
രണ്ടു ദിവസം മുൻപാണ് കാലടിക്കു സമീപം പെരിയാറിന്റെ തീരത്തുനിന്നും ഒരു യുവാവ് ഫോൺ വിളിയ്ക്കുന്നു. “ചേട്ടാ, ഈ ജൂലൈയിൽ ഇടുക്കിഡാം തകരുമോ ? ഇവിടെ ആളുകൾ ഭീതിയിലാണ്. വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലയിലേക്ക് മാറ്റാൻ കഴിയുന്നവർ അങ്ങനെ ചെയ്യുന്നു. ചിലർ തിരുവില്ല്വാമലയിലേക്കു
വരെ താത്കാലികമായി താമസം മാറുന്നതിനെക്കുറിച്ചു പോലും പറയുന്നു!”
ആരാണീ മാരണം ഒപ്പിച്ചത് ?
നോസ്ട്രഡാമസിന്റെ പ്രവചനമാണെന്നാണ് പറയുന്നത്. ശ്രീ രാജീവ് ഗാന്ധി കൊല്ലപ്പെടും , രണ്ടു ലോകമഹായുദ്ധങ്ങൾ ഉണ്ടാകും, ശ്രീ നരേന്ദ്ര മോഡി ഇന്ത്യയിൽ അധികാരത്തിൽ വരും , രണ്ടുമലകൾ കൂട്ടിക്കെട്ടിയ ഇടുക്കി ഡാം തകരും എന്നൊക്കെ നോസ്ട്രഡാമസ് പ്രവചിച്ചു പോലും!
നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ പഠിക്കാതെ ഉത്തരം പറയുക അസാധ്യമായിരുന്നു. അഗാധമായിട്ടല്ലെങ്കിലും അതും അതേക്കുറിച്ചുള്ള ചില പഠനങ്ങളും ഒന്നുരണ്ടുവട്ടം വായിച്ചു. ഇപ്പറഞ്ഞതൊക്കെ നൂറുശതമാനം ഭാവനാവിലാസവും പച്ചക്കള്ളവും മാത്രം!
പതിനാറാം നൂറ്റാണ്ടിൽ കൃത്യമായി പറഞ്ഞാൽ 1555 നു മുൻപായി നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങൾ പൂർണ്ണമായും ഫ്രാൻസിനു ചുറ്റുമുള്ള രാജഭരണ സമൂഹങ്ങളെ കുറിച്ചായിരുന്നു. അതിനും പ്രവചനത്തിന്റെ യാതൊരു സ്വഭാവവും ഇല്ലായിരുന്നു താനും. ശരിക്കും പറഞ്ഞാൽ കേവലം ഊഹാപോഹങ്ങൾ പങ്കുവച്ച പതിനാറാം നൂറ്റാണ്ടിലെ ആറ്റുകാൽ രാധാകൃഷ്ണനായിരുന്നു ആ പാവം വൃദ്ധൻ. ലോകത്തു ജനാധിപത്യം വരുമെന്നോ അമേരിക്ക ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉണ്ടാകുമെന്നോ അദ്ദേഹം ഊഹിച്ചതേയില്ല.
അഗ്നിബാധകളും ഭൂകമ്പങ്ങളും പലതവണ പ്രവചിച്ചതിൽ ഒന്നോ രണ്ടോ തവണ സംഭവിച്ചു. നൂറുകണക്കിന് ഊഹാപോഹങ്ങളിൽ തൊണ്ണൂറ്റിയൊൻപതു ശതമാനവും പാഴായി. ഹിറ്റ്ലറെക്കുറിച്ചു നടത്തിയ പ്രവചനം പോലെയുള്ളവ നിരവധിയുണ്ടായി. അതിലൊന്ന് ഹിറ്റ്ലർക്ക് ചാർത്തിക്കൊടുത്ത് ചില ഭാവനവിലാസക്കാർ ഞെളിഞ്ഞുവെന്നു മാത്രം.
ഇനി ഇന്ത്യയിലേക്ക് വരാം . ഏഷ്യ എന്ന് ഒൻപതു തവണ മാത്രം പറഞ്ഞ നോസ്ട്രഡാമസ് ഇന്ത്യ എന്നോ ചൈന എന്നോ മിണ്ടിയിട്ടേയില്ല. കാരണമുണ്ട്. ഇന്നത്തെ ഇന്ത്യ എന്താണെന്ന് ഊഹിക്കാൻ അദ്ദേഹത്തിനാവില്ലായിരുന്നു. യൂറോപ്പിൽ നിന്ന് കപ്പലോടിച്ച് അമേരിക്കാ ഭൂഖണ്ഡത്തിൽ ചെന്ന് അതിനെ ഇന്ത്യയാണെന്ന് തെറ്റിദ്ധരിച്ച കൊളംബസിന്റെ ഒരുശതമാനം ലോകവിവരം പോലും നോസ്ട്രഡാമസിന് ഉണ്ടായിരുന്നില്ലായിരിക്കാം. പിന്നെയാണ് അക്കാലത്തു തുർക്മെനിസ്ഥാൻ മുതൽ തായ്‌ലാന്റുവരെയും തെക്കു ശ്രീലങ്കവരെയും ഇന്ത്യയാണെന്ന് ധരിച്ചിരുന്നവർ ഇപ്പോഴത്തെ ഇന്ത്യയിൽ രാജീവ് ബോംബുസ്ഫോടനത്തിൽ കൊല്ലപ്പെടുമെന്നും മോഡി അധികാരത്തിൽ വരുമെന്നും പ്രവചിക്കാൻ! പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞപോലെ എന്ന് പറഞ്ഞാൽ അതും ശരിയാകില്ല. മാവിലെറിഞ്ഞാലേ മാങ്ങാ വീഴൂ. ആൽമരത്തിൽ എറിഞ്ഞാൽ അതുണ്ടാകില്ല.
ആറ്റംബോംബിനെക്കുറിച്ചോ മിസൈലുകളെക്കുറിച്ചോ ഇസ്രയേലിനെക്കുറിച്ചോ സോവിയറ്റ് യൂണിയനെക്കുറിച്ചോ പ്രവചിക്കാൻ അദ്ദേഹത്തിനാകില്ലായിരുന്നു. ലോകത്തിലെ മറ്റു പ്രവാചകന്മാരെ പോലെ തന്നെ!
എങ്കിലും അദ്ദേഹം പ്രവചിക്കാൻ വിട്ടുപോയ പ്രധാനപ്പെട്ട സംഗതി ഏതാണെന്നു ചോദിച്ചാൽ ഇന്ത്യയിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ‘പിത്രുശൂന്യരായി’ പിറക്കുന്നവർ തന്റെ പേരിൽ വ്യാജപ്രചാരണങ്ങൾ പടച്ചുവിടുമെന്നുള്ളതായിരുന്നു എന്നു തോന്നുന്നു.
നോക്കൂ കോവിഡ് രോഗം അദ്ദേഹം പ്രവചിച്ചിരുന്നുവത്രെ! വസൂരിക്ക് മരുന്നുണ്ടാകുമെന്നു പ്രവചിക്കാൻ പറ്റാത്തയാൾ കോവിടല്ല കോപ്പാണ് പ്രവചിച്ചത്.
ഇനി ഡാമിന്റെ കാര്യം പറയാം. രണ്ടു മലകൾ കൂട്ടിയുണ്ടാക്കിയ ഡാം തകരുമത്രെ! അതും 2020 ജൂലൈ ഇരുപതാം തിയതിയോ മറ്റോ! പടച്ചു വിടുന്ന ‘ശവ’ത്തിനറിയാത്ത ഒരു കാര്യമുണ്ട്. ലോകത്തിലെ എല്ലാ വലിയ ഡാമുകളും രണ്ടോ അതിലധികമോ മലകളെ ബന്ധിപ്പിച്ചു പണിതവയാണ്. ആണും പെണ്ണും കല്യാണം കഴിച്ചുണ്ടാകുന്ന കുട്ടി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയുടെ പ്രസിഡന്റാകും എന്നു പ്രവചിച്ചപോലെ!
എനിക്ക് ശ്രീ നോസ്ട്രഡാമസ് എന്ന പരേതനായ വന്ദ്യ വയോധികനോട് യാതൊരു ബഹുമാനക്കുറവുമില്ല. അദ്ദേഹം ഫ്ലോറൻസിനെക്കുറിച്ചും ഫ്രാൻസിനെക്കുറിച്ചും പ്രവചനങ്ങൾ പോലെ പലതും പറഞ്ഞുവെച്ചു. ബെൽജിയത്തെകുറിച്ചോ നെതെർലാൻഡ്സിനെക്കുറിച്ചോ പാക്കിസ്ഥാനെക്കുറിച്ചോ പറയാൻ അന്ന് ആ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നില്ല.
ഒരുകാര്യം കൂടി പറയട്ടെ നോസ്ട്ര’ഡാ’മസിന്റെ പേരിലുള്ള ഡാം അല്ലാതെ ഡാം എന്ന വാക്കുപോലും ഈ പ്രവചനങ്ങളിൽ കാണാൻ കഴിഞ്ഞില്ല.
തൊണ്ണൂറ്റിയൊൻപതു ശതമാനം ഊഹാപോഹങ്ങളും പിഴച്ചുപോയ ശ്രീ നോസ്ട്രഡാമസിന്റേതെന്നു പറഞ്ഞു നിങ്ങളുടെ ഫോണിലേക്കു സന്ദേശമയച്ചു നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും സന്ദേഹികളാക്കുന്നവൻ നിങ്ങളുടെ സുഹൃത്തല്ല. അവനെ സൗഹൃദവലയത്തിൽ ഇനിയും കൊണ്ടുപോകണോ എന്നു നിങ്ങൾ ചിന്തിക്കണം.
ഒരു ജനതയെ അപ്പാടെ ഭീതിയിയിലാഴ്ത്തുന്ന ഇത്തരം പ്രചാരകരെ പിടിച്ചു ജയിലിൽ അടക്കുകയോ ക്വാറന്റൈനിൽ ആക്കുകയോ ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും ഓർമ്മിപ്പിക്കുന്നു.
– Lal Thachayath

Leave a comment