ചിന്തിക്കാം…
ധ്യാനിക്കാം…
പ്രാർത്ഥിക്കാം…
ഈശോയിൽ പ്രിയപ്പെട്ടവരേ,
സുവിശേഷത്തിൽ ‘അറിയുക’
(knowing) എന്ന വാക്കിന്റെ ആഴം വെളിപ്പെടുത്തുന്ന ദൈവവചന ഭാഗമാണ് ഇന്നത്തെ സുവിശേഷം (യോഹ 17/1-7). നിത്യപുരോഹിതനായ യേശു തന്റെ ശിഷ്യർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലൂടെ ഒരു കാര്യം അവരെ ഓർമപ്പെടുത്തി. “ഏകസത്യ ദൈവത്തെയും യേശുക്രിസ്തുവിനെയും ‘അറിയുക’ എന്നതാണ് നിത്യജീവൻ”. (യോഹ 17/3) എന്താണ് ഈ ‘അറിയുക’ എന്ന സുവിശേഷ പദത്തിന്റെ അർത്ഥം ? ഈ കാര്യത്തിൽ വ്യക്തത നല്കുന്ന മറ്റൊരു വചനം നമ്മുക്ക് ശ്രദ്ധിക്കാം. “സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം ദൈവം സ്നേഹമാണ്.”
(1 യോഹ 4/7-8). അപ്പോൾ, വചന ത്തിലെ അറിവും വചനത്തിലെ സ്നേഹവും തമ്മിൽ വലിയ ബന്ധം ഉണ്ട്. സ്നേഹത്തിലൂടെ രൂപപ്പെടുന്ന അറിവിലേക്കാണ് സുവിശേഷം നമ്മെ നയിക്കുന്നത്. ദൈവത്തെ സ്നേഹിക്കുമ്പോഴാണ് യഥാർത്ഥ അറിവ് ഉണ്ടാകുന്നത്. അതാണ് നിത്യജീവൻ എന്ന് യേശു പറയുകയും ചെയ്യുന്നു.
വചനത്തിൽ അറിവിന്റെയും (ജ്ഞാനം) സ്നേഹത്തിന്റെയും ഉറവിടം ഒന്ന് തന്നെ – പരിശുദ്ധാത്മാവ്.
നന്മയുള്ള സ്നേഹം നമ്മിൽ ചൊരിയുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്
പരിശുദ്ധാത്മാവ് നമ്മിൽ സജ്ജീവമാകുമ്പോൾ നമ്മൾ സ്നേഹത്തിൽ ജീവിക്കുന്നു; ദൈവത്തെ അറിഞ്ഞു തുടങ്ങുന്നു. അങ്ങനെ നിത്യജീവന്റെ സന്തോഷം നമ്മൾ അനുഭവിക്കുന്നു.
നല്ല ദിവസം! നന്മയുള്ള സ്നേഹവും ജ്ഞാനവും എല്ലാവരിലും നിറയട്ടെ !
റോയ് പുലിയുറുമ്പിൽ mcbs

Leave a comment