പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും. എനിക്കെതിരേ ഇസ്രായേല്‍ ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: ജീവിക്കുന്നവനായ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതു പോലെ ഞാന്‍ നിങ്ങളോടു ചെയ്യും. (സംഖ്യ 14:27-28)”ഞങ്ങളുടെ ദൈവമായ കർത്താവെ, അവിടുത്തെ ഞങ്ങൾ ആരാധിക്കുന്നു. ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്നും ഉയരുന്ന പ്രാർത്ഥനയെ അങ്ങ് സ്വീകരിക്കേണമേ. ഇസ്രായേൽ ജനം മരുഭൂമിയിൽ വച്ച് അങ്ങേയ്ക്ക് എതിരെ പിറുപിറുത്തത് പോലെ പ്രവർത്തിക്കുവാൻ ഞങ്ങൾക്ക് ഇടയാക്കരുതേ. ഞങ്ങൾ കടന്നു പോകുന്ന പ്രതിസന്ധിയുടെ ആഴം അങ്ങ് അറിയുന്നുവല്ലോ. വിമോചനം നൽകി അനുഗ്രഹിക്കണമേ. നാഥാ, ഇന്നേ ദിനത്തിൽ ഞങ്ങളുടെ പരാജയ ഭീതികളെ, നിഷേധാത്മക ചിന്തകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിടുതൽ നൽകണമേ. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ കൃപ നൽകണമേ. അങ്ങയുടെ സന്നിധിയിൽ നിന്നും അകന്നു പോകുവാൻ ദൈവമേ ഞങ്ങളെ അനുവദിക്കരുതേ. നാഥാ, അവിടുന്ന് അരുളിചെയ്തല്ലോ, വിശ്വാസത്തോടെ ഈ മലയോടു മാറി കടലിൽ പോയി വീഴുക എന്ന് പറഞ്ഞാൽ അത് പോലും സംഭവിക്കും. വിശ്വാസത്തിൽ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ജീവിത പ്രതിസന്ധികൾ കടന്നു വരുമ്പോൾ, തളർന്നു ദൈവത്തിന് എതിരെ പിറുപിറുക്കാതെ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് ജീവിതത്തെ നേരിടുവാൻ സഹായിക്കണമേ. ചെങ്കടലിനു മുൻപിൽ ഇസ്രായേൽ ജനത്തോടു ഒപ്പം പ്രതിസന്ധിയിൽ അകപെട്ടപ്പോൾ, മോശ പ്രാർഥിച്ചത് പോലെ ദൈവ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ കൃപ നൽകണമേ. ദൈവം പറയുന്നത് പോലെ പ്രവർത്തിക്കുവാൻ അനുഗ്രഹം നൽകണമേ. ജീവിതത്തിലെ മരുഭൂമിയിൽ തളർന്നു വീഴും എന്ന് തോന്നുമ്പോൾ പോലും, കൈകൾ പിടിച്ച ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ട് പോകുവാൻ നാഥാ കൃപ നൽകണമേ. ഈശോയെ ഇന്നേ ദിനത്തിൽ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങളും ഓർക്കുകയാണ്. പലപ്പോഴും ഞങ്ങൾ പ്രാര്ഥിക്കാതെ തന്നെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചു. ചിലപ്പോൾ പ്രാർത്ഥനയുടെ ഫലമായി അവിടുന്ന് അനുഗ്രഹങ്ങൾ തന്നു. എന്നാൽ മറ്റു ചിലപ്പോൾ അവിടുത്തെ പദ്ധതിയുടെ ഭാഗമായി ചില അനുഗ്രഹങ്ങൾ അവിടുന്ന് നിഷേധിച്ചു. അല്ലെങ്കിൽ മാറ്റി വച്ചു . നാഥാ, ഇപ്പോഴും കിട്ടാതെ പോയ അനുഗ്രഹത്തെയും, ദൈവപദ്ധതിയേയും കുറിച്ചോർത്തു അവിടുത്തോടു കലഹിക്കുകയും, അവിടുത്തേക്ക് എതിരായി പിറുപിറുക്കുകയും ചെയ്യുന്നു. മാപ്പു നൽകണമേ. വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനും, ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുവാനും കൃപ നൽകണമേ. ഈശോയെ ഇന്നേ ദിനത്തിൽ വിശ്വാസ പൂർവം പ്രാർത്ഥിക്കുന്ന എല്ലാ ആഗ്രഹങ്ങളും നിറവേറ്റി നല്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment