ദിവ്യബലി വായനകൾ Friday before Ascension Sunday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി

Saint Rita of Cascia 
or Friday before Ascension Sunday 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 51:10

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന
ഒലിവുമരംപോലെയാണ് ഞാന്‍;
ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍
എന്നുമെന്നേക്കും ആശ്രയിക്കുന്നു, അല്ലേലൂയ.

Or:

ഞാന്‍ കാണുകയും സ്‌നേഹിക്കുകയും
വിശ്വസിക്കുകയും ആനന്ദിക്കുകയും ചെയ്ത
എന്റെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തെപ്രതി,
ലോകത്തിന്റെ രാജ്യവും എല്ലാ ലൗകികാലങ്കാരങ്ങളും
ഞാന്‍ നിന്ദ്യമായി കരുതി, അല്ലേലൂയ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ റീത്തയില്‍ ചൊരിയാന്‍
അങ്ങ് തിരുവുള്ളമായ കുരിശിന്റെ ജ്ഞാനവും മനഃസ്ഥൈര്യവും
ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
അങ്ങനെ, ക്ലേശങ്ങളില്‍ ക്രിസ്തുവിനോടൊത്തു സഹിച്ചുകൊണ്ട്,
അവിടത്തെ പെസഹാരഹസ്യത്തില്‍
കൂടുതല്‍ ആഴത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുളള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 18:9-18
ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്.

കോറിന്തോസില്‍ വച്ച് രാത്രിയില്‍ കര്‍ത്താവ് ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്. പൗലോസ് അവരുടെയിടയില്‍ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വര്‍ഷവും ആറു മാസവും താമസിച്ചു.
ഗാല്ലിയോ അക്കായിയായില്‍ ഉപസ്ഥാനപതിയായിരിക്കുമ്പോള്‍, യഹൂദര്‍ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവര്‍ അവനെ ന്യായാസനത്തിനു മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: ഈ മനുഷ്യന്‍ നിയമവിരുദ്ധമായ രീതിയില്‍ ദൈവാരാധന നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പൗലോസ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ യഹൂദരോടു പറഞ്ഞു: യഹൂദരേ, വല്ല കുറ്റകൃത്യത്തിന്റെയോ ഗുരുതരമായ പാതകത്തിന്റെയോ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നത് തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു. എന്നാല്‍, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ നിയമത്തെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ കൈകാര്യം ചെയ്യുക; ഇക്കാര്യങ്ങളുടെ വിധികര്‍ത്താവാകാന്‍ ഞാന്‍ ഒരുക്കമല്ല. അവന്‍ ന്യായാസനത്തിനു മുമ്പില്‍ നിന്ന് അവരെ പുറത്താക്കി. അവരെല്ലാം ഒന്നുചേര്‍ന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.
പൗലോസ് കുറെനാള്‍കൂടി അവിടെ താമസിച്ചിട്ട്, സഹോദരരോടു യാത്ര പറഞ്ഞ് സിറിയായിലേക്കു കപ്പല്‍ കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍ , കെങ്ക്‌റെയില്‍വച്ച് തല മുണ്ഡനം ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 47:2-3, 4-5, 6-7

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

ജനതകളേ, കരഘോഷം മുഴക്കുവിന്‍.
ദൈവത്തിന്റെ മുന്‍പില്‍ ആഹ്‌ളാദാരവം മുഴക്കുവിന്‍.
അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്;
അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

അവിടുന്നു രാജ്യങ്ങളുടെ മേല്‍
നമുക്കു വിജയം നേടിത്തന്നു;
ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.
അവിടുന്നു നമ്മുടെ അവകാശം തിരഞ്ഞെടുത്തു തന്നു;
താന്‍ സ്‌നേഹിക്കുന്ന യാക്കോബിന്റെ അഭിമാനം തന്നെ.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ
ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.
ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍;
സ്‌തോത്രങ്ങളാലപിക്കുവിന്‍;
നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍;
കീര്‍ത്തനങ്ങളാലപിക്കുവിന്‍.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 16:20-23a
നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തു കളയുകയില്ല.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തു കളയുകയുമില്ല. അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ വാഗ്ദാനങ്ങളിലുള്ള
ഞങ്ങളുടെ പ്രത്യാശ കൈവെടിയാതിരിക്കാന്‍
ലൗകികഅടയാളങ്ങള്‍കൊണ്ട്
അങ്ങ് ഞങ്ങളെ സമാശ്വസിപ്പിക്കുന്നുവല്ലോ.
വിശുദ്ധ N യുടെ സ്മരണ ആചരിച്ചുകൊണ്ട്
വിശുദ്ധീകരിക്കപ്പെടേണ്ട ഞങ്ങളുടെ ഭക്തകാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 44:2

എന്റെ ഹൃദയത്തില്‍ ഉദാത്തമായ വാക്ക് തുടിച്ചുനില്ക്കുന്നു.
ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ രാജാവിനോടു പറയും, അല്ലേലൂയ.

Or:
ലൂക്കാ10:42

ഒന്നുമാത്രമേ ആവശ്യമുള്ളൂ.
ഇവള്‍ നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു,
അത് അവളില്‍നിന്ന് എടുക്കപ്പെടുകയില്ല, അല്ലേലൂയ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സ്രോതസ്സാല്‍ നവീകൃതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ N യുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിനോട് ദിനംപ്രതി കൂടുതല്‍ ഗാഢമായി
ഒന്നു ചേര്‍ന്നുകൊണ്ട്,
അവിടത്തെ കൃപയുടെ രാജ്യത്തില്‍
പങ്കാളികളായിത്തീരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment