ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം.

ചിന്തിക്കാം…
ധ്യാനിക്കാം…
പ്രാർത്ഥിക്കാം…

ഈശോയിൽ പ്രിയപ്പെട്ടവരേ,

ഇന്ന് നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണതിരുനാൾ. യേശുവിന്റെ രക്ഷാകരസംഭവത്തിലെ ഒരു പ്രധാന ദിനം നാം ഇന്ന് അനുസ്മരിക്കുന്നു. യേശുവിനെക്കുറിച്ചു വിശുദ്ധ ലിഖിതങ്ങളിൽ എഴുതപ്പെട്ടിരുന്ന ഒരു കാര്യം കൂടി പൂർത്തിയാക്കപ്പെട്ട ദിവസമാണിത്. യേശു തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്കും തന്നിൽ വിശ്വസിക്കുന്നവർക്കും ലോകം മുഴുവനും ധാരാളം അനുഗ്രഹങ്ങൾ മനസു തുറന്നു നൽകിയ ദിവസം. ഇങ്ങനെ വളരെ പ്രത്യേകതകൾ നിറഞ്ഞതും സ്വർഗ്ഗീയ കൃപകൾ ചൊരിയുന്നതുമായതു വചനഭാഗമാണ് ഇന്നത്തെ സുവിശേഷം (Lk 24/44-53).
സഭക്കും വിശ്വാസ സമൂഹത്തിനും നമ്മുക്ക് ഓരോരുത്തർക്കും യേശു പ്രേഷിതദൗത്യം നൽകുന്നു.
“ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ
(Mt 28/19). സ്വർഗ്ഗാരോഹണ ദിവസം യേശു നൽകിയ പൗരോഹിത്യ വിളിയുടെ അടിസ്ഥാനങ്ങളിൽ ഒന്നെന്നു വിശുദ്ധനായ ജോൺ പോൾ II തന്റെ ‘Pastores Dabo Vobis ‘ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഓർമപ്പെടുത്തുന്നു. അപ്പോൾ, പുരോഹിതനായ നമ്മുക്ക് ഒരു പ്രധാന ദിനമാണ്. നമ്മെ ഓരോരുത്തരെയും അവിടുന്ന് ഈ ദിനം അനുഗ്രഹിക്കുന്നു. “കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവൻ അവരിൽനിന്നു മറയുകയും സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു.” (Lk 24/50)
നോക്കുക, യേശുവിന്റെ അനുഗ്രഹത്തോടെ ശിഷ്യന്മാരിലും ലോകത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. അവർ ഒരു ആരാധനാസമൂഹമായി മാറി. യേശുവിന്റെ അനുഗ്രഹത്തോടെ അവർ ആനന്ദമുള്ളവരായി; അവർ ഉടനെ ദൈവാലയകേന്ദ്രീകൃത ജീവിതം തുടങ്ങി. “അവർ അവനെ ആരാധിച്ചു. അത്യന്തം ആനന്ദത്തോടെ ജെറുസലേമിലേക്കു മടങ്ങി. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാ സമയവും ദൈവാലയത്തിൽ കഴിഞ്ഞു കൂടി.”
(Lk 24/52-53).
യേശുവിന്റെ എല്ലാ പ്രവൃത്തികളും സ്വർഗ്ഗോന്മുഖമായിരുന്നുവെന്നുകൂടി വെളിപ്പെടുന്ന ദിവസമാണിത്. നമ്മുക്ക് ഇത് വലിയൊരു മാതൃകയാണ്. നമ്മളും സ്വർഗ്ഗോന്മുഖരായി ജീവിക്കണം. കാരണം, “കർത്താവായ യേശു അവരോടു സംസാരിച്ചത്തിനു ശേഷം സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു.അവൻ ദൈവത്തിന്റെ വലത്തുഭാഗത്തു ഉപവിഷ്ടനായി.”
(Mk 16/19) സ്വർഗ്ഗത്തിന്റെ ആരാധനയും സ്വർഗ്ഗത്തിന്റെ ആനന്ദവും ദൈവാലയ കേന്ദ്രീകൃത ജീവിതവും നമ്മിൽ രൂപപ്പെടുമ്പോൾ നമ്മളെല്ലാം സ്വർഗ്ഗോന്മുഖമായി ജീവിക്കുകയാണ്. ഇതിനു എല്ലാ മനുഷ്യരെയും ഒരുക്കുകയാണ് നമ്മുടെ പ്രേക്ഷിത ദൗത്യം. നമ്മിലൂടെ, സഭയിലൂടെ ഈ ദൗത്യം എന്നും തുടരട്ടെ!

നല്ല ദിവസം! സ്വർഗ്ഗത്തെ നോക്കി നമ്മുക്ക് ജീവിക്കാം! ആനന്ദമുള്ളവരായി ജീവിക്കാം.! ആരാധനാസമൂഹമായി നമ്മുക്ക് ജീവിക്കാം. ! അതിനു മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം.

  • റോയ് പുലിയുറുമ്പിൽ mcbs

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment