ചു, പഴയ ജീവിതമായ മീൻ പിടുത്തത്തിലേക്കു പോകാൻ ശിഷ്യന്മാർ ആഗ്രഹിച്ചത് ഈ കടലിലൂടെയാണ്!! “എന്നാൽ ആ രാത്രിയിൽ അവർക്കു ഒന്നും കിട്ടിയില്ല.” (യോഹ 21/3). കടൽക്കരയിൽ വന്ന യേശു അവരോടു പറഞ്ഞു. “വള്ളത്തിന്റെ വലതുവശത്തു വലയിടുക.”
(യോഹ 21/6)
യേശുവിന്റെ കരുതൽ എല്ലായിടത്തും എത്തുന്നു. ഉപേക്ഷിച്ചു പോകുന്നവരെക്കുറിച്ചു പോലും യേശുവിനു കരുതലുണ്ട്. വചനം പറയുന്നു: “എന്റെ മക്കളുടെ കൂടെ നിന്നെ പാർപ്പിക്കാനും സകല ജനതകളുടേതിലും വച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്ക് നൽകാനും ഞാൻ എത്രയോ ആഗ്രഹിച്ചു.” (ജെറ. 3/19)
ദൈവ പിതാവിന്റെ കരുതലിന്റെ പിതൃ ഭാവം, തിബേരിയൂസ് കടൽ തീരത്തു യേശു വെളിപ്പെടുത്തി. “യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോട് പറഞ്ഞു: അത് കർത്താവാണ്.”
(യോഹ 21/7)
തളർന്നു ക്ഷീണിതരായി കടലിന്റെ കരക്കണയുന്ന ശിഷ്യന്മാർക്കു അപ്പവും മീനും ഒരുക്കി കാത്തിരിക്കുന്ന യേശുവിനെ തുടർ വചനങ്ങൾ വെളിപ്പെടുത്തുന്നു. “കരക്ക്‌ ഇറങ്ങിയപ്പോൾ തീ കൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു.” (യോഹ 21/9)
അങ്ങനെ, ദൈവത്തിന്റെ മാതൃസ്നേഹവും യേശുവിൽ വെളിപ്പെടുത്തപ്പെട്ടു. “യേശു പറഞ്ഞു: വന്ന് പ്രാതൽ കഴിക്കുവിൻ.” (യോഹ 21/12).
ദൈവസ്നേഹത്തിന്റെ നിറവ് പിതൃസ്നേഹത്തിന്റെയും മാതൃസ്നേഹത്തിന്റെയും പൂർണ്ണതയാണ്. പഴയ നിയമത്തിൽ വചനം പറയുന്നു: “കർത്താവെ അങ്ങ് ഞങ്ങളുടെ പിതാവാണ്.”
(ഏശയ്യ 64/8). വീണ്ടും വചനം പറയുന്നു:
“അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും.”
(ഏശയ്യ 66/13).

തിബേരിയൂസ് കടൽ തീരം വിശുദ്ധ കുർബാനയിലേക്ക് നമ്മെ നയിക്കുന്നതുപോലെ, ദൈവത്തിന്റെ പിതൃ സ്നേഹത്തിലേക്കും മാതൃസ്നേഹത്തിലേക്കും നമ്മെ നയിക്കുന്നു. വിശുദ്ധ കുർബാനയിൽ നമ്മൾ പങ്കുചേരുന്നത് ദൈവത്തിന്റെ മാതൃസ്നേഹത്തിലും പിതൃസ്നേഹത്തിലുമാണ്. അനുദിന ജീവിതത്തിൽ മാതൃ സ്നേഹവും പിതൃസ്നേഹവും നമ്മുക്ക് മരണം വരെ ആവശ്യമാണ്. അതിനുള്ള വഴി വിശുദ്ധ കുർബാനയിലൂടെ യേശു നമുക്ക് തുറന്നുതന്നു; വചനത്തിലൂടെ വെളിപ്പെടുത്തുന്നു. നമ്മുടെ മാതാ പിതാക്കളിലൂടെ മാനുഷികമായി നമ്മൾ ഇത് അനുഭവിക്കുന്നു. നമ്മൾ എത്രയോ അനുഗ്രഹീതരാണ്!!

നല്ല ദിവസം! പിതൃ സ്നേഹവും മാതൃ സ്നേഹവും എല്ലാവരിലും നിറയട്ടെ!

റോയ് പുലിയുറുമ്പിൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment