പ്രഭാത പ്രാർത്ഥന
നമ്മുടെ ബലഹീനതയിൽ അത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ – എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് തന്നെ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു .ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിൻ്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കു വേണ്ടി മാധ്യസ്ഥം വഹിക്കുന്നത് ‘ (റോമർ 8:26-27)
സകലത്തിൻ്റേയും ഉടയവനായ ദൈവമേ, സകല സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനായ വനേ ഞങ്ങൾ അങ്ങയെ സ്തുതിയ്ക്കുന്നു അങ്ങയെ വാഴ്ത്തുന്നു. അങ്ങയെ മഹത്യപ്പെടുത്തുന്നു’ദൈവമേ സഭ കാത്തിരിപ്പിൻ്റെ നാളുകൾ ആചരിക്കുന്ന ഈ വേളയിൽ ഞങ്ങളും അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിൻ്റെ ജ്വലനം തീവ്രമായി ഞങ്ങളുടെ ജീവിതത്തിൽ വ്യക്തിപരമായ അനുഭവിച്ചറിയാൻ ആഗ്രഹിച്ചു കൊണ്ട് തിരുസന്നിധിയിൽ അണയുന്നു’ അവിടുത്തെ പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കരുത് എന്ന് തിരുവെഴുത്തിലൂടെ ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഓർക്കുന്നു. മാമോദീസായിലൂടെ ഞങ്ങളിൽ നിവേശിതമാക്കപ്പെട്ട അവിടുത്തെ ആത്മാവിനെ അശ്രദ്ധ കൊണ്ടും അലസതകൊണ്ടും വേണ്ടവിധത്തിൽ സ്നേഹിക്കാതെയും ബഹുമാനിക്കാതെയും ആദരിക്കാതെയും ദുഃഖിപ്പിച്ചു പോയതിനെ ഓർത്ത് മാപ്പപേക്ഷിയ്ക്കുന്നു ‘അങ്ങയുടെ പരിശുദ്ധാത്മ ദാനം ഇന്നു ഞങ്ങളിൽ പുതുക്കേണമേ. ഞങ്ങൾ സ്നേഹമുള്ളവരും ഞങ്ങളിൽ തന്നെ സന്തോഷമുള്ളവരും മറ്റുള്ളവർക്ക് സന്തോഷവും സമാധാനവും പകർന്നു കൊടുക്കുന്നവരുമായി തീരുവാൻ ഞങ്ങളെ സഹായിക്കേണമേ. അലസതയിൽ നിന്നും അവിവേകത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങളാൽ ഞങ്ങളെ നിറക്കേണമേ. നന്മതിന്മകളെ തിരിച്ചറിഞ്ഞ് പ്രലോഭനങ്ങളിൽപ്പെടാതെ അങ്ങയുടെ ഇഷ്ടം നിറവേറ്റി ജീവിക്കുന്നവരായി തീരാൻ അങ്ങയുടെ ആത്മാവിൽ ഞങ്ങളെ ബലപ്പെടുത്തണമേ. അങ്ങു കാണിച്ചു തന്നിട്ടുള്ള സത്യങ്ങളുടെ വെളിച്ചത്തിൽ ദിനംപ്രതി ജീവിപ്പാൻ ഞങ്ങളെ സഹായിക്കേണമേ. ഈ വെളിച്ചത്തിൻ്റെ പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്ന ഞങ്ങടെ സ്വാർത്ഥ മോഹങ്ങളെ ഞങ്ങളിൽ നിന്നകറ്റി കളയേണമേ” ക്രിസ്തീയ ജീവിതം നയിക്കുന്നതിനു പ്രതികൂലമായ ശക്തികൾ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ദുർദിനങ്ങളിൽ വിശ്വസ്ത യോടെ നിന്നെ സേവിപ്പാൻ ആഗ്രഹിക്കുന്ന നിൻ്റെ എല്ലാ മക്കളേയും വിശ്വാസത്തിൽ ആഴപ്പെടുത്തണമേ. ഞങ്ങൾ സ്വീകരിച്ചിരിക്കുന്ന ‘ക്രിസ്തീയ പ്രമാണങ്ങളും ഞങ്ങളുടെ അനുദിന ജീവിത പ്രവർത്തനങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാരങ്ങളും പ്രയാസങ്ങളും ആകുലതകളും പ്രതീക്ഷകളും എല്ലാം തിരുമുമ്പാകെ സമർപ്പിക്കുന്നു. മരണത്തെ ജയിച്ച ലോകത്തെ ജയിച്ച യേശുക്രിസ്തു ഞങ്ങളുടെ ജീവിതങ്ങും ജയമുള്ളതാക്കി തീർക്കുന്നതിനെ ഓർത്ത് നന്ദിയോടെ സ്തുതിക്കുന്നു.
പ്രാർത്ഥിച്ചു തീരുന്നതിനു മുൻപ് ഉത്തരം തന്ന് അനുഗ്രഹിക്കുമെന്നുള്ള പുത്രൻ്റെ വാഗ്ദാനപ്രകാരം ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ സ്വർഗ്ഗീയ പിതാവേ ആമേൻ

Leave a comment