സന്യാസം -സമർപ്പണത്തിന്റെ ആനന്ദം

ക്രിസ്തുവിന്റെ പരിമളമായി, ഭൂമിയുടെ ഉറകെടാത്ത ഉപ്പായി അഭിമാനത്തോടെ ലോകമെങ്ങും നിഷ്കാമ കർമ്മം ചെയ്യുന്നവരാണ് സന്യസ്തർ. യേശു ഒരേസമയം പിതാവിന്റെ മഹത്വത്തിനായി അഭിഷേകം ചെയ്യപ്പെട്ടു; അവിടുത്തെ മക്കളുടെ രക്ഷക്കായി അയക്കപ്പെട്ടു. ഈ ജീവിതം തുടരാൻ, വ്യവസ്ഥയില്ലാത്ത സമർപ്പണം ആവശ്യമുണ്ട്. എനിക്ക് സ്വന്തമായി ഒരു മനസ്സില്ല, എന്നു പറഞ്ഞ് അഹത്തെ അടിയറവച്ച് മുന്നേ നടന്ന പതിനായിരകണക്കിന് വിശുദ്ധാത്മാക്കൾ ഈ സമർപ്പണപാതയിലെ ആദർശരൂപങ്ങളാണ്.

വ്രതത്രയങ്ങളിലൂടെ യേശുവിന് സമർപ്പിതരാകുന്നവർ അടിസ്ഥാനപരമായ മൂന്ന് അവകാശങ്ങൾ വേണ്ടെന്ന് വയ്ക്കുകയാണ്. സ്വയം തീരുമാനമെടുക്കാനും സ്വന്തമായി സമ്പാദിക്കാനും സ്വന്തം കുടുംബം കെട്ടിപ്പടുക്കാനുമുള്ള അവകാശം. എന്നാൽ ഇതുവഴി മൂന്ന് വിധത്തിലുള്ള സ്വാതന്ത്യവും കൈവരുന്നു. “അഹത്തിൽ നിന്നും ഇഹത്തിൽ നിന്നും ജഡത്തിൽ നിന്നുമുള്ള സ്വാതന്ത്യം”. അതിനാൽ അനുസരണം അടിമത്തമല്ല; ദാരിദ്ര്യം വല്ലായ്മയല്ല; ബ്രഹ്മചര്യം ഭാരവുമല്ല. സമർപ്പണത്തിന്റെ ആഴവും അർത്ഥവും സന്യാസി പഠിക്കുന്നത് കുരിശിൽ നിന്നാണ്. കയ്പ്പുനിറഞ്ഞ കാസ കുടിക്കാൻ കൊടുത്തപ്പോഴും യേശു അനുസരിച്ചു. മരണത്തോളം, അതെ കുരിശുമരണത്തോളം. എല്ലാറ്റിന്റെയും ഉടയവൻ ഒന്നുമില്ലാത്തവനായി. ഇപ്രകാരം നിർമ്മലനും ദരിദ്രനും അനുസരണയുള്ളവനുമായ യേശുവിന്റെ സവിശേഷതകൾ ലോകത്തിൽ ദൃശ്യമാക്കാൻ വിളിക്കപ്പെട്ടവരാണ് (സമർപ്പിത ജീവിതം, 1) സമർപ്പിതർ. ക്രൂശിതനായ ക്രിസ്തുവിനെപ്പറ്റിയുള്ള ധ്യാനത്തിൽ നിന്നാണ് ദൈവവിളിക്കുള്ള പ്രചോദനം സ്വീകരിക്കേണ്ടത് (ജോൺ പോൾ രണ്ടാമൻ പാപ്പ).

ദൈവം ഒരു വ്യക്തിയിൽ സമർപ്പണത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നത് അത് മറ്റുള്ളവരേയും ജ്വലിപ്പിച്ച് സമൂഹത്തെ പ്രകാശപൂർണ്ണമാക്കാനാണ്. ദൈവസ്നേഹമാകുന്ന ഉറവയിൽ നിന്ന് സഹോദരസ്നേഹമാകുന്ന ജീവധാര പ്രവഹിക്കുമ്പോൾ സന്യാസം അർത്ഥപൂർണ്ണമാകുന്നു. കർതൃമുഖത്ത് ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് സഹോദരങ്ങളുടെ മുഖങ്ങളിൽ ദൈവത്തിന്റെ വികലമാക്കപ്പെട്ട ഛായയെ പരിചരിക്കാൻ സമർപ്പിതർ പ്രതിജ്ഞാബദ്ധരാകുന്നു. വിശപ്പുകൊണ്ട് വികലമാക്കപ്പെട്ട മുഖങ്ങളിൽ, അപമാനിതമായ മുഖങ്ങളിൽ, അക്രമം കണ്ട് ഭയപ്പെട്ട മുഖങ്ങളിൽ, ദ്രോഹിക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീമുഖങ്ങളിൽ, അവഗണിക്കപ്പെടുന്ന വൃദ്ധരുടെ മുഖങ്ങളിൽ എല്ലാം ദൈവത്തിന്റെ വികലമാക്കപ്പെട്ട ഛായ ഉണ്ട്. (സമർപ്പിത ജീവിതം, 75)

ഇവരെ പരിചരിക്കാനുളള വിളിലഭിച്ച സന്യാസി ഓരോ സന്യാസസമൂഹത്തിന്റെയും കാരിസം അനുസരിച്ച് മുന്നേറുന്നു. വിഭജിതമാകാത്ത ഹൃദയത്തോടെ ചെയ്യുന്ന ശുശ്രൂഷകൾക്ക് ദൈവീകമായ അഭിഷേകം ഉണ്ട്. ഒരു സാധാരണ വിശ്വാസി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. എന്നാൽ ഒരു സന്യാസി പ്രാർത്ഥിക്കാൻ വേണ്ടി ജീവിക്കുന്നു. സമർപ്പിതരുടെ ശുശ്രൂഷകൾ അഭിഷേകമാകുന്നതിന്റെ കാരണം ഇതാണ് (മദർ തെരേസ). ശപിക്കുന്നവരെ അനുഗ്രഹിച്ചും അധിക്ഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചും (ലൂക്ക 6/28) ഈ ദൗത്യപാതയിൽ മുന്നേറുമ്പോൾ വിളിച്ചവൻ മഹത്വപ്പെടുന്നു.

ഒഴുക്കിനെതിരെയുള്ള ഈ നീന്തൽ സന്യാസി ഒറ്റക്കല്ല നടത്തുന്നത്. ഒരുമിച്ച് പ്രാർത്ഥിച്ചും, ചർച്ചചെയ്തും , തീരുമാനമെടുത്തും, കുറവുകൾ പരസ്പരം പരിഹരിച്ചും മുന്നേറുന്ന കൂട്ടായ്മയുടെ പാഠശാലകളാണ് സന്യാസ സമൂഹങ്ങൾ. കൂട്ടായ്മയാകുന്ന സൗധത്തിന്റെ ഭാഗമാകാൻ ഞാനാകുന്ന കല്ലിനെ ചെത്തിമിനുക്കി, ചേർക്കേണ്ടിടത്ത് ചേർത്ത് വയ്ക്കുമ്പോൾ അനുഭവപ്പെടുന്ന വേദനകൾ യേശുവോടൊത്താണ് ഏറ്റുവാങ്ങുന്നത്.

ലോകത്തിലായിരുന്നവരും ലോകത്തിൽ നിന്ന് എടുക്കപ്പെട്ടവരുമായതിനാൽ പൂർണ്ണത അവകാശപ്പെടാതെ അതിലേക്കുള്ള നിരന്തര പ്രയാണത്തിലാണവർ. തെറ്റുകൾ തിരുത്തുവാൻ, കുറവുകൾ നികത്താൻ അവസരങ്ങൾ ധാരാളം. നേർവഴി കാണിക്കാൻ അധികാരികളുമുണ്ട്. നിത്യവ്രതം വരെയുള്ള 11 – 13 വർഷം വരെ നീളുന്ന പരിശീലനകാലത്ത് മാത്രമല്ല, ജീവിതകാലം മുഴുവനും കരുതലും കൈത്താങ്ങുമായി അവർ കൂടെ നിൽക്കുന്നു. ആരും ആരുടെയും അടിമകളായിക്കൊണ്ടല്ല. സമർപ്പിത സമൂഹങ്ങളെല്ലാം സ്വതന്ത്രമാണ്. ആവശ്യപ്പെടാതെ ഒരു വൈദികനോ, വൈദികശ്രേഷ്ഠനോ ഈ സമർപ്പിത ജീവിതങ്ങളിലേക്ക് കൈകടത്താറില്ല.

കഴിവുകളും ആവശ്യവുമനുസരിച്ച് ഉപരിപഠനത്തിന് അവസരം, തുടർന്ന് ഉത്തരവാദിത്തമുള്ള ശുശ്രൂഷകളിൽ നിയമനം. സ്വയം ഏറ്റെടുത്തിട്ടുള്ള വ്രതബദ്ധജീവിതത്തിൽ നിയമങ്ങളും ക്രമങ്ങളും ഒരു അനിവാര്യതയാണ്. ഇപ്രകാരം സമർപ്പിതരാകുന്ന വ്യക്തിയിലും സമൂഹത്തിലും ശാന്തി സന്തോഷങ്ങളുടെ തിരതല്ലലുണ്ടാകും. കാരണം ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ സന്തോഷം ഉണ്ടെങ്കിൽ ജീവിതം സുന്ദരം, ഞാൻ മൂലം മറ്റുള്ളവർ സന്തുഷ്ടരാണെങ്കിൽ അത് കൂടുതൽ സുന്ദരം.

Sr. Glory CMC
Kothamangalam


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment