വചന വിചിന്തനം
യേശുവിന്റെ മഹാപുരോഹിത പ്രാർത്ഥന എന്നറിയപ്പെടുന്ന യോഹന്നാൻ സുവിശേഷം പതിനേഴാം അദ്ധ്യായത്തിലെ ഒരു ഭാഗമാണ് ഇന്നത്തെ നമ്മുടെ സുവിശേഷം (യോഹ 17/20-26)
തന്റെ കൂടെയുള്ള ശിഷ്യന്മാരുടെ ചെറിയ സമൂഹത്തിനു മാത്രമല്ല, ഭാവിയിൽ “അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടികൂടി”
(യോഹ 17/20) യേശു പ്രാർത്ഥിക്കുന്നു. എന്നു പറഞ്ഞാൽ നമ്മുക്ക് വേണ്ടി, യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി യേശു ഇവിടെ പ്രാർത്ഥിക്കുകയാണ്. വിശ്വാസസമൂഹത്തിന്റെ വിശാലമായ ഒരു ചക്രവാളം യേശു മനസ്സിൽ കാണുന്നു. അതിൽ നമ്മൾ ഓരോരുത്തരും ഉണ്ട്; നമ്മുടെ കുടുംബങ്ങൾ ഉണ്ട്; നമ്മുടെ പ്രിയപ്പെട്ടവർ ഉണ്ട്. കാരണം നമ്മൾ യേശുവിൽ വിശ്വസിക്കുന്നവരാണ്. യേശു പ്രാർത്ഥിക്കുന്നത് തന്റെ പിതാവിനോടാണ്. പിതാവായ ദൈവം യേശുവിന്റെ പ്രാർത്ഥന കേൾക്കുമെന്ന് നമുക്കറിയാം. പ്രധാനമായും യേശു പ്രാർത്ഥിക്കുന്നത്, ഐക്യത്തിന് വേണ്ടിയാണ്, ഒന്നാകുന്നതിനു വേണ്ടിയാണ്. യേശു പ്രാർത്ഥിക്കുന്ന ഐക്യം, നമ്മുടെ കണ്ണുകൾക്ക് കാണാവുന്ന ഐക്യമല്ല, മറിച്ചു വചനത്തിന്റെ ഐക്യമാണെന്നു ബെനഡിക്ട് പതിനാറാമൻ പാപ്പാ തന്റെ ‘നസ്രത്തിലെ യേശു’ എന്ന പുസ്തകത്തിൽ പറയുന്നു. യേശു പ്രാർത്ഥിക്കുന്ന ഐക്യത്തിന്റെ ഉറവിടം ലോകമല്ല, ദൈവത്തിന്റെ അനന്ത ശക്തിയുടെ ഉറവയായ വചനമാണ്. ദൈവത്തിന്റെ അനന്ത ശക്തിയിൽനിന്നും നിന്നും ഒഴുകിയിറങ്ങുന്ന ഐക്യതയാണ് യേശു ആഗ്രഹിക്കുന്നത്. ഇത് വിശ്വാസികളിൽ പ്രകടമാകണം. ഈ ഐക്യത്തിൽ നിലനിൽക്കുന്ന ശിഷ്യരുടെ സമൂഹമാണ് സഭയെന്നും ബെനഡിക്ട് പാപ്പാ പറയുന്നു. യേശുവിന്റെ പ്രാർത്ഥനയിലെ മറ്റൊരു പ്രധാന കാര്യം, യേശു ദൈവത്തിന്റെ നാമം വെളിപ്പെടുത്തുന്നു എന്നതാണ്. (യോഹ 17/26). ദൈവം ആദ്യമായി തന്റെ നാമം വെളിപ്പെടുത്തിയത് മോശക്കാണ്. ദൈവത്തിന്റെ നാമം വെറും ഒരു വാക്കല്ല. പിന്നെയോ, മനുഷ്യരുടെ ഇടയിലെ ദൈവത്തിന്റെ സാന്നിധ്യമാണ് ദൈവത്തിന്റെ നാമം. വചനം പറയുന്നു: “അപ്പോൾ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ കർത്താവു ഒരു സ്ഥലം തിരഞ്ഞെടുക്കും.”
(നിയമാവർത്തനം 12/11). തന്റെ നാമം വഴി ദൈവം പൂർണ്ണമായി നമ്മുടെ ഇടയിൽ സന്നിഹിതനാകുന്നു. ആ ദൈവത്തെ യേശു വെളിപ്പെടുത്തുകയാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ, അസാധാരണമായ വിധത്തിൽ ദൈവത്തിന്റെ സാന്നിധ്യം മനുഷ്യരുടെ ഇടയിൽ ഉണ്ടാകുമെന്നു യേശു ഉറപ്പുതരുന്നു. വചനം പറയുന്നു: “‘ദൈവം നമ്മോടുകൂടെ’ – എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും.”
(Mt 1/23)
തന്റെ നാമം വിളിച്ചപേക്ഷിക്കുവാൻ ദൈവം മനുഷ്യരെ അനുവദിച്ചു. “എന്റെ നാമം അനുസ്മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം ഞാൻ നിങ്ങളുടെ അടുത്തെക്കുവന്നു നിങ്ങളെ അനുഗ്രഹിക്കും.”
(പുറ 20/24). നമ്മൾ എത്രയോ ഭാഗ്യമുള്ള ഒരു ജനതയാണ്.
നമുക്കുവേണ്ടി പ്രാർത്ഥിച്ച യേശുവിന് നമ്മുക്ക്
നന്ദി പറയാം. തന്റെ നാമത്തിലൂടെ നമ്മുടെ കൂടെ വസിക്കുന്ന ദൈവസാന്നിധ്യത്തെ നമ്മുക്ക് വിളിച്ചപേക്ഷിക്കാം.
നല്ല ദിവസം! ദൈവം കൂടെ വസിക്കട്ടെ !
റോയ് പുലിയുറുമ്പിൽ mcbs

Leave a comment