പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീതന്നെയാണ് ഞാന്‍. ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.(1 സാമുവല്‍, 1;26-27)” കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ഞങ്ങളുടെ കുഞ്ഞു മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാലിത്തൊഴുത്തിൽ പിറന്നു കൊണ്ട്, ഈജിപ്തിലേക്ക് പാലായനം ചെയ്ത് , മാതാപിതാക്കളെ സഹായിച്ചു കൊണ്ട് അവിടുത്തെ ഭൂമിയിലെ ആദ്യ ദിനങ്ങൾ കടന്നു പോയി. മനുഷ്യനായി പിറന്ന, അവിടുന്ന് മനുഷ്യ ജീവിതത്തിലെ ബാലാരിഷ്ടകളിൽ കൂടിയും, കഷ്ടതകളിൽ കൂടിയും ദൈവ ഹിത പ്രകാരം ജീവിച്ചു. കർത്താവെ, ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. അവരുടെ സ്വപ്നങ്ങളെ നിറവേറ്റി നല്കണമേ. ശുഭകരമായ ഒരു ഭാവിയും പ്രത്യാശയും എല്ലായ്പ്പോഴും അവർക്ക് ഉണ്ടാകട്ടെ.
നാഥാ, ഇന്നേ ദിനത്തിൽ പ്രത്യകമായി മാതാപിതാക്കളാൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓർക്കുന്നു. ഉദരത്തിന്റെ സുരക്ഷതിതത്വത്തിൽ വച്ച് കൊല്ലപ്പെട്ടവർ, ഭൂമിയിലെ ജനന ശേഷം കൊല്ലപ്പെട്ടവർ,തുടങ്ങി ജീവിക്കുവാൻ അവകാശം നിഷേധിക്കപ്പെട്ട കുഞ്ഞുമക്കളെ അങ്ങയുടെ സന്നിധിയിലേക്ക് ഉയർത്തി പ്രാർത്ഥിക്കുന്നു. ദൈവമേ അങ്ങയുടെ സ്വർഗ്ഗരാജ്യത്തിൽ അവരെ മാലഖമാരോട് ഒപ്പം പാർപ്പിക്കണമേ. കിണഞ്ഞു പരിശ്രമിച്ചിട്ടും, നിലവിളിച്ചു പ്രാർത്ഥിച്ചിട്ടും അങ്ങയുടെ സന്നിധിയിലേക്ക് അവിടുന്ന് തിരികെ വിളിച്ച കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു. ദൈവമേ അവരെ ആശ്വസിപ്പിക്കണമേ. ദൈവത്തിന്റെ പദ്ധതിയെ ഗ്രഹിക്കുവാൻ മനുഷ്യന് സാധ്യമല്ലല്ലോ. മാതാപിതാക്കളെ നഷ്ടപെട്ട കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ കുഞ്ഞുങ്ങൾക്ക് കാവലാളായി മാലാഖമാരെ നിയോഗിക്കണമേ. സ്വർഗ്ഗത്തിന്റെ സന്തോഷം ഭൂമിയിൽ അനുഭവിക്കുവാൻ അവർക്ക് സാധിക്കട്ടെ. തെരുവീഥിയിൽ അലയുന്ന ബാല്യങ്ങളോട് കുറെ കൂടി കരുണ കാണിക്കുവാൻ സഹായിക്കണമേ. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളോട് സഹ അനുഭൂതിയുള്ളവരാകുവാൻ കൃപ നല്കണമേ. കുറ്റവാളികൾ ആയ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ നന്മയിലേക്ക് വളർത്തണമേ . വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന മക്കളെ സമർദ്ധിയിലേക്ക് നയിക്കണമേ. കർത്താവെ, കോവിഡ് ബാധിതരായ കുഞ്ഞുങ്ങളെയും മാതാപിതാക്കൾ കോവിഡ് ബാധിതർ ആയതിനാൽ വിഷമിക്കുന്ന കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ ആശ്വസിപ്പിക്കണമേ. സ്കൂളിൽ പോകുവാൻ ഒരുങ്ങുന്നവർക്കും വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ദൈവത്തിന്റെ പ്രത്യക സംരക്ഷണം അനുഭവവേദ്യമാകട്ടെ. എല്ലാ കുഞ്ഞുങ്ങൾക്കും ദൈവത്തിന്റെ വലിയ സംരക്ഷണവും സ്നേഹവും അനുഭവിക്കുവാൻ ഇടകൊടുക്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment