Daily Saints in Malayalam – May 18

⚜️⚜️⚜️⚜️ May 18 ⚜️⚜️⚜️⚜️
മാര്‍പാപ്പായായിരുന്ന

വിശുദ്ധ ജോണ്‍ ഒന്നാമന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും ദൈവ മഹിമയെ മഹത്വപ്പെടുത്തുവാന്‍ ഭാഗ്യം സിദ്ധിച്ചവനായിരുന്നു വിശുദ്ധന്‍. അക്കാലത്ത് ഇറ്റലിയിലെ ഭരണാധികാരിയായിരുന്ന തിയോഡോറിക്ക്, കിഴക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും തിയോഡോറിക്ക് ഇതിനെ സംശയത്തോട് കൂടിയായിരുന്നു വീക്ഷിച്ചിരുന്നത്. മാത്രമല്ല യേശുവിന്റെ ദൈവീകതയെ നിഷേധിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധ വാദത്തില്‍ വിശ്വസിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇതിനിടെ ജെസ്റ്റിന്‍ ചക്രവര്‍ത്തി, മതവിരുദ്ധ വാദികള്‍ക്കെതിരായുള്ള നിയമങ്ങള്‍ പുനസ്ഥാപിക്കുക, ദേവാലയങ്ങള്‍ തങ്ങളുടെ അധീനതയിലാക്കുക, മതവിരുദ്ധ വാദികളെ പൊതു പദവികളില്‍ നിന്നും വിലക്കുക തുടങ്ങിയ നടപടികള്‍ മൂലം അരിയന്‍സ് ഉള്‍പ്പെടെയുള്ള നിരവധി മതവിരുദ്ധവാദികള്‍ തങ്ങളുടെ തെറ്റായ വിശ്വാസ പ്രമാണങ്ങള്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പ്രേരിതരായി.

ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെ ഈ നടപടികളില്‍ രോഷം പൂണ്ട തിയോഡോറിക്ക് വിശുദ്ധ ജോണിനെ റാവെന്നായിലേക്ക് വിളിപ്പിക്കുകയും, ചക്രവര്‍ത്തിയുടെ പീഡനം നിറുത്തുക, അരിയാനിസത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തവരെ തിരിച്ച് അരിയാനിസത്തില്‍ വിശ്വസിക്കുവാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഒരു പ്രതിനിധി സംഘത്തെ നയിച്ചു കൊണ്ട് ചക്രവര്‍ത്തിയുടെ പക്കലേക്ക് പോകുവാന്‍ വിശുദ്ധനോടാവശ്യപ്പെട്ടു. ആദ്യം വിശുദ്ധന്‍ ഈ ആവശ്യം നിഷേധിച്ചു, എന്നാല്‍ അത് മൂലം പാശ്ചാത്യ കത്തോലിക്കരുടെ മേല്‍ രാജാവിന്റെ കോപം പതിയുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു സമ്മതിച്ചു. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവരെ തിരിച്ച് മതവിരുദ്ധവാദത്തിലേക്ക് പോകുവാന്‍ അനുവദിക്കണമെന്ന കാര്യം താന്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെടുകയില്ലെന്നദ്ദേഹം ധൈര്യപൂര്‍വ്വം രാജാവിനോട് പറഞ്ഞു.

526-ലെ ഉയിര്‍പ്പു തിരുനാളിന് തൊട്ടു മുന്‍പാണ് അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തുന്നത്. ഇറ്റലിയില്‍ നിന്നും പുറത്ത് പോകുന്ന ആദ്യത്തെ മാര്‍പാപ്പായായിരുന്നു വിശുദ്ധ ജോണ്‍ ഒന്നാമന്‍, അതിനാല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് സ്വപ്നംകാണുന്നതിനും അപ്പുറമായിരുന്നു. മുഴുവന്‍ നഗര വാസികളും രാജ്യത്തിന്റെ പന്ത്രണ്ടാമത്തെ മൈല്‍കുകുറ്റിക്കരികില്‍ വെച്ച് വിശുദ്ധനുമായി സന്ധിച്ചു.

കൈകളില്‍ കത്തിച്ചുപിടിച്ച മെഴുകു തിരികളും, കുരിശുകളുമായി പുരോഹിതന്‍മാരുടെ നീണ്ട നിരയായിരുന്നു പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കിയത്. സാക്ഷാല്‍ ചക്രവര്‍ത്തി പരിശുദ്ധ പാപ്പായുടെ മുന്‍പില്‍ സാഷ്ടാംഗ പ്രണാമം നടത്തി. ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജോണ്‍ സാന്‍ക്റ്റാ സോഫിയ ദേവാലയത്തില്‍ വെച്ച് പാത്രിയാര്‍ക്കീസിലും ഉന്നതമായ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായികൊണ്ട് ലാറ്റിന്‍ പാരമ്പര്യമനുസരിച്ചുള്ള വിശുദ്ധ കുര്‍ബ്ബാന അദ്ദേഹം അര്‍പ്പിച്ചു. ജെസ്റ്റിന്‍ ചക്രവര്‍ത്തിയുടെ തലയില്‍ പാരമ്പര്യമനുസരിച്ചു ഈസ്റ്റര്‍ കിരീടം അണിയിക്കുവാനുള്ള അവസരം നല്‍കികൊണ്ട് അവര്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചു.

ഇതിനിടെ തിയോഡോറിക്കിന്റെ പ്രതിനിധിയായി ചക്രവര്‍ത്തിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷം വിശുദ്ധന്‍ റാവെന്നായിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. എന്നാല്‍ കിഴക്കന്‍ ഭാഗത്ത്‌ പാപ്പാക്ക് ലഭിച്ച വന്‍ സ്വീകരണത്തില്‍ അസൂയാലുവായ തിയോഡോറിക്കിന്റെ കോപം ജ്വലിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും ചക്രവര്‍ത്തിയില്‍ നിന്നും നേടിയെടുക്കാതെ വിശുദ്ധന്‍ തന്റെ ദൗത്യം പരാജയപ്പെടുത്തി എന്ന് രാജാവ് കുറ്റാരോപണം നടത്തുകയും, റാവെന്ന വിട്ടു പോവരുതെന്ന് രാജാവ് വിശുദ്ധനോട് ഉത്തരവിടുകയും ചെയ്തു.

പ്രായാധിക്യമുള്ള പാപ്പാ രാജാവിന്റെ മുന്നില്‍ സമര്‍പ്പിച്ച യാചനകളൊന്നും ഫലം കണ്ടില്ല. അധികം താമസിയാതെ രോഗബാധിതനായ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം കോട്ട മതിലിനു പുറത്താണ് അടക്കം ചെയ്തത്. പിന്നീട് 526 മെയ് 27ന് വിശുദ്ധന്റെ ഭൗതികശരീരം വീണ്ടും പുറത്തെടുക്കുകയും റോമില്‍ കൊണ്ട് വന്ന് സെന്റ്‌. പീറ്റേഴ്സ് ദേവാലയത്തിന്റെ മദ്ധ്യത്തില്‍ സ്ഥാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. എല്‍ഗിവാ

2. തെയോഡോട്ട്സ്, അലക്സാന്‍ട്രാ, തെക്കൂസാ, ക്ലാവുദിയാ ഫയിനാ, ഏവുഫ്രാസിയാ, മട്രോണാ ജൂലിറ്റാ

3. ഈജിപ്തിലെ ഡിയോസ്കൊറസ്

4. സ്വീഡനിലെ രാജാവായ എറിക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment