ഒരു പള്ളി പണിയുമ്പോൾ!
“എടാ, അച്ചനായി കഴിയുമ്പോൾ എനിക്കൊരു പള്ളി പണിയണം ” എന്റെ സുഹൃത്ത് വർഷങ്ങൾക്ക് മുമ്പ് സെമിനാരിയിൽ പഠിക്കുമ്പോൾ എന്നോട് പറഞ്ഞ വാക്കുകളാണിത്. ഏത് പള്ളിയാണ് അദ്ദേഹം പണിയേണ്ടത് എന്ന് ഞാൻ ആലോചിച്ചു. എന്നും വിശുദ്ധ കുർബാനയർപ്പണം കഴിഞ്ഞ് വെടി കൊണ്ട പന്നിയെപ്പോലെ പായുന്ന ജനങ്ങൾക്ക് വേണ്ടിയുള്ള പള്ളിയോ അതോ പ്രളയം വന്നപ്പോൾ സകല മനുഷ്യർക്കും ആശ്രയമായ പള്ളിയോ?
ഏത് പള്ളിയുടെയും ചിത്രം തുടങ്ങുന്നത് കുടുംബങ്ങളിൽ നിന്നാണ്. വിശുദ്ധിയുള്ള കുടുംബങ്ങളാണ് ലോകത്തിലുള്ള സകല പള്ളികളും തീർത്തത്. പള്ളികൾ സ്വപ്നം കണ്ടത് കുടുംബത്തലവൻമാരും കുടുംബനാഥകളും ആണ്. അവരുടെ വിയർപ്പില്ലാതെ ഒരു പള്ളിയും എവിടെയും ഉയർന്നിട്ടില്ല. അങ്ങനെ ഒരു കുടുംബത്തിൽ ജനിച്ച കുട്ടിക്ക് അച്ചനാകാൻ മോഹം തോന്നി…
നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ഒരാൾ എന്തിനാണ് ഇടവക വൈദികനാകുന്നത് എന്ന്? 12 വർഷങ്ങൾ സെമിനാരിയിൽ പഠിക്കുന്നത് എന്ന് ? സ്വന്തം കുടുംബത്തെയും വിവാഹ ജീവിതത്തെയും ഉപേക്ഷിക്കുന്നത് എന്ന്? അതിനുള്ള ഏറ്റവും മികച്ച ഉത്തരം അയാൾ തന്റെ ഇടവക വികാരിയെ കണ്ട് സ്വാധീനിക്കപ്പെട്ടു എന്നതു തന്നെ. അതു കൊണ്ട് തന്നെ വികാരിയച്ചൻ മാർക്ക് അഭിമാനിക്കാം. അവരില്ലായിരുന്നുവെങ്കിൽ ഇത്രയേറെ ദൈവ വിളികൾ ഇവിടെ രൂപപ്പെടില്ലായിരുന്നു. സെമിനാരിയിൽ ചേരുന്ന വ്യക്തി കാണുന്ന വികാരിയച്ചൻ ഈശോയുടെ പ്രിയ സ്നേഹിതനാണ്. എല്ലാവർക്കും വേണ്ടപ്പെട്ടവൻ. കുട്ടികളോട് വാൽസല്യം കാണിക്കുന്ന യുവജനങ്ങൾക്ക് സഹോദരനായ അപ്പനും അമ്മയ്ക്കും ആശ്വാസം പകരുന്ന വല്യപ്പനും വല്യമ്മയ്ക്കും മകനായ അച്ചൻ. ആ അച്ചന്റെ വണ്ടി കണ്ടിട്ടോ ഇപ്പോൾ സോഷ്യൽ മീഡിയായിൽ പറയുന്ന ഭക്ഷണക്രമം കണ്ടോ മാധ്യമങ്ങളിൽ നിറയുന്ന ആരോപണ ശരങ്ങൾ കണ്ടിട്ടോ അല്ല അവൻ ചേരുക. അവൻ അടുത്തറിഞ്ഞ വൈദികനെ കണ്ടിട്ട്…! ഇനി അവന് 12 വർഷം കൊണ്ട് അവന്റേതായ ശൈലി രൂപീകരിക്കാം!
ഇനി
കുടുംബത്തിൽ നിന്ന് മഠത്തിൽ ചേരുന്ന പെൺകുട്ടി ! ഒരു സ്ത്രീയുടെ വലിയ ഭാഗ്യം എന്ന് കരുതുന്ന മാതൃത്വം ഉപേക്ഷിച്ച് ഒരു കോൺവെന്റിന്റെ അകത്തേക്ക് പിച്ചവെയ്ക്കുന്ന പെൺകുട്ടിയുടെ മനസിനെക്കാളും ശ്രേഷ്ഠമായി എന്താണ് ഈ ഭൂമിയിൽ ഉള്ളത്? ആഭരണ സമൃദ്ധിയില്ലാതെ
സ്വന്തം മക്കളെ പ്രസവിച്ച് വളർത്തണമെന്ന് മോഹമില്ലാതെ ശമ്പളം വാങ്ങി ഇഷ്ടം പോലെ ചെലവഴിക്കണം എന്ന ആഗ്രഹമില്ലാതെ അവൾ വ്രത ത്രയങ്ങൾ എടുത്ത് ലോകത്തിന് മുഴുവൻ സഹോദരിയാകുന്നു. ഇവൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? സുവിശേഷത്തിൽ അവൾ കണ്ട ക്രിസ്തുവിനെ അനുകരിക്കുന്ന ഏതെങ്കിലും ഒരു സഹോദരിയുടെയും ജീവിതം അവൾക്ക് മാതൃകയായിരിക്കാം. അത് അവളെ ലോകം മുഴുവനെയും ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു ! അവസാന ശ്വാസം വരെ ത്യാഗത്തിന്റെ പാതയിലൂടെ സന്തോഷത്തോടെ പോകുന്ന അവളെ കണ്ടാൽ ആർക്കാണ് അസൂയ തോന്നാത്തത്? കാരണം ലോകം ശ്രദ്ധിക്കാത്ത അനേകം മക്കൾക്ക് അവർ അമ്മമാർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ലോകത്തിൽ നിസ്വാർത്ഥതയുടെ ഒരു ചിത്രം വരക്കണമെങ്കിൽ ഒരു സന്ന്യാസിനിയുടെ ചിത്രം വരക്കൂ! ഒന്നാം സ്ഥാനം നിങ്ങൾ നേടുന്നതു കണ്ട് അവൾ കൈയടിക്കും! അവൾ മാത്രം!
ഇനി മറ്റൊരു കൂട്ടർ കുടുംബത്തിൽ നിന്ന് സമർപ്പിത പൗരോഹിത്യത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളാണ്. ഇവരിൽ 99 ശതമാനം ആളുകളും സെമിനാരിയിലേക്ക് വന്നത് ഇടവകയിലെ വികാരിയച്ചനെ കണ്ടിട്ട് തന്നെയാണ്. പക്ഷേ 100 ശതമാനം പേരും സമർപ്പിത വൈദികർ ആകുന്നത് അവർ അനുഭവിച്ചറിഞ്ഞ കൂടപിറപ്പുകളായി ജീവിക്കുന്ന ബന്ധത്തിന്റെ മാധുര്യം ഒന്നു കൊണ്ട് മാത്രമാണ്. അവരും ശമ്പളവും പിതൃത്വവും സ്വാതന്ത്ര്യവും ക്രിസ്തുവിന് നൽകുന്നു. മൺമറഞ്ഞുപോയ ചേട്ടൻ മാരുടെ ചുമലിൽ ഇരുന്നാണ് തങ്ങൾ മതിലിന് അപ്പുറം കാണുന്നത് എന്ന തികഞ്ഞ ബോദ്ധ്യം അവർക്കുണ്ട്. അതുകൊണ്ട് ക്രിസ്തുവിന്റെ സഹോദരൻമാരുടെ കഥ തുടരും.. ലോകം മുഴുവൻ സഞ്ചരിച്ച അവർ രൂപപ്പെടുത്തിയതാണ് ലോകത്തിലെ ഒട്ടു മിക്ക രൂപതകളും! പള്ളിപ്പെരുന്നാളിലും ഊട്ടു നേർച്ചയിലും നിങ്ങൾ അവരെ കാണില്ല. ഉൾനാടൻ ഗ്രാമങ്ങളിലും വിശ്വ വിദ്യാലയങ്ങളിലും മാനസികാരോഗ്യ കേന്ദ്രത്തിലും തെരുവിലും അവർ ക്രിസ്തുവിന്റെ മുഖമായി അവരുണ്ട്. സഭയുടെ സ്വന്തം മുന്നണി പോരാളികൾ, മിഷനറീസ് ! മക്കൾ മിഷനറിമാരാകണം എന്ന പ്രാർത്ഥിച്ച മൺമറഞ്ഞുപോയ മാതാപിതാക്കളുടെ പുണ്യമാണ് ഇന്ന് ലോകത്ത് അവർ നടത്തുന്ന നിസ്വാർത്മായ സേവനം !
ഇനി വേറൊരു വിഭാഗം കുടുംബത്തിൽ നിന്ന് തന്നെ സെമിനാരിയിലും മഠത്തിലും വന്ന് തിരിച്ച് പോയവരാണ്. അവർക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ദാരിദ്ര്യം, ബ്രഹ്മചര്യം അനുസരണം എന്നീ വ്രതങ്ങൾ പാലിച്ചു കൊണ്ട് ജീവിക്കണം എന്ന ആഗ്രഹത്തോടെ ഒരു ദിവസമെങ്കിലും മo ത്തിലും സെമിനാരിയിലും കഴിഞ്ഞവർ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും കൂടപിറപ്പുകളാണ്. കാരണം ആത്മാവിന്റെ വലിയ കൃപയില്ലാതെ ആ ചിന്ത ആരുടെയും മനസിൽ ഉദിക്കില്ല.
ഒരു ദിവസമെങ്കിലും അത്ര ആഗ്രഹത്തോടെ ക്രിസ്തുവിനെ നോക്കിയ കണ്ണുകൾ ഒരിക്കലും ലോകത്തിന്റെ സ്വന്തമല്ല. അതുമല്ല ഒരു ദിവസമെങ്കിലും ജീവിച്ച നിങ്ങൾ തീക്ഷ്ണതയോടെ ചിന്തിയ വിയർപ്പ് തുള്ളികൾക്ക് പ്രതിഫലം നൽകട്ടെ. അവർ ഇന്നിന്റെ വൈദികരെയും സമർപ്പിതരെയും ഏത് അദ്ധ്യാപകനെക്കാളും പഠിപ്പിച്ചിട്ടുണ്ട്.
ഇനി പറയാനുള്ളത് ഈ 4 കൂട്ടരെയും നിരന്തരം വിശുദ്ധിയിലേക്ക് ഉയർത്താൻ നിരന്തരം പാടുപെടുന്ന വിമർശനം ഉയർത്തുന്ന കുടുംബത്തിലെ തന്നെ സഹോദരങ്ങളോടാണ്. ഞങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കിയ രൂപ കൊണ്ട് പുട്ടടിക്കുന്ന ഞങ്ങളുടെ സമർപ്പിത സഹോദരങ്ങൾ എന്ന വിമർശനം നമുക്കൊന്ന് പരിശോധിക്കാം ! നമ്മൾ ആദ്യം കണ്ട അച്ചനും സിസ്റ്ററും എവിടെയൊക്കെയാണ് ജോലി ചെയ്യുക? നമ്മുടെ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കുരിശ് പള്ളിക്കും മക്കൾ പഠിക്കുന്ന സ്ക്കൂളിനും മുന്നിൽ കാണുന്ന ആശുപത്രിക്കും അപ്പുറം ഒരു ക്രിസ്തുവിന്റെ മുഖമുണ്ട്. അത് ചേരികളിൽ അക്ഷരം പഠിപ്പിക്കുന്ന വൈദികനിലും കുഷ്ഠരോഗിയെ തേച്ച് കുളിപ്പിച്ച് സുന്ദരനാക്കുന്ന സഹോദരിയിലും എയ്ഡ്‌സ് രോഗികളെ തോളിലേറ്റുന്ന ബ്രദറിലും ഗ്രാമത്തിൽ ഈശോയെ കൊടുത്തുന്ന സഞ്ചാരിയിലും എത്തി നിൽക്കുന്നു. ഒന്നോർക്കുക! ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയാലും കുഷ്ഠരോഗിയെ കുളിപ്പിക്കുന്ന സഹോദരിക്കും ശമ്പളം പൂജ്യമാണ്. ആ പൂജ്യത്തിന് ജോലി ചെയ്യാൻ എത്ര പേർക്ക് സാധിക്കും? മുന്നിൽ കണ്ട ഈ സമർപ്പിതർ നമ്മുടെ ഇടവകകളിൽ വെറും മൂന്ന് വർഷത്തേക്ക് ആവശ്യങ്ങൾക്കുള്ള കളിപ്പാവകൾ മാത്രമാണ് എത്രയോ കാലമായി നമ്മൾ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ അവരുടെ നല്ല അനുഭവങ്ങൾ പെട്ടെന്ന് മറക്കാനും ദ്രോഹങ്ങൾ അവസാന ശ്വാസം വരെ ഓർക്കാനും നമ്മൾക്കറിയാം !
വൈദികരിലും സന്ന്യസ്തരിലും തെറ്റുകാരില്ലേ? ഉണ്ട്. തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ ആത്മാവിന്റെ തോന്നലിലാണ് ദൈവ വിളികൾ ഉണ്ടാകുന്നത്. നീ സഞ്ചരിക്കുമ്പോൾ നിന്റെ നാശവും കൂടെ സഞ്ചരിക്കുന്നു എന്ന വിശുദ്ധ ഗ്രന്ഥ വചനം പോലെ ലോകമോഹങ്ങൾ ആരെയും വഴി തെറ്റിക്കാം. പക്ഷേ കല്ലെറിയുമ്പോൾ കൃത്യതയോടെ എറിയണമെന്ന് സഭാ സ്നേഹിക്കണമെന്ന് ഓർമ്മിപ്പിക്കട്ടെ ! ഉദാഹരണം പറയാം ! ഒരു വൈദികനെ പീഡനത്തിന് അറസ്റ്റ് ചെയ്യുമ്പോൾ ഇനി എങ്ങനെ വിശ്വാസികൾ വൈദികരുടെയടുത്ത് പോകും എന്ന യൂദാസിന്റെ ആകുലതയുള്ള മാധ്യമങ്ങളെ കണ്ടു!
ലോകം മുഴുവനുമുള്ള വൈദികരെയല്ലല്ലോ അറസ്റ്റ് ചെയ്തത്. ഒരാളെയല്ലേ?
ഏക വചനത്തിൽ നിന്ന് ബഹുവചനത്തിലേക്കുള്ള യാത്ര അത്ര സുഖമുള്ള കാര്യമല്ല. പിന്നെ സദാ ആരോപണ നിഴലിൽ നിർത്തുക എന്ന സൂക്കേടും നല്ലതല്ല ! ഉദാഹരണം പറയാം! വൈദികനെ രക്ഷപ്പെടാൻ സഹായിച്ചവർ എന്ന പേരിൽ 10 സന്ന്യസ്തരെ പ്രതികളാക്കി 10 ദിവസം ചർച്ച നടത്തിയ ന്യൂസ് ചാനൽ ! അവസാനം കോടതി കേസ് തള്ളി. സംശയങ്ങൾ ചോദിക്കാൻ മേലേ? ചോദിക്കാം! പക്ഷേ അമ്മയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് 10 ദിവസം ചർച്ച നടത്തി പതിനൊന്നാം ദിവസം അതെന്റെ തോന്നലായിരുന്നു എന്ന് പറഞ്ഞാൽ ഈ നാട്ടിൽ ശിക്ഷിക്കാൻ നിയമം ഉണ്ടോ ? അതുകൊണ്ട് ക്രിസ്തു തന്നെ പിടിക്കാൻ വന്നവരോട് ചോദിച്ചതു പോലെ” നിങ്ങൾ എന്തിനാണ് എന്നെ കല്ലെറിയുന്നത് ” എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം വേണം. പിന്നെ ക്രൂശിക്കട്ടെ!
സഭ പുറത്താക്കിയ ചില സമർപ്പിതർ സഭയ്ക്ക് എതിരെ നിരന്തരം സംസാരിക്കുന്നു. തീർച്ചയായും ഒരു കാലത്ത് അവർ സഭയ്ക്ക് വേണ്ടി അദ്ധ്വാനിച്ചവരാണ്. പക്ഷേ ലോകം അവരെ മാടി വിളിച്ചു. ഒരു സിസ്റ്റർ സ്വന്തം ശമ്പളം സ്വന്തം ഇഷ്ടത്തിന് വിനിയോഗിച്ചതു പോലെ എല്ലാ സമർപ്പിതരും അവരവരുടെ ശമ്പളം എടുത്താൽ സഭയുടെ എല്ലാ ആതുരാലയങ്ങളും പൂട്ടേണ്ടിവരും. കാരണം അവരുടെ അദ്ധ്വാനമാണ് സമർപ്പിത സമൂഹങ്ങളുടെ കാരുണ്യ പ്രവർത്തികളുടെ വലിയ പങ്ക്. ബസിലുള്ളവൻ കോക്രി കാണിച്ചതു കൊണ്ട് ഡ്രൈവർ തിരിഞ്ഞ് നോക്കി. ബസ് അപകടത്തിൽ ! ഡ്രൈവറുടെ ഡയലോഗ് “ഇനിയാരും ബസിൽ കയറരുത് ” അതു പോലെ മഠത്തിൽ നിന്ന് പുറത്തായ പെങ്ങളും പറഞ്ഞു ” ഇനിയാരും മഠത്തിൽ പോകരുത് “
സഭ എന്നാൽ എല്ലാവരുമാണ് എന്ന് നമുക്കറിയാം. എന്നാൽ ഇന്ന് സമർപ്പിതർ ആക്രമിക്കപ്പെടുമ്പോൾ അവർ ചെയ്തതിന്റെ ഫലം അവർ അനുഭവിക്കട്ടെ എന്ന് വിശ്വസിപ്പിക്കാൻ ഇന്ന് മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയായ് ക്കും കഴിഞ്ഞിട്ടുണ്ട്. അവർ ഒരു കുടുംബത്തെ നിങ്ങളും ഞങ്ങളുമാക്കി മാറ്റി! യാഥാർത്‌ഥ്യം അറിയാതെ ചെളിവാരിയെറിഞ്ഞ് ഒരേ വീട്ടിലെ അംഗങ്ങൾ തമ്മിൽത്തല്ലി മരിക്കുന്നതിൽ അവരുടെ പൈശാചികത സന്തോഷിക്കട്ടെ ! എന്നാൽ പൈശാചികത നൈമിഷികമാണ്!
ചുറ്റും നിറയുന്ന നൻമ കാണണമെങ്കിൽ സീലോ ഹ കുളത്തിൽ പോയി കഴുകുക. അപ്പോൾ
നിസ്വാർത്‌ഥതയുടെ കഥ സമർപ്പിതരിൽ നിന്ന് തുടങ്ങി സഭാ കുടുംബം മുഴുവൻ പടരുന്നത് കാണാം !
ഒരു ഇടവകയിൽ ജീവിക്കുമ്പോൾ
ഏറ്റവും കുറഞ്ഞത്
വിശ്വാസ പരിശീലകരുടെ ത്യാഗം ഓർക്കുക. അവർ 12 വർഷം നമ്മളെ നിസ്വാർത്ഥമായി പഠിപ്പിച്ചു. കൈക്കാരൻമാർ കമ്മിറ്റിക്കാർ സംഘടനകളിൽ പ്രവർത്തിക്കുന്നവർ
പള്ളിയിൽ നിരന്തരം വരുന്നവർ !
പള്ളിയിൽ വരാൻ പറ്റാതെ പ്രാർത്ഥിക്കുന്ന വർ…ഇങ്ങനെ ചെയ്ത നൻമ പറയാൻ കുടുംബത്തിലെ എല്ലാ അംഗത്തിനും കാണാം! മൂത്ത പുത്രൻ പറയുന്നതു പോലെ ഞാൻ ചെയ്യുന്നതൊന്നും കാണാൻ
ഇവിടെയാർക്കും കണ്ണില്ല എന്ന രോദനമാണ് സഭയിലെ എല്ലാ നിലവിളികളുടെയും മൂലകാരണം.
സഭയുടെ ക്രിസ്തു മുഖം ഞാൻ കൂടി പണിയുന്നതാണ് എന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. വനാന്തരങ്ങളിലൂടെ സുവിശേഷവുമായി പോകുന്ന വൈദികനും മെഴുകുതിരി വെട്ടത്തിൽ കൊന്ത ചൊല്ലുന്ന അമ്മച്ചിയും നടത്തുന്നത് ഒരേ പ്രവർത്തനം. ഒരേ കൊന്തയിലെ മുത്തുകൾ! ആ മുഖത്തിന് വേണ്ടിയാണ് തങ്ങൾ ജീവിക്കുന്നത് എന്ന് വൈദികരും സിസ്റ്റേഴ്സും ഓർക്കണം. എന്റെ വിശ്വാസം ഞാൻ പ്രഘോഷിച്ചില്ലെങ്കിൽ മറ്റാരും അത് ചെയ്യില്ല എന്ന് എല്ലാ പ്രിയപ്പെട്ടവരും അറിയണം. നിരന്തരം വിമർശിക്കുന്ന കൂടപിറപ്പുകളെ മിഷൻ കേന്ദ്രത്തിലേക്ക് സഹായിക്കാൻ അയയ്ക്കുക. സത്യത്തിൽ മിഷനറി ബോധം നഷ്ടപ്പെട്ടതാണ് ഈ കാലഘട്ടത്തിന്റെ ദുരന്തം. ഏറ്റവും കുറഞ്ഞത് സൺഡേ സ്കൂൾ കുട്ടികളെയും യുവജനങ്ങളെയും മിഷനിലേക്ക് അയയ്ക്കുക. വടക്കേ ഇൻഡ്യയിലെ ഏതാനും ഗ്രാമങ്ങൾ കണ്ടാൽ നമ്മുടെ അസുഖങ്ങൾ ഭാവിയിൽ എങ്കിലും ഉറപ്പായും മാറും!
എന്തായാലും ഇന്നേ വരെ സ്വന്തം മക്കൾക്കല്ലാതെ ഒരു കല്ലു പെൻസിൽ പോലും മറ്റുള്ളവർക്ക് മേടിച്ച് കൊടുക്കാത്തവർ ചാരിയിരുന്ന് വീണ്ടും പോസ്റ്റുകൾ എറിയട്ടെ… വർഷങ്ങൾക്ക് മുമ്പ് ഈ വഴിയിലേക്ക് വിളിച്ച ക്രിസ്തു കാണിച്ച് തന്ന കുരിശിന്റെ തണൽ എല്ലാ കൂടപിറപ്പുകൾക്കും ലഭിക്കട്ടെ! കുരിശ് കിട്ടുന്നില്ലെങ്കിൽ നമുക്ക് വഴി തെറ്റിയിരിക്കുന്നു ! എന്തിനാണ് എന്നെ അടിച്ചത് എന്ന് ചോദിച്ചു കൊണ്ട് കാൽവരി കയറുക. അനിയൻ മാർക്കും അനുജത്തിമാർക്കും രൂപം കൊടുക്കുന്ന ഇനിയും നല്ല അപ്പൻമാരും അമ്മമാരും ഇവിടെ പിറവിയെടുക്കട്ടെ! പള്ളിയിലെ വികാരിയച്ചനെ കണ്ട് സെമിനാരിയിൽ ചേർന്ന കുട്ടി ഇപ്പോ എല്ലാ മനുഷ്യരെയും കാണുന്നു. അവനറിയാം ഈ പള്ളിയിൽ തീർച്ചയായും എല്ലാവരും വേണം! സ്നേഹിക്കുന്നവരും കല്ല് എടുത്ത് എറിയുന്നവരും എല്ലാം! കാരണം ഇത് ക്രിസ്തുവിന്റെ പള്ളിയാ! അവന്റെ ഇഷ്ടം നടക്കട്ടെ!
Author Unknown

Leave a comment