ചിന്തിക്കാം…
ധ്യാനിക്കാം…
പ്രാർത്ഥിക്കാം…
ഈശോയിൽ പ്രിയപ്പെട്ടവരേ,
ഇന്ന് സകല വിശുദ്ധരുടെയും രാജ്ഞിയായ മറിയത്തിന്റെ ഓർമ നൽകുന്ന വചനഭാഗവും
(Lk 1/39-45), ഉയിർപ്പ്കാലം ആരാധനക്രമവചനഭാഗവും (Mt 18/23-35) നമ്മുക്ക് ധ്യാനിക്കാം. എല്ലാ മനുഷ്യരെയും ദൈവികമായി ചലിപ്പിക്കാൻ പറ്റിയ ശക്തമായ പരിശുദ്ധാത്മ അഭിഷേകവും വിശുദ്ധിയുടെ നിറവും മറിയത്തിൽ ഉണ്ടെന്ന് വചനം സൂചിപ്പിക്കുന്നു. “മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.”
(Lk 1/41) മറിയത്തിന്റെ അഭിഷേകം കാണുക! ഇതാണ് മറിയത്തെ സകല വിശുദ്ധരുടെയും രാജ്ഞിയാക്കി മാറ്റുന്നത്.
എന്റെ മുൻപിൽ വരുന്ന ഓരോരുത്തരെയും കാണുമ്പോൾ, ഇടപെടുമ്പോൾ, സംസാരിക്കുമ്പോൾ
ദൈവം എന്നോട് കാണിച്ച ഔദാര്യവും സ്‌നേഹവും കാരുണ്യവും ക്ഷമയും മനസ്സിൽ സൂക്ഷിക്കണമെന്ന് പഠിപ്പിക്കുന്ന വചനഭാഗമാണ് (Mt 18/23-35) രണ്ടാമത് നാം ധ്യാനിക്കുക. ദൈവത്തിൽനിന്നു നാം സ്വീകരിക്കുന്ന സ്നേഹവും കാരുണ്യവും ഔദാര്യവും അനുദിന ജീവിതത്തിലെ വലിയ ഒരു ഉത്തരവാദിത്വ ത്തിലേക്ക് നമ്മെ നയിക്കുകയാണ്. ദൈവം അതാണ് നമ്മിൽ നിന്നും ആഗ്രഹിക്കുക. “ഞാൻ നിന്നോട് കരുണ കാണിച്ചതുപ്പോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?”
(Mt 18/31)
ദൈവം നമ്മോടു കരുണയും സ്നേഹവും കാണിക്കുന്നത്, നാം ഈ ഭൂമിയിൽ നന്നായി ജീവിക്കാനാണ്. സഹോദരങ്ങൾക്കു അതേ സ്നേഹവും ഔദാര്യവും കാരുണ്യവും കൊടുക്കാനാണ്.
സകല വിശുദ്ധരുടെയും രാജ്ഞിയായ മറിയത്തിന്റെ വലിയ അഭിഷേകവും ദൈവം നമ്മോടു കാണിക്കുന്ന സ്നേഹവും കരുണയും ഔദാര്യവും എല്ലാവർക്കും കൊടുക്കാൻ നമ്മുക്ക് ഇടയാകട്ടെ !
നല്ല ദിവസം !
– റോയ് പുലിയുറുമ്പിൽ mcbs

Leave a comment