മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…
കർമ്മനിരതനായിരുന്ന കോന്നിയൂരച്ചൻ…

ഫാ. ജോൺ കോന്നിയൂർ
Fr. John Konniyoor
നടുവിലേത്ത് വഞ്ചിപ്പാറ കുടുംബത്തിൽ ജി. ഫിലിപ്പോസ് – മറിയാമ്മ ദമ്പതികളുടെ 7 മക്കളിലൊരുവനായി കോന്നിക്കടുത്ത് വകയാറിൽ 1931 ഏപ്രിൽ 25 ന് ജനിച്ചു. KKNMHS എലിയറക്കലിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാല്യം മുതൽ തന്നെ ദേവാലയത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. വൈദീകനാകുളള അദമ്യമായ ആഗ്രഹത്താൽ അന്നത്തെ രീതിയനുസരിച്ച് ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം താമസിച്ചുള്ള പഠനമാരംഭിച്ചു. 1954 ജൂൺ 13ന് ‘കോറൂയോ’ പട്ടം സ്വീകരിച്ചു. 1956 ജൂൺ 11ന് കറവൂർ ചക്കാലപ്പറമ്പിൽ കുടുംബാംഗമായ ശോശാമ്മ ജീവിത സഖിയായി. വൈദീക പട്ടത്തിന് ഒരുക്കമായി 1959 ജൂൺ 30 ന് പൂർണ്ണ ശെമ്മാശപട്ടം സ്വീകരിച്ചു, തുടർന്ന് നവംബർ 28ന് വൈദീകനായി അഭിഷിക്തനായി, ഡിസംബർ 16ന് വി.കുർബാനയർപ്പിച്ചു.പിടവൂർ, പത്തനാപുരം, വി. കോട്ടയം പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യ വിശാരദ കോഴ്സ് പാസ്സായതിനെ തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ MA മലയാളം പഠിച്ചു. അദ്ധ്യാപകനാകണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നതിനാൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് BEd കരസ്ഥമാക്കി, പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അച്ചൻ തന്റെ നിരന്തരമായ പ്രാർത്ഥനയുടെയും പഠനത്തിന്റെയും ഒടുവിൽ സത്യസഭയിലേക്ക് 1968 സെപ്റ്റംബർ 2ന് തന്റെ കുടുംബത്തോടൊപ്പം കടന്നു വന്നു. റെജി, സജി, ജിജി 3 മക്കളാണ് അച്ചന്.
സ്വജീവിതത്തിൽ താൻ അനുഭവിച്ചു മനസ്സിലാക്കിയ ക്രിസ്തുസ്നേഹവും കത്തോലിക്കാ സഭയുടെ അനന്യതയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വ്യക്തിത്വവും ചുറ്റുപാടുമുള്ളവരിലേക്ക് പകർന്നു നൽകാൻ അച്ചൻ ബദ്ധശ്രദ്ധനായിരുന്നു. അദ്ധ്യാപകൻ, ചരിത്രകാരൻ, നിരൂപകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ പല മേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയാണ് അച്ചൻ.
പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ, ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ, വേളംകോട് സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. വേളംകോട് ഹൈസ്കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്ന് 1986ൽ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചു.
ഓമല്ലൂർ, ആറ്റരികം, വാഴമുട്ടം, ചീക്കനാൽ, പ്രക്കാനം, ഊന്നുകൽ, തൊടുവക്കാട്, കൈതപ്പറമ്പ്, നെടുമൺ, മരുതിമൂട് തുടങ്ങിയ പള്ളികളിൽ വികാരിയായിരുന്നു. ബത്തേരി ഭദ്രാസനം ആരംഭിച്ചപ്പോൾ അന്നത്തെ രൂപതാദ്ധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ ക്ഷണമനുസരിച്ച് നാട്ടിൽ നിന്നും വളരെ അകലെ പ്രതികൂലമായ ഒരു സാഹചര്യത്തിലേക്ക് പോകുവാൻ അച്ചന് തെല്ലും വൈമുഖ്യമുണ്ടായിരുന്നില്ല, അച്ചനിലെ തീക്ഷ്ണവാനായ മിഷണറിയെ നമുക്കിവിടെ കാണാൻ സാധിക്കും. ബത്തേരി രൂപതയിലെ മൈക്കാവ്, ഈങ്ങാപ്പുഴ, നാരങ്ങത്തോട്, പുലിക്കയം ഇത്യാദി ദേവാലയങ്ങളിൽ വികാരിയായിരുന്നു. പത്തനാപുരത്തിനടുത്ത് മരുതിമൂട് മലങ്കര സുറിയാനി കത്തോലിക്കാപളളിയിൽ വികാരിയായിരുന്ന് ഇടവക ജീവിതത്തിൽ നിന്നും വിരമിച്ചു.
വാഴമുട്ടം, ചീക്കനാൽ പ്രദേശങ്ങളുടെ വികാരിയായിരുന്നപ്പോൾ ഇന്നത്തെ മിൽമയുടെ മാതൃകയിൽ ക്ഷീര കർഷകരെ സംഘടിപ്പിച്ച് ചെറുസംഘങ്ങൾ രൂപീകരിച്ച് ബാങ്കിൽ നിന്ന് വായ്പ ലഭിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്ത് കന്നുകാലികളെ വാങ്ങി നൽകുകയും ഇടനിലക്കാരില്ലാതെ സൊസൈറ്റി വഴി പാൽ നേരിട്ട് സംഭരിച്ച് അത് പരിസര പ്രദേശങ്ങളിൽ വിപണനം നടത്തി അതത് ആഴ്ചകളിൽ പണം കർഷകന് നൽകി ആളുകൾക്ക് കൃത്യമായ വരുമാനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചു. വെറ്റിനറി ഡോക്ടറുടെ സേവനം, കാലിത്തീറ്റ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സംഘങ്ങൾ വഴി നടപ്പാക്കി. നൂറോളം കുടുംബങ്ങൾ ഇതിൻ്റെ ഗുണഭോക്താക്കളായിട്ടുണ്ട്. മൈക്കാവ് വികാരിയായിരിക്കുമ്പോൾ ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസ്സിൻ്റെ സഹായത്താൽ വറുതിയുടെ നാളുകളിൽ അനേകർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനം നൽകി തയ്യൽ മെഷീനുകൾ വാങ്ങി നൽകി. വാസയോഗ്യമായ വീടുകളില്ലാതിരുന്ന അനേകർക്ക് സർക്കാരിൻ്റെയും സഭയുടെയും ബാങ്ക് വായ്പയുടെയും സഹായത്തോടെ വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
വിവിധ ഇടങ്ങളിലായി അനേകരെ കത്തോലിക്കാസഭാ കൂട്ടായ്മയിലേക്ക് ആകർഷിക്കുന്നതിന് അച്ചന് സാധിച്ചിട്ടുണ്ട്. ബത്തേരിയിലെ മൈക്കാവ് ഇടവകയിൽ വികാരിയായിരുന്ന കാലത്ത് 30ൽ അധികം കുടുംബങ്ങളെ സഭയിലേക്ക് ചേർത്തിട്ടുണ്ട്.
സുവിശേഷ പ്രസംഗകനായിരുന്ന അച്ചൻ അവിഭക്ത തിരുവനന്തപുരം അതിരൂപതയിലും ബത്തേരി രൂപതയിലും നിരവധി ദേവാലയങ്ങളിൽ കൺവെൻഷൻ പ്രസംഗം നടത്തിയിട്ടുണ്ട്. മലയാള അധ്യാപകനായിരുന്നതിനാൽതന്നെ അനർഗ്ഗള നിർഗളമായി മണിക്കൂറുകൾ അതീവ ഹൃദ്യമായി പ്രസംഗിക്കാൻ അച്ചന് സിദ്ധിവിശേഷമുണ്ടായിരുന്നു.
നിരവധി ലേഖനങ്ങൾ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന അച്ചൻ 6 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1) മാർത്തോമ്മ ശ്ലീഹായുടെ സിംഹാസനം. (ചരിത്ര ഗ്രന്ഥം)
2) ക്രൈസ്തവ പ്രതീകങ്ങൾ (പഠന ഗ്രന്ഥം)
3)മത സൗഹാർദ്ദം ഒരു പ്രായോഗിക വീക്ഷണം(സാമൂഹ്യ വിശകലന ഗ്രന്ഥം)
4) സ്മരണാഞ്ജലി ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് (പദയാത്ര മഞ്ജരി, പ്രാർത്ഥന, അപേക്ഷ, ഭജന)
5)സഹദാസ്തവം
(കീർത്തനങ്ങൾ)
6) മാർ തോമാ ശ്ലീഹായും ബ്രാഹ്മണരും (കൈയെഴുത്ത് പ്രതി).
പുനരൈക്യ വാർഷിക ആഘോഷങ്ങളിലെ റാലിയുടെ മുദ്രാവാക്യങ്ങൾ, മാർ ഈവാനിയോസ് പദയാത്ര മജ്ഞരിയിലെ ഗാനങ്ങൾ ഇങ്ങനെ അച്ചന്റെ സംഭാവനകൾ നിരവധിയാണ്.
ഇടവക ജീവിതത്തിൽ നിന്നു വിരമിച്ചതിനെ തുടർന്ന് അടൂരിനടുത്ത് പറക്കോടിൽ സ്ഥിരതാമസമാക്കി. വാർദ്ധക്യ സഹജമായ രോഗത്താൽ 2009 മെയ് 4ന് നിത്യ സമ്മാനത്തിനായി യാത്രയായി. മെയ് 6ന് മാതൃഇടവകയായ വകയാർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ അച്ചനെ സംസ്കരിച്ചു.
കടപ്പാട്: സജി വി. ജോൺ (മകൻ)
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil

Leave a comment