ഒരു ബൈബിൾ തമാശ.
ഏറ്റവും അടുത്ത കൂട്ടുകാരികളായിരുന്നു അവർ. നേഴ്സറി മുതൽ പ്രീ-ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചു. റൂം മേറ്റ്സ് ആയിരുന്നു. പരസ്പരം നന്നായി അറിയാവുന്നവർ. അതിൽ ഒരാൾ കന്യാസ്ത്രീയായി. മറ്റവൾ ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു. പിന്നെ വിവാഹിതയായി. കന്യാസ്ത്രീയ്ക്കു കല്യാണത്തിനു വരാൻ പറ്റിയില്ല.
അന്നൊക്കെ ഗ്രീറ്റിംഗ് കാർഡയയ്ക്കുന്നതിനെക്കാൾ ടെലഗ്രാം അയയ്ക്കുന്ന സംഗതി ഉണ്ടായിരുന്നു. വിശേഷങ്ങൾക്ക് അയയ്ക്കാൻ പ്രത്യേക നമ്പരുകൾ തന്നെ പോസ്റ്റോഫീസുകൾ കൊടുത്തിരുന്നു. ഒറ്റ വാക്കിൽ വലിയ മെസ്സേജുകൾ അയയ്ക്കാം. ടെലഗ്രാമിന് വാക്കിന്റെ എണ്ണത്തിനാണു ചാർജ്.
കന്യാസ്ത്രീ അയച്ചത് ബൈബിളിലെ ഒരു വാക്യത്തിന്റെ നമ്പർ മാത്രമാണ്. 1 John 4:18 . യോഹന്നാന്റെ ആദ്യലേഖനം നാലാം അദ്ധ്യായം പതിനെട്ടാം വാക്യം. വിശ്വാസികളായ വധൂവരന്മാർ ബൈബിൾ നോക്കി വാക്യം കണ്ടുപിടിച്ചു കൊള്ളും എന്നു പാവം കന്യാസ്ത്രീ കരുതി. ടെലഗ്രാം ചാർജും ലാഭിക്കാം.
” സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.”
(ഇതിന്റെ ഇംഗ്ലീഷ് വേർഷനാണ് ഒന്നുകൂടി നല്ലത്. ഗ്രീറ്റിംഗ് ആയി അയയ്ക്കാൻ പറ്റിയത്. “There is no fear in love. But perfect love drives out fear, because fear has to do with punishment. The one who fears is not made perfect in love.”)
പോസ്റ്റോഫീസുകാർ ടെലഗ്രാം ചെയ്തപ്പോൾ ആദ്യത്തെ സംഖ്യ വിട്ടു പോയി. സംഗതി John 4:18 എന്നായിപ്പോയി. യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം പതിനെട്ടാം വാക്യം.
ആദ്യരാത്രിയിൽ വധൂവരന്മാർ കിട്ടിയ ടെലഗ്രാമുകൾ ഒക്കെ ഒന്നിച്ചിരുന്നു വായിക്കുകയാണ്. ആത്മസുഹൃത്തിന്റെ ഈ സന്ദേശം കണ്ടപ്പോൾ രണ്ടു പേരും ബൈബിൾ തപ്പിയെടുത്ത് പ്രസ്തുത വാക്യം വായിച്ചു.
“നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോൾ ഉള്ളവൻ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്.”
ആദരാഞ്ജലികൾ !
- ഡോ. ബാബു പോൾ

Leave a comment