ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം.

ചിന്തിക്കാം…
ധ്യാനിക്കാം…
പ്രാർത്ഥിക്കാം…

ഈശോയിൽ പ്രിയപ്പെട്ടവരേ,

ആത്മീയ ജീവിതത്തിന്റെ ഉന്നതമായ മേഖലകളെ ഇന്നത്തെ സുവിശേഷം (യോഹ 3/31-36) നമ്മുക്കായി തുറന്നുതരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നമ്മുക്കായി രണ്ടു വാഗ്ദാനങ്ങൾ കാണുന്നുണ്ട്. ഒന്നാമതായി, യേശു നമ്മുക്ക് പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്യുന്നു. “ഞാൻ പിതാവിനോടപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരുകയും ചെയ്യും.” (യോഹ 14/16). വീണ്ടും, യേശു നമ്മുക്ക് നിത്യജീവൻ വാഗ്‌ദാനം ചെയ്യുന്നു. “അവൻ നമ്മുക്ക് നൽകിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്- നിത്യജീവൻ.” (1യോഹ 2/25)
വീണ്ടും വചനം പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യ ജീവൻ ലഭിക്കുന്നു.”(യോഹ 3/36)
ഈ രണ്ടു വാഗ്ദാനങ്ങളുടെയും പ്രത്യേകത, അവ സ്വർഗത്തിനിന്നു വരുന്നു എന്നതാണ്. അവ സ്വർഗ്ഗത്തിന്റേതു മാത്രമാണ്; സ്വർഗ്ഗത്തിന്റെ ദാനമാണ്. യേശുവിലുള്ള വിശ്വാസമാണ് ഈ രണ്ടു വാഗ്ദാനങ്ങളുടെയും പൂർത്തീകരണത്തിലേക്കു നമ്മെ നയിക്കുന്നത്. ഈ രണ്ടു വാഗ്ദാനങ്ങളും നമ്മുക്ക് നല്കിയിരിക്കുന്നതിന്റെ അടിസ്ഥാനം “യേശുക്രിസ്തു നമ്മെ സ്വന്തമാക്കിയിരിക്കുന്നു” (ഫിലിപ്പി 3/12) എന്ന സത്യമാണ്. അതെ, യേശുക്രിസ്തു നമ്മെ സ്വന്തമാക്കിയിരുന്നുആ യേശുവിനെ നമ്മൾ സ്വന്തമാക്കണം. യേശുക്രിസ്തുവിനെ സ്വന്തമാക്കുന്ന എല്ലാവർക്കും ഉള്ളതാണ് പരിശുദ്ധാത്മാവും നിത്യജീവനും. അതിനായി നമ്മുക്ക് മുന്നേറാം.

നല്ല ദിവസം! യേശുക്രിസ്തുവിനെ സ്വന്തമാക്കാൻ ഇടയാകട്ടെ !

റോയ് പുലിയുറുമ്പിൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment