വചന വിചിന്തനങ്ങൾ Mt 21, 18-22

വചന വിചിന്തനങ്ങൾ

യേശു അത്തിമരത്തെ ശപിക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷം (Mt 21/18-22). യേശു ഇത്രയും ദയയില്ലാത്തവനാണോ, കാരുണ്യമില്ലാത്തവനാണോ എന്ന് വചനം വായിക്കുമ്പോൾ തോന്നിപ്പോകും അല്ലേ? വചനം പറയുന്നു: “ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.”
(Mt 21/19). ഈ വചനഭാഗം ഗ്രഹിക്കാൻ വേണ്ടത് ഒന്നാമതായി, അത്തിമരം ഒരു മനുഷ്യന്റെ പ്രതീകമാണ് എന്ന് നമ്മൾ ഓർമിക്കണം. രണ്ടാമതായി,
യേശുവിനെ ഈ വചനത്തിലൂടെ അറിയാൻ ആഗ്രഹിക്കണം. “വഴിയരുകിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല.”
(Mt 21/19). വചനഭാഗം നൽകുന്ന ആദ്യ സൂചന ഫലമില്ലാത്ത അത്തിമരത്തെക്കുറിച്ചാണ്. ഫലമില്ലാത്ത മരം യഥാർത്ഥത്തിൽ, വചനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഒരു ഉണക്ക മരം തന്നെയാണ്. പുറമെ ഇലകൾ ഉണ്ടെങ്കിലും ആത്യന്തികമായി ഉണങ്ങിപ്പോയി. കാരണം ഫലങ്ങളില്ല. ചുരുക്കത്തിൽ, ഫലമില്ലാത്തതെല്ലാം വചനദൃഷ്ടിയിൽ ഉണക്കമരത്തിനു തുല്യം. “ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോകുകയും ചെയ്യുന്നു.”
(യോഹ 15/5-6). ദൈവത്തിൽ വസിക്കാത്തവൻ, ഫലം പുറപ്പെടുവിക്കാത്തവൻ ഉണങ്ങിപ്പോയതിനു തുല്യമാണ്. അപ്പോൾ, ഫലമില്ലാത്ത അത്തിമരത്തിന്റെ യഥാർത്ഥ അവസ്ഥ എന്തെന്ന് ഈ സംഭവത്തിൽ യേശു നമുക്കുവേണ്ടി വെളിപ്പെടുത്തുകയായിരുന്നു. നമ്മുക്ക് ഇതൊരു മുന്നറിയിപ്പാണ്. ഈ അത്തിമരം പോലെയുള്ള ധാരാളം മനുഷ്യർ ഇന്നുമുണ്ട്. വചനം പഠിക്കുന്നു, വചനം കേൾക്കുന്നു, വചനം പ്രസംഗിക്കുന്നു. പ്രാർത്ഥിക്കുന്നു. എന്നാൽ ജീവിതത്തിൽ ഒന്നുമില്ല. ആരോടും കരുണ കാണിക്കാത്തവർ; ആരെയും സഹായിക്കാത്തവർ
ആർക്കും ഉപകാരം ചെയ്യാത്തവർ, സ്വാർത്ഥതയിൽ മാത്രം കഴിയുന്നവർ. ഇവരൊക്കെ ഉണങ്ങിപ്പോയ വരാണെന്നു യേശു വെളിപ്പെടുത്തി.
ആത്മീയ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ പോലും ‘ഉണങ്ങിപ്പോയ മരങ്ങൾ’ ഉണ്ട് എന്നത് ഭയാനകം. കൂടെ ജീവിക്കുന്നവരെക്കുറിച്ചു ചിന്തയില്ലാത്തവർ, പുറമെ നോക്കുമ്പോൾ വളരെ ആകർഷകമാണ്, ആത്മീയമാണ്. പക്ഷെ, വചനദൃഷ്ടിയിൽ ഉണങ്ങിപ്പോയവർ. കാരണം സുവിശേഷഫലങ്ങൾ അവരിലില്ല. “നിങ്ങൾ വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിൻ.”
(യാക്കോ 1/22).
“ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്.”
(ഗലാ 5/22). കൂടാതെ, കാരുണ്യത്തിന്റെ പ്രവൃത്തികളും നമ്മിൽ ഉണ്ടാകണം. അപ്പോൾ ഫലമുള്ള വൃക്ഷമായി നമ്മുക്ക് ജീവിക്കാൻ പറ്റും.

നമ്മുക്ക് പ്രാർത്ഥിക്കാം. കർത്താവെ, ഫലം ചൂടാൻ കൃപതരണേ. !!
നല്ല ദിവസം!

റോയ് പുലിയുറുമ്പിൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment