ചിന്തിക്കാം… ധ്യാനിക്കാം…  പ്രാർത്ഥിക്കാം.

ചിന്തിക്കാം… ധ്യാനിക്കാം… 
പ്രാർത്ഥിക്കാം.

ഈശോയിൽ പ്രിയപ്പെട്ടവരേ,

ഈ ഭൂമിയിൽ നമ്മുക്ക് എങ്ങനെ നല്ല സന്തോഷമുള്ളവരായി ജീവിക്കാമെന്ന് ഇന്നത്തെ സുവിശേഷം (യോഹ 15/11-17) നമ്മുക്ക് പറഞ്ഞു തരുന്നു. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഈ ഭൂമിയിൽ നമ്മൾ ചെയ്യുന്നതെല്ലാം സന്തോഷത്തിനുവേണ്ടിയല്ലേ? നമ്മുടെ ശത്രുവും മിത്രവും രൂപപ്പെടുന്നതിന്റെ അടിസ്ഥാനം പോലും സന്തോഷമല്ലേ? സന്തോഷം തരുന്നവൻ മിത്രവും സന്തോഷം നശിപ്പിക്കുന്നവൻ നമ്മുടെ ശത്രുവും ആയിമാറുന്നു. എന്നും നല്ല സന്തോഷത്തിൽ ജീവിക്കാനും എല്ലാവരെയും മിത്രമാക്കാനുമുള്ള കുറുക്കുവഴി ഈശോ നമ്മുക്ക് പറഞ്ഞുതരുന്നു. “ഇത്‌ ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്.”
(യോഹ 15/11) തുടർന്ന് ഈശോ പറയുകയാണ് :
“ഇതാണ് എന്റെ കല്പ്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.”
(യോഹ 15/12)

അപ്പോൾ, സ്നേഹിക്കുന്നതിലൂടെയാണ് യഥാർത്ഥ സന്തോഷം നമ്മിൽ രൂപപ്പെടുക എന്ന് ഈശോ പഠിപ്പിച്ചു. അദൃശ്യനായ ദൈവത്തെ സ്‌നേഹിക്കേണ്ടതു ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചുകൊണ്ടാണെന്ന് കൃത്യമായും വ്യക്തമായും ഈശോ പഠിപ്പിച്ചു. അതല്ലാതെ നമ്മുക്ക് മറ്റൊരു മാർഗ്ഗമില്ല. “ഞാൻ നിങ്ങളോട് കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.”
(യോഹ 15/14)
നമുക്കറിയാം, എല്ലാവരെയും സ്നേഹിക്കുക അത്ര എളുപ്പമല്ലെന്ന്. അതിനാൽ സഹായത്തിനായി ചില മാതൃകകൾ എപ്പോഴും നമ്മുടെ മുൻപിൽ ഉണ്ടാകണം. ആ മാതൃക നമ്മൾ ഓർമിക്കണം, ധ്യാനിക്കണം. സ്നേഹത്തിന്റെ ജീവിതത്തിൽ നമ്മൾ അനുകരിക്കേണ്ടത് ദൈവത്തെയാണ്, ക്രിസ്തുവിനെയാണ് “ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ.”
(എഫേ 5/2)
ക്രിസ്തുവിന്റെ സ്നേഹത്തിന്റെ കാതൽ സമർപ്പണം ആയിരുന്നു. ആരെ സ്നേഹിക്കുന്നുവോ അവർക്കു പൂർണ്ണമായും യേശു സമർപ്പിച്ചു. ഒന്നും തിരികെ പ്രതീക്ഷിച്ചില്ല. സമർപ്പണം നിറഞ്ഞ സ്നേഹം ബലിയർപ്പണം തന്നെയാണ്. ആ സ്നേഹത്തിൽ നമ്മളും ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്.
നമ്മുടെ സ്നേഹം, ദൈവികസ്നേഹമായി രൂപപ്പെടുന്നത് അങ്ങനെയാണ്.
സമർപ്പണത്തോടെ സ്നേഹിക്കാൻ, യേശുവിനെപ്പോലെ സ്നേഹിക്കാൻ, സ്നേഹത്തിന്റെ പൂർണ്ണത ഹൃദയത്തിൽ അനുഭവിക്കാൻ നമ്മുക്ക് സാധിക്കട്ടെ !

നല്ല ദിവസം ! സ്നേഹം അനുഭവിക്കാനും സ്നേഹം കൊടുക്കാനും കൃപ ലഭിക്കട്ടെ !

റോയ് പുലിയുറുമ്പിൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment